മലയാള സിനിമയിലെ ഒഴിച്ചുകൂടാനാവാത്ത താരമാണ് കുതിരവട്ടം പപ്പു എന്ന പത്മദളാക്ഷന്‍. 'താമരശ്ശേരി ചുരമിമില്ലേ...ഞമ്മടെ താമരശ്ശേരി ചുരം, ഞമ്മളും എഞ്ചിനും കൂടി ഇങ്ങനെ പറപറക്കുവായിരുന്നു' മലയാളക്കരയെ എന്നെന്നും ചിരിപ്പിച്ച ഹാസ്യനടനെ ഓര്‍ക്കാന്‍ ഈ ഒരൊറ്റ ഡയലോഗ് മാത്രം മതിയാകും. അത്രത്തോളമുണ്ട് കുതിരവട്ടം പപ്പുവിന്റെ നര്‍മം.
അനശ്വര നടന്‍ ജയന്‍ അഭിനയിച്ച അങ്ങാടിയിലെ പാവാട വേണം മേലാട വേണം എന്ന പാട്ടിലൂടെ കുതിരവട്ടം പപ്പുവിന്റെ വേറിട്ട അഭിനയ ശൈലിയും പ്രേക്ഷകര്‍ കണ്ടു, പപ്പുവിന്റെ അഭിനയ മുഹൂര്‍ത്തത്തില്‍ വന്ദനം,വെള്ളാനകളുടെ നാട്, ഒടുവില്‍ ദിലീപുമായി ഒരുിച്ച് എത്തിയ ചന്ദ്രനുദിക്കുന്ന ദിക്കില്‍ വരെയുള്ള ചിത്രത്തില്‍ അദ്ദേഹം മലയാളികളെ ചിരിപ്പിച്ചാണ് യാത്രയായത്. 2000 ഫെബ്രുവരി 25നാണ് പപ്പു അന്തരിച്ചത്.ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലാണ് പപ്പു അന്തരിച്ചത്.

ആയിരത്തിലേറെ മലയാള സിനിമകളില്‍ പപ്പു അഭിനയിച്ചു. വൈക്കം മുഹമ്മദ് ആണ് പത്മദളാക്ഷന്‍ എന്ന പേര് കുതിരവട്ടം പപ്പു എന്നാക്കിയത്. ഭാര്‍ഗവീ നിലയത്തിലൂടെ പത്മദളാക്ഷനെ കുതിരവട്ടം പപ്പു എന്ന പേര് ബഷീര്‍ സമ്മാനിച്ചു.
പിന്നീട് ജീവിതയാത്ര മുഴുവനും കുതിരവട്ടം പപ്പു എന്ന പേര് അദ്ദേഹത്തിന് സ്വന്തമായിരുന്നു. മലയാള സിനിമയില്‍ പപ്പുസ്റ്റൈല്‍ എന്ന പേരില്‍ തന്റെ ഭാഷാ സാന്നിധ്യം പിന്നീട് ശ്രദ്ധിക്കപ്പെട്ടു. കോഴിക്കോടന്‍ ഭാഷയെ അതി സുന്ദരമായി പപ്പു വെള്ളിത്തിരയിലെത്തിച്ചപ്പോള്‍ അതുവരെ ആരും നല്‍കാത്ത ആഖ്യാന ശൈലിയാണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് തുറന്നിട്ടത്.

