തെന്നിന്ത്യന്‍ സംഗീത ലോകത്തിന് അനശ്വര ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് ഇളയരാജ. തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, മറാത്തി തുടങ്ങി നിരവധി ഭാഷകളിലായി 4500 ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ച പ്രതിഭയാണ് അദ്ദേഹം. ഇന്ന് ഇളയരാജ അദ്ദേഹത്തിന്റെ 81-ാം പിറന്നാള്‍ ആഘോഷ നിറവിലാണ്.
ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം ഇക്കൊല്ലം സംഭവിച്ചതിനാല്‍ തനിക്ക് ഈ ജന്മദിനം സന്തോഷം തരുന്നില്ലെന്ന് ഇളയരാജ അറിയിച്ചു. ഗായികയും സംഗീത സംവിധായികയും മകളുമായ ഭവതരിണിയുടെ വിയോഗത്തില്‍ നിന്ന് കരകയറാന്‍ സാധിച്ചില്ലെന്ന് സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ച വീഡിയോയില്‍ ഇളയരാജ പറഞ്ഞു. ജനുവരി 25നാണ് 47 --ാം വയസില്‍ സംഗീത ലോകത്തോട് ഭവതരിണി വിട പറഞ്ഞത്.
അതേസമയം ഇളയരാജയുടെ സംഗീത ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുന്ന ബയോ പിക്ക് ഇളയരാജയുടെ പുതിയ പോസ്റ്റര്‍ പുറത്ത്. ഇളയരാജയുടെ ജന്മദിനം പ്രമാണിച്ച് പുതിയ പോസ്റ്റര്‍ പുറത്തിറക്കുകയായിരുന്നു. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇളയരാജയായി വേഷമിടുന്നത് ധനുഷ് ആണ്. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ഇളയരാജ ഒരുങ്ങുന്നത്. ദ കിംഗ് ഒഫ് മ്യൂസിക് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. റോക്കി, നാനി കായിധം, ക്യാപ്ടന്‍ മില്ലര്‍ എന്നീ ചിത്രങ്ങളുടെ ശ്രദ്ധേയനായ സംവിധായകനാണ് അരുണ്‍ മാതേശ്വരന്‍.
ഹാര്‍മോണിയത്തില്‍ ഒരു കൈ വച്ച് വേദിയില്‍ നില്‍ക്കുന്ന ഒരു യുവാവിന്റെ ചിത്രമാണ് ധനുഷ് പങ്കുവച്ചത്. ചിത്രത്തില്‍ ആവേശത്തോടെയിരിക്കുന്ന കാണികളെയും കാണാന്‍ സാധിക്കും. ഇത് പങ്കുവച്ചാണ് ഇളയരാജയ്ക്ക് ധനുഷ് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്.