2008ലെ മുംബൈ ഭീകരാക്രമണത്തില്‍ രാജ്യത്തിനായി ജീവത്യാഗം ചെയ്ത മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് 'മേജർ'. ഈ ചിത്രം പ്രഖ്യാപന വേളയിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിൻ്റെ പുതിയ വിശേഷം ഇതാണ്. മേജറിലെ നായികയായ സായി മഞ്ജേക്കറിൻ്റെ ആദ്യ ഗ്ലിംസ് പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണനും ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച അദിവി ശേഷും തമ്മിലുള്ള അപാര സാമ്യത വലിയ ചർച്ചയായി മാറിയിരുന്നു.
ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രമായ സായി മഞ്ജേക്കറിൻ്റെ ലുക്ക് ശ്രദ്ധ നേടുകയാണ്. ഇതോടൊപ്പം ഏപ്രിൽ 12ന് ചിത്രത്തിൻ്റെ ടീസർ പുറത്ത് വിടാനൊരുങ്ങുകയാണ് അണിയറപ്രവർത്തകരും. 1990കളിൽ നടക്കുന്ന കഥയായതിനാൽ തന്നെ പശ്ചാത്തലവും അത്തരത്തിലാണ്. അദിവി ശേഷും സായി മഞ്ചേക്കറും സ്കൂൾ യൂണിഫോമിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫ്രാങ്ക് ആൻ്റണി പബ്ലിക്ക് സ്കൂളിലെ യൂണിഫോമിലാണ് ഇരുവരും.
സന്ദീപ് ഡിഫെൻസ് അക്കാഡമിയിലേക്ക് പോയപ്പോൾ തൻ്റെ സങ്കടം വെളിപ്പെടുത്താനായി സന്ദീപിൻറെ സുഹൃത്ത് സന്ദീപിനായി സ്വന്തം കൈപ്പടയിലെഴുതിയ കത്താണ് പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നതാണ് മറ്റൊരു സവിശേഷത. പോസ്റ്ററിൽ സായി മഞ്ചേക്കറും ആദിവി ശേഷുമായുള്ള സവിശേഷമായ ബന്ധത്തെ വ്യക്തമാക്കുന്നതാണ്. സ്കൂൾ കാലത്തിന് ശേഷവും ഇരുവരും ഒരുപാട് കാലത്തോളം ബന്ധം കാത്തു സൂക്ഷിച്ചിരുന്നതായി വ്യക്തമാണെന്ന് അണിയറപ്രവർത്തകർ പറയുന്നു.