വിവിധ ഭാഷകളിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് 18ന് തുടക്കമാകും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, പഞ്ചാബി, ഭോജ്പുരി തുടങ്ങി വിവിധ ഭാഷകളിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ അണിനിരക്കുന്ന ടീമുകളാണ് മാറ്റുരയ്ക്കുന്നത്. 19ന് തിരുവനന്തപുരത്ത് കേരളത്തിന്റെ ആദ്യ മത്സരത്തില്‍ കേരള സ്‌ട്രൈക്കേഴ്‌സ് തെലുങ്ക് വാരിയേഴ്‌സിനെ നേരിടും.
ഇപ്പോള്‍ ചിത്രീകരണ തിരക്കില്‍നിന്നെല്ലാം ഇടവേളെയെടുത്ത് പരീശിലനത്തില്‍ മുഴുകിയിരിക്കുകയാണ് ടീം ക്യാപ്ടനായി എത്തുന്ന കുഞ്ചാക്കോ ബോബന്‍.ബാറ്റിംഗ്, ബോളിങ്ങ്, ഫീല്‍ഡിങ്ങ് എന്നിവയില്‍ പരിശീലനം നേടുകയാണ് ചാക്കോച്ചന്‍. താരങ്ങളെല്ലാവരും ഒന്നിച്ച് എത്തിയ കര്‍ട്ടണ്‍ റൈസിന്റെ ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.
ഫെബ്രുവരി 18 നാണ് ലീഗ് ആരംഭിക്കുന്നത്. താരങ്ങള്‍ എല്ലാവരും ഒന്നിച്ച് മൈതാനത്ത് ഇറങ്ങുന്നത് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ഉണ്ണി മുകുന്ദന്‍, രാജീവ് പിള്ള, അര്‍ജന്‍ നന്ദകുമാര്‍, സിദ്ധാര്‍ത്ഥ് മേനോന്‍, വിവേക് ഗോപന്‍, ഷഫീഖ് റഹ്മാന്‍, വിനു മോഹന്‍, സൈജു കുറുപ്പ്, ആന്റണി വര്‍ഗീസ്, നിഖില്‍ കെ. മേനോന്‍, ജീന്‍ പോള്‍ലാല്‍, പ്രജോദ് കലാഭവന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, സഞ്ജു ശിവറാം എന്നിവരാണ് ടീം അംഗങ്ങള്‍. മനു ചന്ദ്രനാണ് പരിശീലകന്‍.
കേരള സ്‌ട്രൈക്കേഴ്‌സിന് ആ കളി മാത്രമാണ് സ്വന്തം ആരാധകര്‍ക്ക് മുന്നിലുള്ളത്. മാര്‍ച്ച് 19ന് ഹൈദരാബാദിലാണ് ഫൈനല്‍. ആകെ 19 മത്സരങ്ങളാണുള്ളത്. എല്ലാം വാരാന്ത്യങ്ങളിലായിരിക്കും. പാര്‍ലെ ബിസ്‌കറ്റാണ് ടൈറ്റില്‍ സ്‌പോണ്‍സര്‍.
ഇത്തവണ പുതിയ മത്സരഘടനയുമായാണ് സിസിഎല്‍ എത്തുന്നത്. ടെസ്റ്റ് മത്സരങ്ങളുടെയും ട്വന്റി-20 മത്സരങ്ങളുടെയും സംയോജിതരൂപമാണ് പുതിയ ഘടനയിലുള്ളത്. ആദ്യം ഇരുടീമും 10 ഓവര്‍ വീതം ബാറ്റ് ചെയ്യും. തുടര്‍ന്ന് ആദ്യം ബാറ്റ് ചെയ്ത ടീം വീണ്ടും 10 ഓവര്‍ ബാറ്റ് ചെയ്യും. പിന്നീട് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ അടുത്ത ടീമിന് വീണ്ടും ബാറ്റിങ് അനുവദിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടക്കുന്ന സിസിഎല്ലില്‍ മലയാളത്തെ പ്രതിനിധാനം ചെയ്യുന്നത് കേരള സ്‌ട്രൈക്കേഴ്‌സാണ്. കുഞ്ചാക്കോ ബോബനാണ് ക്യാപ്റ്റനും ബ്രാന്‍ഡ് അംബാസഡറും. ദീപ്തി സതിയും പ്രയാഗ മാര്‍ട്ടിനുമാണ് വനിതാ അംബാസഡര്‍മാര്‍