1937 ഡിസംബര്‍ 24ന് കോഴിക്കോട് ഫറോക്കില്‍ ആണ് പപ്പു ജനിച്ചത്. പണകോട് രാമനും ദേവിയുമാണ് മാതാപിതാക്കള്‍. നാടകത്തിലൂടെ കോഴിക്കോടന്‍ ശൈലിയുമായി എത്തിയ പപ്പു പിന്നീട് സിനിമയിലേക്ക് കാല്‍വച്ചു കയറി. 17-ാം വയസ്സിലാണ് അദ്ദേഹം ആദ്യമായി നാടകത്തില്‍ അഭിനയിച്ചത്. അന്ന് കോഴിക്കോട് സെന്റ് ആന്റണീസ് സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിരുന്നു അദ്ദേഹം.
പത്തൊന്‍പതാം വയസില്‍ തുടങ്ങിയ അഭിനയ അധിനിവേഷത്തില്‍ പലവേഷങ്ങളിലും പല രൂപങ്ങളിലുമായി ആയിരത്തിലധികം സിനിമകളിലൂടെ അദ്ദേഹത്തെ മലയാളികള്‍ കണ്ടു. അമച്വര്‍ നാടകങ്ങളും രണ്ട് പ്രൊഫഷണല്‍ നാടകവുമുള്‍പ്പടെ തിരശ്ശീലയ്ക്ക് മുന്നിലും തന്റെ അഭിനയ പ്രതിഭയെ തുറന്നുകാട്ടി. മികച്ച ഹാസ്യനടനുള്ള പുരസ്‌കാരവും നാടകത്തിലൂടെ അദ്ദേഹത്തെ തേടിയെത്തി.കുഞ്ഞാണ്ടി, നെല്ലിക്കോട് ഭാസ്‌കരന്‍, തിക്കോടിയന്‍, കെ ടി മുഹമ്മദ് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. മുടിയാനയ പുത്രന്‍ എന്ന നാടകത്തിലെ പപ്പുവിന്റെ അഭിനയത്തില്‍ ആകൃഷ്ടരായി രാമു കര്യാട്ടും എ വിന്‍സന്റും മൂടുപടം എന്ന ചിത്രത്തില്‍ പപ്പുവിന് അവസരം നല്‍കി

അഭിനയിച്ച സംഭാഷണങ്ങളിലൂടെ പപ്പു ഇപ്പോഴും ജനഹൃദയങ്ങളില്‍ ജീവിക്കുന്നുണ്ട്. അതില്‍ എടുത്ത് പറയേണ്ട ഡയലോഗ് തന്നെയാണ് വന്ദനത്തിലെ ഫ്രീക്കന്‍ മകനും 'തേന്മാവിന്‍ കൊമ്പത്തിലെ 'അമ്മാവന്‍ കഥാപാത്രവും മണിച്ചിത്രത്താഴിലെ കൃഷ്ണന്‍കുട്ടി ചേട്ടനുമെല്ലാം.
വലിയ സംഭാഷണങ്ങള്‍ ഒന്നുമില്ലെങ്കിലും കിട്ടിയ ഒറ്ററോള്‍ അദ്ദേഹം കലക്കും. വാര്യംപള്ളിയിലെ മീനാക്ഷിയല്ലിയോ, താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക്, താമരശ്ശേരി ചുരം തുടങ്ങി, നിരവധി നര്‍മങ്ങള്‍ പപ്പു മലയാളികള്‍ക്ക് സമ്മാനിച്ചു. അവസാനമായി അഭിനയിച്ച ഹാസ്യറോള്‍ ചന്ദ്രനുദിക്കുന്ന ദിക്കിലെ കഥാപാത്രവും പപ്പൂവിന്റെ നര്‍മം വിതറിയ കഥാപാത്രമായിരുന്നു. നരസിംഹത്തിലെ കാരണവരുടെ റോളാണ് അവസാനമായി പപ്പു അഭിനയിച്ച് നിര്‍ത്തിയ ചിത്രം.

'അങ്ങാടിയിലെ പാവാട വേണം മേലാട വേണം'എന്ന പാട്ടും പിന്നീട് സിനിമയിലെ കരയിപ്പിക്കുന്ന പപ്പുവിന്റെ കഥാപാത്രവും വേറിട്ട ആസ്വാദന മികവാണ് പ്രേക്ഷകന് സമ്മാനിച്ചത്. പത്മിനിയാണ് പപ്പുവിന്റെ ഭാര്യ. ബിന്ദു, ബിജു, ബിനു എന്നിവര്‍ മക്കളും.