ഹിറ്റുകളും മെഗാ ഹിറ്റുകളും സമ്മാനിച്ച മോഹന്‍ലാല്‍-ജോഷി കോമ്പിനേഷന്‍ വീണ്ടും ഒന്നിക്കുന്നു. ചെമ്പന്‍ വിനോദ് സിനിമയ്ക്ക് തിരക്കഥയൊരുക്കും. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ചിത്രീകരണം വൈകാതെ ആരംഭിക്കുമെന്നാണ് വിവരം.
എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും ജോഷിയും ഒന്നിക്കുന്നത്. 2015ല്‍ റിലീസ് ചെയ്ത ലൈല ഓ ലൈല ആയിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം. ഈ ചിത്രത്തിന് ബോക്സ് ഓഫിസില്‍ മികച്ച വിജയം നേടാനായില്ല. തുടര്‍ന്ന് സിനിമയില്‍ നിന്ന് ചെറിയ ഇടവേളയെടുത്ത ജോഷി 2019ല്‍ പൊറിഞ്ചു മറിയം ജോസിലൂടെ വമ്പന്‍ തിരിച്ചു വരവാണ് നടത്തിയത്.
അതിനു ശേഷം സുരേഷ് ഗോപിയെ നായകനാക്കി ഒരുക്കിയ പാപ്പനും മികച്ച വിജയമാണ് സ്വന്തമാക്കിയത്. ഇപ്പോള്‍ ജോജു ജോര്‍ജിനെ നായകനാക്കി ഒരുക്കുന്ന ആന്റണിയാണ് ജോഷിയുടേതായി ഒരുങ്ങുന്ന പുതിയ ചിത്രം. ചെമ്പന്‍ വിനോദും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ചെമ്പന്‍ വിനോദ് തിരക്കഥ ഒരുക്കുന്ന ചിത്രമാകും ഇത്.
'ജനുവരി ഒരു ഓര്‍മ്മ' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രമാണ് മോഹല്‍ലാല്‍-ജോഷി കൂട്ടുകെട്ടില്‍ ആദ്യത്തേത്. പിന്നീടിങ്ങോട്ട് ഒരുപിടി ഹിറ്റ് ചിത്രങ്ങളാണ് പിറന്നത്. 'നാടുവാഴികള്‍', 'നമ്പര്‍ 20 മദ്രാസ് മെയില്‍', 'പ്രജ', 'മാമ്പഴക്കാലം', 'നരന്', 'ട്വന്റി 20', 'ക്രിസ്ത്യന്‍ ബ്രദേഴ്സ്', 'റണ്‍ ബേബി റണ്‍', 'ലോക്പാല്‍', 'ലൈല ഓ ലൈല' എന്നിവയാണ് മോഹല്‍ലാല്‍-ജോഷി കോമ്പോയിലെ മറ്റ് ചിത്രങ്ങള്‍.
'പൊറിഞ്ചു മറിയം ജോസി'ന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ മോഹന്‍ലാല്‍ നായകനാകുന്ന ജോഷി ചിത്രം ചര്‍ച്ചയില്‍ ഉണ്ടായിരുന്നെങ്കിലും നടക്കാതെ പോകുകയായിരുന്നു.
ജീത്തു ജോസഫിനൊപ്പം 'നേര്' സിനിമയുടെ ചിത്രീകരണത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. മോഹന്‍ലാല്‍-പ്രിയദര്ശന് കോമ്പോയും ആവര്‍ത്തിക്കാനൊരുങ്ങുകയാണ്. 'ഹരം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെക്കുറിച്ച് ഗായകന് എം ജി ശ്രീകുമാറാണ് അടുത്തിടെ വ്യക്തമാക്കിയത്. വിനീത് ശ്രീനിവാസനാണ് തിരക്കഥ. എമ്പുരാന് ചിത്രീകരണവും ഉടന്‍ ആരംഭിക്കും.
തമിഴ് ചിത്രം 'ജയിലറി'ല്‍ കാമിയോ റോളിലെത്തിയ മോഹന്‍ലാലിന് വലിയ വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ ചിത്രം 'മലൈക്കോട്ടൈ വാലിബന്', 'ബറോസ്' എന്നിവയാണ് ഉടന്‍ റിലീസിനെത്തുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍. ബറോസ് ക്രിസ്മസ് റിലീസായി ഡിസംബര്‍ 21ന് എത്തുമെന്നാണ് മോഹന്‍ലാല്‍ അറിയിച്ചത്. ഡിസംബര്‍ 22ന് 'മലൈക്കോട്ടൈ വാലിബനാ'യി തയ്യാറെടുക്കാന്‍ നിര്‍മ്മാതാക്കള്‍ തിയേറ്ററുകള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.