ഒരു പിടി മികച്ച ചിത്രങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രശസ്തനായ കലാകാരനാണ് കലാഭവന്‍ അന്‍സാര്‍. മുഹമ്മദ് അന്‍സാര്‍ എന്നാണ് യഥാര്‍ത്ഥ പേരെങ്കിലും അറിയപ്പെടുന്നത് കലാഭവന്റെ പേരിലാണ്. ഇന്നും താരലോകത്ത് സജീവമായി നില്‍ക്കുന്ന അന്‍സാറിന്റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. അന്‍സാര്‍ താമസിക്കുന്ന എറണാകുളത്തെ ഒരു ഫ്ളാറ്റിലുണ്ടായ സംഭവമാണ് അന്‍സാറിനെ ഇപ്പോള്‍ താരമാക്കി മാറ്റിയിരിക്കുന്നത്. ഒരു നല്ല കലാകാരന്‍ മാത്രമല്ല, മനുഷ്യത്വമുള്ള ഒരു മനസിന്റെ ഉടമ കൂടിയാണ് അന്‍സാര്‍ എന്നു വ്യക്തമാക്കുന്നതാണ് ഈ വീഡിയോ.
എറണാകുളത്തെ ഈ പുതിയ ഫ്ളാറ്റിലേക്ക് അടുത്തിടെയാണ് അന്‍സാര്‍ താമസം മാറിയെത്തിയത്. ഇപ്പോഴും ഫ്ളാറ്റിന്റെ മുകള്‍ ഭാഗത്ത് രാവും പകലുമില്ലാതെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഗ്രൗണ്ട് ഫ്ളോറില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്കു മുകളില്‍ പൊടി പടലങ്ങള്‍ അടിക്കുന്നത് പതിവാണ്. രാവിലെ തിരക്കിട്ട് ഓഫീസിലേക്കും മറ്റും പോകാന്‍ എത്തുമ്പോഴായിരിക്കും വാഹനം മുഴുവന്‍ ചെളിയും മണ്ണും പാറി വൃത്തികേടായി കിടക്കുക. ഇതാവര്‍ത്തിച്ചപ്പോള്‍ ഫ്ളാറ്റിലെ താമസക്കാര്‍ പലരും വാട്സാപ്പ് ഗ്രൂപ്പുകളില്‍ പരാതിപ്പെട്ടു തുടങ്ങി. പലരും രൂക്ഷമായി പ്രതികരിക്കുവാന്‍ തുടങ്ങി.
അപ്പോഴാണ് കലാഭവന്‍ അന്‍സാര്‍ എന്ന കലാകാരന്റെ യഥാര്‍ത്ഥ മനസ് ഫ്ളാറ്റിലുള്ളവര്‍ക്കും ആരോ പകര്‍ത്തിയ വീഡിയോ വഴി ഇപ്പോള്‍ മലയാളികള്‍ക്കു മുഴുവന്‍ ബോധ്യപ്പെടുന്നതും. വീഡിയോ..
ഫ്ളാറ്റിലെ താമസക്കാര്‍ ഉറക്കമെഴുന്നേല്‍ക്കും മുന്നേ ഉണര്‍ന്ന് ഒരു ബക്കറ്റു നിറയെ വെള്ളവും കപ്പും തുണിയുമായി വന്ന് പൊടിയടിച്ചു കിടന്ന വാഹനങ്ങളെല്ലാം വൃത്തിയാക്കുകയായിരുന്നു അദ്ദേഹം. ദിവസങ്ങളോളം ഇതാവര്‍ത്തിച്ചപ്പോഴാണ് സംഭവം കണ്ട ഒരാള്‍ അതിന്റെ വീഡിയോ പകര്‍ത്തി വാട്സാപ്പ് ഗ്രൂപ്പില്‍ ഇട്ടത്. തുടര്‍ന്ന് എല്ലാവരും കയ്യടികളോടെയാണ് ഈ വീഡിയോയെ സ്വീകരിച്ചത്. അങ്ങനെ വീഡിയോ ശ്രദ്ധ നേടിയപ്പോള്‍ രാവിലെ ഒരു എക്സൈസ് ആകുമല്ലോ എന്നാണ് തമാശരൂപേണേ അദ്ദേഹം ഈ സംഭവത്തെ കുറിച്ച് പറഞ്ഞത്. പരസ്പരം പഴി ചാരാനും കുറ്റപ്പെടുത്താനും മറ്റുള്ളവര്‍ നില്‍ക്കുന്ന നേരത്താണ് സ്വയം സന്നദ്ധനായി അദ്ദേഹം മുന്നിട്ടിറങ്ങി കാറുകള്‍ വൃത്തിയാക്കിയത്.
നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് കലാഭവന്‍ അന്‍സാര്‍. മട്ടാഞ്ചേരിക്കാരനായ അദ്ദേഹം കൃത്യം, കിടിലോല്‍ക്കിടിലം, മിമിക്‌സ പരേഡ്, മാനത്തെ കൊട്ടാരം തുടങ്ങിയ സിനിമകള്‍ക്ക് കഥയെഴുതുകയും കിരീടമില്ലാത്ത രാജാക്കന്മാര്‍ എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനാവുകയും ചെയ്തു. തുടര്‍ന്ന് മന്ത്രിമാളികയില്‍ മനസ്സമ്മതം, വലത്തോട്ട് തിരിഞ്ഞാല്‍ നാലാമത്തെ വീട്, എന്നീ സിനിമകളും സംവിധാനം ചെയ്തു. 1981ല്‍ പുറത്തിറങ്ങിയ പോക്കുവെയില്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. അതിനു ശേഷം ഉണരൂ, കുലപതി, ജേര്‍ണലിസ്റ്റ്, ഗാന്ധാരി, കിഴക്കന്‍ പത്രോസ്, മിമിക്‌സ് പരേഡ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു.