വിദേശത്തു നടക്കുന്ന സംഗീതപരിപാടികളുടെ മറവിൽ സംസ്ഥാനത്തേക്കു വൻതോതിൽ സ്വർണ്ണമെത്തിയെന്ന് ഡിആർഐയുടെ കണ്ടെത്തൽ. സ്വർണ്ണക്കടത്തുമായി ബാലഭാസ്‌കറിന് ബന്ധമില്ലെങ്കിലും ബാലഭാസ്‌കറിന്റെ സംഘത്തിലെ പലരും ഇതിന്റെ ഇടനിലക്കാരാണെന്ന് ഡിആർഐ തിരിച്ചറിയുന്നു. ബാലുവിന്റെ ബാല്യകാല സുഹൃത്താണ് വിഷ്ണു. വിഷ്ണുവിന് സംഘത്തിൽ പ്രധാന റോളുണ്ടായിരുന്നു. വിഷ്ണുവും അഭിഭാഷകനായ ബിജു മോഹനനുമാണ് പ്രധാന സൂത്രദാരന്മാരെന്നാണ് കണ്ടെത്തൽ.
ബാലഭാസ്‌കറിന്റെ സംഗീതപരിപാടികളുമായി സഹകരിച്ചിരുന്ന പലർക്കും സ്വർണക്കടത്തുകേസിൽ പങ്കെന്നാണ് ഡി.ആർ.ഐയുടെ പ്രാഥമിക കണ്ടെത്തൽ. സ്വർണക്കടത്തു സംഘങ്ങൾക്കു ബാലഭാസ്‌കറിന്റെ മരണത്തിൽ എന്തെങ്കിലും പങ്കുണ്ടോ എന്നതും ക്രൈം ബ്രാഞ്ച് അന്വേഷണവിധേയമാക്കും. അതിനിടെ തിരുവനന്തപുരം സ്വർണക്കടത്തു കേസിൽ സിബിഐ: എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ പഠനകാലത്ത് തുടങ്ങിയ സൗഹൃദങ്ങൾ ഇപ്പോഴത്തെ സ്വർണ്ണക്കടത്തു വരെ എത്തിയെന്നും നിഗമനമുണ്ട്. വിദേശത്തു നടക്കുന്ന സംഗീതപരിപാടികളുടെ മറവിൽ സംസ്ഥാനത്തേക്കു വൻതോതിൽ ഇക്കൂട്ടർ സ്വർണം കടത്തിയെന്നാണ് നിഗമനം.
തബലയുൾപ്പടെയുള്ള സംഗീത ഉപകരണങ്ങൾ സ്വർണം കടത്താൻ ഉപയോഗിച്ചതായാണു കണ്ടെത്തൽ. അവതാരക എന്ന നിലയിൽ ശ്രദ്ധേയായ ഗായിക, റിയാലിറ്റി ഷോകളിലൂടെ താരമായ യുവ സംഗീതസംവിധായകൻ, സ്റ്റേജ്ഷോകളുടെ പിന്നണിയിൽ സജീവമായ സിനിമാ സംഘടനയിലെ പ്രമുഖൻ എന്നിവർ നിരീക്ഷണത്തിലാണ്. സിനിമാമേഖലയിലേക്കും അന്വേഷണം നീണ്ടേക്കുമെന്നാണ് സൂചനയെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു. നോട്ട് നിരോധനത്തിന് ശേഷമാണ് സ്വർണ്ണക്കടത്ത് കേരളത്തിലേക്ക് അതിശക്തമാകുന്നത്. അതിന് മുമ്പും ചെറിയ തോതിൽ സംഗീത പരിപാടികളുടെ മറവിൽ ഇത് നടന്നിട്ടുണ്ട്. മലയാളികളായ കലാകാരന്മാരെ കൊണ്ട് ഗൾഫിൽ സ്ഥിരമായി പരിപാടികൾ നടത്തിക്കുന്നത് സ്വർണ്ണക്കടത്തിനും മറ്റുമാണെന്ന സംശയം അതിശക്തമാണ്.
