മലയാളത്തില്‍ മാത്രമല്ല മറ്റനേകം ഇന്ത്യന്‍ ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ച് ശ്രോതാക്കളെ വിസ്മയിപ്പിച്ചിട്ടുള്ള ഗായികയാണ് കെ.എസ്. ചിത്ര. ഇപ്പോഴിതാ വീണ്ടും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് കേരളത്തിന്റെ സ്വന്തം വാനമ്പാടി. ഇത്തവണ ബഞ്ചാര ഭാഷയില്‍ ആദ്യമായി ഗാനമാലപിച്ചാണ് മലയാളത്തിന്റെ പ്രിയ ഗായിക റെക്കോഡിട്ടത്.
രാജസ്ഥാനിലെ ഒരു ഗോത്രവര്‍ഗ ഭാഷയായ 'ബഞ്ചാര'യില്‍ പാട്ട് പാടിയിരിക്കുകയാണ് ചിത്ര. 'ആംദാര്‍ നിവാസ്' എന്ന ബംജാര ചിത്രത്തിലെ ഗാനമാണ് കഴിഞ്ഞ ദിവസം റെക്കോര്‍ഡ് ചെയ്തത്.എം. എല്‍ രാജ സംഗീതം നല്‍കിയ ഗാനത്തിന് വിനായക് പവാര്‍ ആണ് വരികളെഴുതിയിരിക്കുന്നത്. ചിത്രയെ കൂടാതെ ബഞ്ചാര ഗോത്രത്തില്‍ നിന്ന് പുറത്തുള്ള ഒരാള്‍ മാത്രമേ പിന്നണി പാടിയിട്ടൊളളൂ, അത് എസ്. പി ബാലസുബ്രഹ്മണ്യം ആയിരുന്നു. സ്വന്തമായി ലിപിയില്ലാത്ത ഭാഷയായതിനാല്‍ തന്നെ തെലുങ്കിലും ദേവനാഗിരിയിലുമാണ് ബഞ്ചാര എഴുതുന്നത്.
കെ. എസ് ചിത്ര ആലപിക്കുന്ന ഇരുപത്തിരണ്ടാമത്തെ ഇന്ത്യന് ഭാഷയാണ് ബഞ്ചാര. ചിത്ര തന്നെയാണ് വിവരം പങ്കുവെച്ചത്.ബഞ്ചാര ഭാഷയില്‍ പാട്ട് പാടാന്‍ താന്‍ ശ്രമിച്ചെന്നും ഇത് തന്റെ ആദ്യ അനുഭവമാണെന്നും ചിത്ര കുറിച്ചു. ഒപ്പം ചിത്രത്തിന്റെ അണിയപ്രവര്‍ത്തകരോട് ഗായിക നന്ദി അറിയിച്ചിട്ടുമുണ്ട്. ഗോത്രത്തിന്റെ പരമ്പരാഗതമായ വേഷം ധരിച്ചാണ് ചിത്ര ഗാനം റെക്കോര്‍ഡ് ചെയ്യാനെത്തിയത്.
വിവധ ഭാഷകളിലായി 25000 ഗാനങ്ങളാണ് ചിത്ര ഇതുവരെ പാടിയിരിക്കുന്നത്. പാട്ട് പാടുന്നതിലൂടെ ഇത്തരത്തില്‍ നിരവധി റെക്കോര്‍ഡുകളും കെ. എസ് ചിത്ര സൃഷ്ടിച്ചിട്ടുണ്ട്.ചിത്രയെക്കൊണ്ട് പാട്ട് പാടിപ്പിക്കാനായതിന്റെ സന്തോഷം സംവിധായകന്‍ സഞ്ജീവ് കുമാര്‍ റാത്തോഡും പങ്കുവച്ചു. വിവിധ ഭാഷകളിലായി 25000ലധികം പാട്ടുകള്‍ പാടിയ മഹാപ്രതിഭയ്ക്കൊപ്പം കൈ കോര്‍ക്കാനായത് തന്റെ ഭാഗ്യമാണെന്ന് അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.