തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലെ സസ്‌പെന്‍ഷന്‍ പോരാ, തല്ലിപ്പൊളി വണ്ടിയാണ്, മാതാ ജെറ്റ് വിളിച്ചാ മതിയായിരുന്നു.. ഈ ഡയലോഗ് അത്രപെട്ടെന്ന് ഒന്ന് തന്നെ മറക്കാൻ കഴിയില്ല. ചിത്രത്തില്‍ മാതാ ജെറ്റ് ഒരു നാട്ടിലെ ജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യാത്ര ഒരുക്കുന്ന ബസാണ് . എന്നാൽ ഇപ്പോള്‍ ഈ പേരില്‍ തന്നെ റൂട്ടില്‍ ഓടിയിരുന്ന മാതാ ജെറ്റ് എന്ന ബസിന്റെ അവസ്ഥ പരിതാപകരമാണ്. സോഷ്യല്‍ മീഡിയകളില്‍ ബസിന്റെ ചിത്രങ്ങളും മറ്റും ഇത് തെളിയിക്കുന്നുണ്ട്.
മാതാ ജെറ്റിന്റെ ഇപ്പോഴത്തെ അവസ്ഥ പങ്കുവെച്ചിരിക്കുന്നത് നടന്‍ കിച്ചു ടെല്ലസാണ്. ഈ ബസിന്റെ ഡ്രൈവര്‍ വേഷത്തില്‍ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തില്‍ എത്തിയത് കിച്ചു ടെല്ലസ് ആയിരുന്നു. കോവിഡ് പ്രതിസന്ധിയാണ് ബസിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്ന് നടന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ആതിരപ്പള്ളി വാഴച്ചാല്‍ പുളിയിലപ്പാറ റൂട്ടിലാണ് മാതാ ജെറ്റ് ബസ് സര്‍വീസ് നടത്തിയിരുന്നത്.
കിച്ചു ടെല്ലസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം, ചാലക്കുടി-അതിരപ്പിള്ളി-പുളിയിലപ്പാറ റൂട്ടില്‍ സര്‍വ്വീസ് നടത്തിയിരുന്ന ചാലക്കുടിക്കാരുടെ സ്വന്തം മാതാ ജെറ്റ്... തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയില്‍ ഭാഗമായി, സിനിമയിലെ ജെയ്‌സന്‍ പറയുന്ന സസ്പെന്‍ഷന്‍ പോരാ തല്ലിപൊളി വണ്ടിയാണ് മാതാ ജെറ്റ് വിളിക്കായിരുന്നു എന്ന ഹിറ്റ് fame ആയ ബസ് മാതാ ജെറ്റിന്റെ ഡ്രൈവറായി. ഞാനും ഒന്നു മിന്നിയാരുന്നു..
എന്നാല്‍ കോവിഡിന്റെ വരവോട് കൂടി എല്ലാം തകര്‍ന്നു ഓട്ടം അവസാനിപ്പിച്ചു ഏഴാറ്റുമുഖത്ത് റോഡ് സൈഡില്‍ ആര്‍ക്കും വേണ്ടാതെ മഴയും, വെയിലും കൊണ്ട് കിടക്കുന്ന മാതാ ജെറ്റിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടപ്പോള്‍ ചെറിയൊരു വെഷമം.