ബോളിവുഡ് സുന്ദരി കങ്കണ റാവത്തിന്റെ മണികര്‍ണിക ഇറങ്ങുന്നതിന് മുന്‍പ് തന്നെ ഝാന്‍സിയെ അപമാനിക്കുന്നെന്ന് ആരോപിച്ചും കര്‍ണിസേന രംഗത്തെത്തിയിരുന്നു. ചിത്രം പ്രദര്‍ശിപ്പിക്കുകയാണെങ്കില്‍ വധിക്കുമെന്ന് വരെയാണ് ഭീഷണി ഉയര്‍ത്തിയത്. ഇതിനെല്ലാം തക്ക മറുപടി നല്കി താരം രംഗത്തെത്തിയതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോള്‍ സൂപ്പര്‍ഹിറ്റ് സംവിധായകന് കരണ്‍ ജോഹറിനെ വിമര്‍ശിച്ചാണ് കങ്കണ എത്തിയിരിക്കുന്നത്. ഇരുവരും തമ്മിലുള്ള തര്‍ക്കം എല്ലാവര്ക്കും അറിയാവുന്നതാണ്. പറ്റുന്ന അവസരങ്ങളിലെല്ലാം പരസ്പരം ഇരുവരും വിമര്‍ശിക്കാറുമുണ്ട്.
വിമര്‍ശിക്കുന്നതിന്റെ കാര്യത്തില്‍ മുന്നില്‍ നില്ക്കുന്നത്എപ്പോഴും കങ്കണ തന്നെയാണ്. ഇപ്പോള്‍ ഇന്ത്യ ടുഡേയുടെ കോണ്‍ക്ലേവില്‍ വെച്ച് കരണിനെ രൂക്ഷമായി വമര്ശിച്ചിരിക്കുകയാണ് താരം. ''ഐഐഎഫ്എ സ്റ്റേജില്‍ വെച്ച് കരണ്‍ എന്നെ കളിയാക്കി. എനിക്ക് പണി ഇല്ലെന്നും ജോലിക്ക് വേണ്ടി കരണിന്റെ അടുത്ത് ചെന്നതായും പറഞ്ഞു. എന്റെ കഴിവ് നോക്കൂ. കൂടാതെ അയാളുടെ സിനിമകളും നോക്കൂ. എന്നെ തൊഴിലില്ലാത്തവള്‍ എന്നാണ് അയാള്‍ വിളിച്ചത്. ചില ആളുകള്‍ക്ക് ചവനപ്രാശം കൊടുക്കണം എന്നാണ് എനിക്ക് തോന്നുന്നത്'' - കങ്കണ പറഞ്ഞു.
''താന്‍ വ്യത്യസ്തയാണെന്നാണ് തോന്നുന്നത്. മികച്ച നടിമാരെ ഉള്‍പ്പെടുത്തി കരണ്‍ തയാറാക്കിയ ലിസ്റ്റിനേയും താരം ചോദ്യം ചെയ്തു. കരണ്‍ ജോഹറിന്റെ ലിസ്റ്റില്‍ ഉള്‍പ്പെട്ട നടിമാരുടെ അഭിനയിക്കാനുള്ള കഴിവ് ചോദ്യം ചെയ്യപ്പെടേണ്ടതാണ്. 70 കളിലെ ആളുകള്‍ ധരിച്ചിരുന്ന ബെല്‍ ബോട്ടവും നിയോണ്‍ ഷേയ്ഡും ഇഷ്ടപ്പെട്ടിരുന്ന സമയമുണ്ട്. പക്ഷേ ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ തമാശയായാണ് തോന്നുന്നത്. ഇതു തന്നെയാണ് അവര്‍ക്കും സംഭവിക്കാന്‍ പോകുന്നത്. മണ്ടന്മാരെപ്പോലെയായിരിക്കും അവര്‍.'' - കങ്കണ കൂട്ടിച്ചേര്‍ത്തു.