നീണ്ട നാളത്തെ ആ?രാധകരുടെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ വിക്രം നായകനായെത്തുന്ന ധ്രുവനച്ചത്തിരത്തിന്റെ ട്രെയ്‌ലര്‍ പുറത്തു വിട്ട് അണിയറ പ്രവര്‍ത്തകര്‍. ചിത്രം നവംബര്‍ 24 ന് തിയറ്ററുകളിലെത്തും. ധ്രുവനച്ചത്തിരം ഒരു ആക്ഷന്‍ പാക്ക്ഡ് ചിത്രമായിരിക്കും എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ഒരുവൂരിലെയൊരു ഫിലിം ഹൗസും ഒണ്‍ഡ്രാഗ എന്റെര്‍റ്റൈന്മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ആറ് വര്‍ഷം കൊണ്ടാണ് പല ഘട്ടങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായത്. റിതു വര്‍മയും ഐശ്വര്യ രാജേഷുമാണ് നായികമാര്‍. പാര്‍ത്ഥിപന്‍, മുന്ന, സിമ്രാന്‍, വിനായകന്‍, രാധിക ശരത്കുമാര്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍.ചിത്രത്തില്‍ രഹസ്യ അന്വേഷണ ഏജന്റായ ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്.
സ്‌പൈ ത്രില്ലറായ ധ്രുവനച്ചത്തിരം 2016ലാണ് ആരംഭിക്കുന്നത്. ഗൗതം മേനോന്റെ സാമ്പത്തിക പ്രശ്‌നം മൂലം 2018 മുതല്‍ ചിത്രത്തിന്റെ ജോലികള്‍ നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. പിന്നീട് 2019ല്‍ ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും സാങ്കേതിക തടസങ്ങള്‍ മൂലം നീണ്ട് പോവുകയായിരുന്നു. ചിത്രം റിലീസ് ചെയ്യാന്‍ വര്‍ഷങ്ങള്‍ നീണ്ടതോടെ 'ധ്രുവനച്ചത്തിര'വുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകള്‍ സമൂഹമാധ്യമത്തില്‍ പ്രചരിച്ചിരുന്നു.
മണിരത്‌നം സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗമാണ് വിക്രമിന്റേതായി ഏറ്റവും ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം. പാ.രഞ്ജിത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന തങ്കലാനാണ് ചിത്രീകരണം പൂര്‍ത്തിയായ വിക്രമിന്റെ ഏറ്റവും പുതിയ പ്രൊജക്ട്.