ബാലഭാസ്‌കർ ഒപ്പമുള്ളപ്പോൾ സംഗീത പരിപാടികൾക്ക് ശേഷം ഗ്രീൻചാനൽ വഴിയായിരുന്നു തിരികെ വന്നിരുന്നത്. ഇതു മറയാക്കിയായിരുന്നു സ്വർണക്കടത്ത്. വിദേശ ഷോകൾ ബുക്ക് ചെയ്തിരുന്നത് പ്രകാശ് തമ്പിയാണ്. പ്രകാശ് തമ്പിയും വിഷ്ണുവും ഫോണിൽ ബന്ധപ്പെട്ട താരങ്ങളിൽ പലരും ഇപ്പോൾ നിരീക്ഷണത്തിലാണ്. സംശയമുള്ള അവതാരകയായ നടിയുടേതുൾപ്പെടെയുള്ള പലരുടേയും വിദേശയാത്രകളുടെ വിശദാംശങ്ങൾ ഡി.ആർ.ഐ. പരിശോധിക്കുന്നു. കഴിഞ്ഞവർഷങ്ങളിൽ നടന്ന വിദേശ സ്റ്റേജ് ഷോകളുടെയും ഇതിൽ പങ്കെടുത്ത പലതാരങ്ങളുടെയും വിശദാംശങ്ങൾ പരിശോധിക്കും. അവതാരകയായ നടിക്ക് ഏറെ ബന്ധങ്ങളുണ്ട്. ഇതുപയോഗിച്ച് ഇവരുടെ യാത്രയെല്ലാം ഗ്രീൻ ചാനലിലൂടെയാണ്. വിമാനത്താവളത്തിൽ സെൽഫിയെടുത്തും മറ്റും സമർത്ഥമായി കസ്റ്റംസ് സംവിധാനങ്ങളെ കബളിപ്പിച്ച് കടക്കലാണ് രീതി.
ബാലഭാസ്‌കറിന്റെ സുഹൃത്ത് വിഷ്ണു, ബാലഭാസ്‌കറിന്റെ സംഗീതപരിപാടികളുടെ സംഘാടകനായ പ്രകാശ് തമ്പി എന്നിവർ തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചു നടത്തിയ വൻസ്വർണക്കടത്തുമായി ബന്ധപ്പെട്ടു പിടിയിലായതോടെയാണ് വിദേശ സ്റ്റേജ് ഷോകളുടെ മറവിൽ നടക്കുന്ന സ്വർണക്കടത്തിലേക്ക് ഡി.ആർ.ഐയുടെ അന്വേഷണം കേന്ദ്രീകരിക്കുന്നത്. ഇതിൽ നിർണ്ണായക തെളിവുകൾ പലതും ലഭിച്ചു. അന്വേഷണം ബിജു മോഹനനിൽ എത്തിയതോടെ തന്നെ വിഷ്ണുവിലേക്ക് അന്വേഷണം എത്തി. അപ്പോഴും ബാലഭാസ്‌കറിന്റെ സഹായി ആയിരുന്നു ഇയാളെന്ന് അറിയില്ലായിരുന്നു. എന്നാൽ പ്രകാശ് തമ്പി പിടിയിലായതോടെ ചുരുളുകൾ അഴിഞ്ഞു.
മരിച്ച ബാലഭാസ്‌കറിന് സ്വർണക്കടത്തിനെപ്പറ്റി അറിവുണ്ടായിരുന്നുവെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഘാംഗങ്ങൾ ചതിച്ചതാണോ എന്നാണ് സംശയം. ഇക്കാര്യം സ്ഥിരീകരിക്കാൻ ഡി.ആർ.ഐ. അന്വേഷണത്തിനാവില്ല. ബാലഭാസ്‌കറിന്റെ മരണം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഡി.ആർ.ഐ. ഉദ്യോഗസ്ഥർ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പ്രകാശ് തമ്പിയെ കൂടുതൽ ചോദ്യം ചെയ്തതിൽനിന്ന് നിർണായകവിവരങ്ങൾ ഡി.ആർ.ഐയ്ക്കു ലഭിച്ചിട്ടുണ്ട്. പരിപാടികൾക്കായി പലരും വിദേശത്ത് പോയിരുന്നത് സ്വർണം കടത്താൻ വേണ്ടിയായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. പ്രകാശ് തമ്പിയായിരുന്നു ഇത്തരം നീക്കങ്ങൾക്കു പിന്നിൽ.
