ലോകമെമ്പാടുമുള്ള കമല്‍ഹാസന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'ഇന്ത്യന്‍ 2.' റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ വര്‍ണാഭമായ ഓഡിയോ ലോഞ്ച് നടന്നു. സ്‌റ്റൈലിഷ് ലുക്കിലാണ് പരിപാടില്‍ കമല്‍ എത്തിയത്.
വരാനിരിക്കുന്ന 'തഗ് ലൈഫ്' എന്ന ചിത്രത്തിന്റെ ലുക്ക് മറക്കാനായി തൊപ്പി ധരിച്ചാണ് കമല്‍ എത്തിയത്. സിനിമയിലെ എല്ലാ അഭിനേതാക്കള്‍ക്കും നന്ദി പറഞ്ഞ കമല്‍ഹാസന്‍, എന്തുകൊണ്ട് തമിഴന് ഇന്ത്യ ഭരിച്ചുകൂടാ എന്ന് ചോദിച്ചാണ് വേദി വിട്ടത്.
തന്റെ ആദ്യചിത്രമായ ജെന്റില്‍മാനുവേണ്ടിയാണ് സംവിധായകന്‍ ശങ്കര്‍ തന്നെ ആദ്യം സമീപിച്ചതെന്ന് പറഞ്ഞുകൊണ്ടാണ് കമല്‍ തന്റെ പ്രസംഗം ആരംഭിച്ചത്. ഇന്ത്യന്‍ 2 നിര്‍മ്മിക്കാന്‍ ധൈര്യം കാണിച്ച നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സിനും കമല്‍ നന്ദി അറിയിച്ചു. നിരവധി സാമ്പത്തിക പ്രശ്നങ്ങളില്‍ നിര്‍മ്മാതാക്കള്‍ക്ക് പിന്തുണ നല്‍കിയ നടനും ചലച്ചിത്ര നിര്‍മ്മാതാവുമായ ഉദയ്‌നിധി സ്റ്റാലിനോടും അദ്ദേഹം നന്ദി പറഞ്ഞു.
വിവേകിന്റെയും നെടുമുടി വേണുവിന്റെയും അഭാവം സിനിമയില്‍ അനുഭവപ്പെടാതിരിക്കാന്‍ ശങ്കര്‍ ഒരുപാട് പണിപ്പെട്ടിട്ടുണ്ടെന്നും കമല്‍ പറഞ്ഞു. പ്രസംഗത്തിന്റെ അവസാനം രാഷ്ടീയം പരാമര്‍ശിച്ചാണ് കമല്‍ വേദിയില്‍ നിന്നിറങ്ങിയത്. 'ബ്രിട്ടീഷുകാര്‍ ഉപയോഗിച്ചിരുന്ന ഭിന്നിപ്പിച്ച് ഭരിക്കല്‍ നയം ഇപ്പോള്‍ പ്രവര്‍ത്തിക്കില്ല. തന്ത്രങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ബ്രിട്ടീഷുകാര്‍ക്ക് തിരിച്ചുപോകാന്‍ ഒരിടമുണ്ടായിരുന്നു. ഇവിടെയുള്ളവരും അതുതന്നെ ചെയ്താല്‍ അവര്‍ക്ക് തിരിച്ചുപോകാന്‍ സ്ഥലമില്ലെന്ന് ഓര്‍ക്കണം
തമിഴന്‍ ഇന്ത്യ ഭരിക്കുന്ന ഒരു ദിവസം എന്തുകൊണ്ടാണ് വരാത്തത്? ഒന്നാലോചിച്ചു നോക്കൂ, നമ്മുടെ പിന്തുണയോടെയാണ് ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായിയായി ഇന്ദിരാഗാന്ധി അധികാരമെറ്റത്. അതിനാല്‍, ഇതും സംഭവിക്കും,' കമല്‍ഹാസന്‍ പറഞ്ഞു.
ലെക്ക പ്രൊഡക്ഷന്‍സും റെഡ് ജയന്റ് മൂവീസും സംയുക്തമായാണ് ഇന്ത്യന്‍ 2 നിര്‍മ്മിക്കുന്നത്. അഴിമതിക്കെതിരെ പോരാടുന്ന സേനാപതി എന്ന സ്വാതന്ത്ര്യ സമര സേനാനിയുടെ വേഷത്തിലാണ് കമല്‍ ചിത്രത്തിലെത്തുന്നത്. സിദ്ധാര്‍ത്ഥ്, എസ് ജെ സൂര്യ, കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിംഗ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ജൂലൈ 12ന് ചിത്രം തിയേറ്ററിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.