തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ നേരില്‍ കണ്ടു ജയസൂര്യ. ജീവിതത്തില്‍ എന്നെങ്കിലും കാണാന്‍ ഏറ്റവും അധികം ആഗ്രഹിച്ചിരുന്ന ഒരേയൊരു വ്യക്തിയായിരു രജനികാന്തെന്ന് ജയസൂര്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. തലൈവര്‍ 170ന്റെ ചിത്രീകരണത്തിനായി രജനികാന്ത് ഇപ്പോള്‍ കേരളത്തിലാണ് ഉള്ളത്.
'ലിയോ' സിനിമയുടെ പ്രമോഷന്റെ ഭാഗമായി 'പ്രിയമുടന്‍ നന്‍പന്‍' വിജയ് ഫാന്‍സ് അസോസിയേഷന്‍ നടത്തുന്ന ചാരിറ്റി പരിപാടിയില്‍ മുഖ്യാതിഥിയായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു ജയസൂര്യ.
ഒട്ടും പ്രതീക്ഷിക്കാതെയാണ് തിരുവനന്തപുരത്ത് താന്‍ താമസിക്കുന്ന ഹോട്ടലില്‍ തന്നെ രജനി ഉണ്ടെന്ന വിവരം ജയസൂര്യ അറിയുന്നത്. 'കാന്താര' എന്ന ചിത്രത്തിന്റെ സംവിധായകന്‍ റിഷബ് ഷെട്ടി വഴി സൗന്ദര്യ രജനികാന്തുമായി ജയസൂര്യ സംസാരിക്കുകയും തുടര്‍ന്ന് അദ്ദേഹവുമായി കാണാന്‍ അവസരം ലഭിക്കുകയുമായിരുന്നു.
'ഓര്‍മ വച്ച കാലം മുതല്‍ കാത്തിരുന്ന നിമിഷമാണിത്. ഇന്ന് ഞാന്‍ ഒരു ഐക്കണിനെ കണ്ടുമുട്ടി, ഒരു സൂപ്പര്‍ സ്റ്റാര്‍, എന്നാല്‍ എല്ലാറ്റിനുമുപരിയായി ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരമായ മനുഷ്യരില്‍ ഒരാളെയാണ് ഞാന്‍ കണ്ടുമുട്ടിയത്. ഈ സ്വപ്നം യാഥാര്‍ഥ്യമാക്കിയതിന് എന്റെ പ്രിയ സഹോദരന്‍ റിഷഭ് ഷെട്ടിക്കും സര്‍വശക്തനും നന്ദി.'രജനികാന്തിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ജയസൂര്യ ഫെയ്സ്ബുക്കില്‍ കുറിച്ചു.