ദുരൂഹ സാമ്പത്തിക ഇടപാടുകളാണ് ബാലഭാസ്‌കറിന്റെ അപകടമരണത്തിനു പിന്നിലെന്നു നേരത്തെതന്നെ ആക്ഷേപമുണ്ടായിരുന്നു. ഇപ്പോൾ പിടിയിലായവർക്ക് അപകടവുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുമെന്നായിരുന്നു സൂചനകൾ. അതേസമയം അഭിഭാഷകനായ ബിജു മോഹനൻ കൈമാറുന്ന സ്വർണം കള്ളക്കടത്തു സംഘത്തിലെ മലപ്പുറം സ്വദേശി ഹക്കീമിന് എത്തിക്കുന്നത് പ്രകാശാണ്. സ്ത്രീകൾ കള്ളക്കടത്ത് നടത്തുമ്പോൾ സ്വർണം കൈമാറുന്നതും ഇയാൾക്കാണ്. പലവട്ടം ദുബായിലേക്കു യാത്ര ചെയ്തിട്ടുള്ള പ്രകാശ് 25 കിലോഗ്രാം സ്വർണം വിദേശത്തുനിന്നു കൊണ്ടുവന്നിട്ടുണ്ടെന്നും ഡി.ആർ.ഐ. കണ്ടെത്തി.
ഒളിവിൽ പോയ വിഷ്ണു, ഇവരിൽനിന്നു സ്വർണം വാങ്ങി വിൽക്കുന്ന ജുവലറി ഡയറക്ടർ മുഹമ്മദാലി, മാനേജർ മലപ്പുറം സ്വദേശി ഹക്കിം എന്നിവരെ കണ്ടെത്താനും അന്വേഷണം ഊർജിതമാക്കി. വിഷ്ണുവിന്റെ സഹായി പ്രകാശൻ നാലുതവണ സ്വർണം കടത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്. തലസ്ഥാനത്ത് സ്വർണവ്യാപാരം നടത്തുന്ന മലപ്പുറം സ്വദേശി ഹക്കിം, ബിജുവിന്റെ പക്കൽ നിന്ന് 25 കിലോ സ്വർണം വാങ്ങിയിട്ടുണ്ടെന്നാണു സൂചന. പലപ്പോഴായി ദുബായ് യാത്ര നടത്തിയ പ്രകാശ് സ്ത്രീകൾ സ്വർണവുമായി എത്തുമ്പോൾ വാങ്ങി ഇടപാടുകാരിലേക്ക് എത്തിക്കും. അഡ്വ. ബിജു മോഹനനും വിഷ്ണുവും മലപ്പുറം സ്വദേശി അബ്ദുൾ ഹക്കീമുമാണ് സംഘത്തിലെ പ്രധാനികൾ. സമ്പന്നരായ സ്ത്രീകളെ തിരഞ്ഞ് പിടിച്ച് വലിയ വാഗ്ദാനങ്ങൾ നൽകി കാരിയേഴ്‌സാക്കും. അഡ്വ. ബിജുവിന്റെ ഭാര്യ വിനീതയും സ്വർണവുമായി പിടിയിലായി സെറീന ഷാജിയെയും കൂടാതെ ആറ് സ്ത്രീകളേക്കൂടി ഇവർ കാരിയേഴ്‌സായി ഉപയോഗിച്ചു. ഇതിൽ സെറീന 50 കിലോയും വിനീത 20 കിലോയും സ്വർണം കടത്തിയിട്ടുണ്ട്.
മറ്റുള്ള ആറ് സ്ത്രീകളും ആറ് മാസത്തിനിടെ നാല് തവണ വീതം ദുബായിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തതായും കണ്ടെത്തി. പിടിക്കപ്പെടാതിരിക്കാനായി തന്ത്രപരമായാണ് സ്വർണക്കടത്ത് സംഘം വിമാനത്താവളത്തിൽ പെരുമാറിയിരുന്നത്. സ്വർണവുമായി വരുന്ന പുരുഷനൊപ്പം സ്ത്രീയെ ഭാര്യയെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ അയച്ച് പരിശോധനകൾ മറികടക്കും. അഡ്വ. ബിജു ഏഴ് തവണ സ്വന്തം നിലയിൽ സ്വർണം കടത്തി. മണ്ണംന്തല സ്വദേശി അകാശ് ഷാജിയാണ് ദുബായിയിൽ നിന്ന് സ്വർണം വാങ്ങുന്നത്.