ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് എന്റര്‍ടൈനര്‍ ചിത്രം 'കിംഗ് ഓഫ് കൊത്ത'യുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സ്‌റ്റൈലിഷ് ലുക്കിലാണ് കിംഗ് ഓഫ് കൊത്തയിലെ സെക്കന്‍ഡ് ലുക്ക് പോസ്റ്ററില്‍ ദുല്‍ഖര്‍ എത്തിയിരിക്കുന്നത്. തിയേറ്ററില്‍ ദൃശ്യവിസ്മയം തീര്‍ക്കുന്ന ഒരു മാസ്സ് എന്റര്‍ടൈനര്‍ ആയിരിക്കും കിംഗ് ഓഫ് കൊത്തയെന്ന് പോസ്റ്റര്‍ സൂചന തരുന്നു.
അഭിലാഷ് ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് കിങ്ങ് ഓഫ് കൊത്ത. 2023 ഓണം റിലീസായെത്തുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. അഭിലാഷ് എന്‍ ചന്ദ്രനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, ഗോകുല്‍ സുരേഷ് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചതിനൊപ്പം ഒരു കുറിപ്പും പങ്കുവച്ചിരിക്കുകയാണ് ദുല്‍ഖര്‍. പതിനൊന്നു വര്‍ഷമായി ദുല്‍ഖര്‍ സല്‍മാന്‍ സിനിമാ മേഖലയിലെത്തിയിട്ട്. 2012ല്‍ പുറത്തിറങ്ങിയ സെക്കന്റ് ഷോഎന്ന ചിത്രത്തിലൂടെയായിരുന്നു ദുല്‍ഖറിന്റെ അരങ്ങേറ്റം.
എന്റെ ആദ്യ ചിത്രം റിലീസിനെത്തിയിട്ട് ഇന്നേയ്ക്ക് പതിനൊന്നു വര്‍ഷമാകുന്നു. വളരെ യാദര്‍ച്ഛികമെന്നോണം ചിത്രത്തിന്റെ പേര് സെക്കന്റ് ഷോയെന്നാണ്. അഭിനയ ജീവിത്തിന്റെ രണ്ടാം പാദത്തിലെത്തി നില്‍ക്കുമ്പോള്‍ ഒരു നടനെന്ന നിലയില്‍ കൂടുതല്‍ വളരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ കൂടെ പ്രവര്‍ത്തിച്ച സംവിധായകര്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ഒപ്പം ആരാധകരെയും നന്ദിയോടെ ഓര്‍മിക്കുന്നു.
നിങ്ങള്‍ നല്‍കുന്ന സ്നേഹവും പ്രോത്സാഹനവുമാണ് എന്നെ മുന്നോട്ടു നടക്കാന്‍ പ്രേരിപ്പിക്കുന്നത്.എന്നെ വിമര്‍ശിക്കുന്നവര്‍ക്കും നന്ദി, നിങ്ങള്‍ കാരണമാണ് ഞാന്‍ ചില വ്യത്യസ്തമായ പരീക്ഷണങ്ങള്‍ ചെയ്യുന്നത്. എന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും നന്ദി അറിയിക്കുന്നു ദുല്‍ഖര്‍ കുറിച്ചു. സിനിമാലോകവുമായി താന്‍ പ്രണയത്തിലാണെന്നും ദുല്‍ഖര്‍ പറയുന്നു.
ആര്‍ ബാല്‍ക്കിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ബോളിവുഡ് ചിത്രം ചുപ് ബ്ലോക്ക് ബസ്റ്റര്‍ ചിത്രംസീതാരാമം എന്നിവയാണ് ദുല്‍ഖറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍.