സിനിമാ മേഖലയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചുള്ള നടി ഹന്‍സിക മോട്വാനിയുടെ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിയൊരുക്കുന്നു. തനിക്ക് നേരിട്ട് അനുഭവങ്ങളില്ലാത്തതിനാല്‍ വിഷയത്തില്‍ പ്രതികരിക്കാനാവില്ലെന്ന നടിയുടെ നിലപാടാണ് വിമര്‍ശനത്തിന് കാരണമായത്. ഹന്‍സികയുടേത് അജ്ഞത നിറഞ്ഞതും യാഥാര്‍ഥ്യങ്ങളെ പുച്ഛിച്ചു തള്ളുന്നതുമായ നിലപാടാണെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. യുട്യൂബ് ചാനലിലെ 'ദ മെയില്‍ ഫെമിനിസ്റ്റ്' എന്ന പരിപാടിയിലാണ് ഹന്‍സിക തന്റെ നിലപാട് വ്യക്തമാക്കിയത്.
സിനിമാ രംഗത്ത് കാസ്റ്റിങ് കൗച്ച് നിലനില്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, അത്തരമൊരു അനുഭവം തനിക്കില്ലാത്തതിനാല്‍ അതേക്കുറിച്ച് അഭിപ്രായം പറയാന്‍ കഴിയില്ലെന്നായിരുന്നു നടിയുടെ മറുപടി. വളരെ ചെറുപ്പത്തില്‍ തന്നെ ബാലതാരമായി എത്തിയതുകൊണ്ടാകാം താരം ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ടതെന്ന് അവതാരകന്‍ സൂചിപ്പിച്ചെങ്കിലും ഹന്‍സിക അത് നിഷേധിച്ചു. തന്റെ അനുഭവത്തില്‍ ഇല്ലാത്ത കാര്യത്തെക്കുറിച്ച് സത്യസന്ധമായി ഒന്നും പറയാനാവില്ലെന്ന് താരം ആവര്‍ത്തിച്ചു.
സംഭാഷണത്തിനിടെ ഹന്‍സിക നടത്തിയ മറ്റൊരു നിരീക്ഷണമാണ് ആരാധകരെ ഏറെ ചൊടിപ്പിച്ചത്. 'ശരിയായി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാവില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എനിക്ക് അങ്ങനെ സംഭവിക്കാത്തതുകൊണ്ടാണ് ഞാന്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്,' എന്നായിരുന്നു ഹന്‍സികയുടെ വാക്കുകള്‍. കാസ്റ്റിങ് കൗച്ച് പോലുള്ള ചൂഷണങ്ങള്‍ സിനിമാ ലോകത്തെ കയ്‌പേറിയ യാഥാര്‍ഥ്യമാണെന്ന് അവതാരകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അങ്ങനെയൊന്ന് ഉണ്ടായേക്കാമെന്നും എന്നാല്‍ തനിക്കറിയില്ലെന്നും അവര്‍ ഒഴിഞ്ഞുമാറി.
ഹന്‍സികയുടെ പ്രസ്താവന പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. നടി സ്വന്തം ലോകത്ത് മാത്രം ജീവിക്കുന്ന ആളാണെന്നും മറ്റുള്ളവരുടെ കഠിനമായ ജീവിതാനുഭവങ്ങളെയും ചൂഷണങ്ങളെയും വിലകുറച്ച് കാണുകയാണെന്നും വിമര്‍ശകര്‍ പറയുന്നു. 'എനിക്ക് പ്രമേഹമില്ലാത്തതുകൊണ്ട് പ്രമേഹം ഒരു രോഗമല്ല എന്ന് പറയുന്നതുപോലെയാണിത്' എന്നായിരുന്നു ഒരാളുടെ പരിഹാസം. സ്വന്തം പ്രിവിലേജ് ഉപയോഗിച്ച് മറ്റുള്ളവരുടെ ദുരനുഭവങ്ങളെ അവഗണിക്കുകയാണ് താരം ചെയ്യുന്നതെന്നും കമന്റുകള്‍ ഉയരുന്നുണ്ട്.