2016 ൽ പുറത്തു വന്ന മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയായിരുന്നു സുരേഷ് ഗോപിയുടെ മകനായ ഗോകുൽ സുരേഷിന്റെ സിനിമാ പ്രവേശനം.പിന്നീട് ചെറുതും വലുതുമായ ഒരുപാട് സിനിമകളിൽ ഗോകുൽ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നായകനായി മാത്രമല്ല അതിഥി വേഷത്തിലും നടൻ സിനിമകളിൽ എത്തിയിട്ടുണ്ട്. എന്നാൽ താൻ ആഗ്രഹിക്കുന്ന പോലുള്ള കഥാപാത്രങ്ങളും സിനിമകളും സംവിധായകരും തന്റെ അടുത്തേയ്ക്ക് പോലും എത്തിയിട്ടില്ലെന്നും തനിക്ക് ലഭിക്കാതിരിക്കാൻ പലരും പല കളികളും കളിക്കുന്നുണ്ടെന്ന് ഗോകുൽ പറയുന്നു. ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിലാണ് ഗോകുൽ മനസ് തുറന്നത്. കൂടാത താരപുത്രന്മാരുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചും ഗോകുൽ കൂട്ടിച്ചേർത്തു.
''ഞാൻ ആഗ്രഹിക്കുന്നതു പോലുള്ള സിനിമകളും കഥാപാത്രങ്ങളും സംവിധായകരുമൊന്നും എന്റെ അടുത്തേക്ക് വരുന്നില്ല. അത് വരാതിരിക്കാനായി പലരും പല കളികളും കളിക്കുന്നുണ്ട്. അത് ആരാണെന്ന് വ്യക്തമായി അറിയില്ല, ചിലരുടെ പേരൊക്കെ പറഞ്ഞു കേൾക്കാറുണ്ട്. ഗോകുൽ പറഞ്ഞു. എന്നാൽ താനതിനെ കുറിച്ചൊന്നും ആശങ്കപ്പെടുന്നില്ലെന്നും സ്വന്തം കാലിൽ നിന്ന് പ്രൂവ് ചെയ്യാൻ സാധിക്കുന്ന കഥാപാത്രങ്ങൾ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും നടൻ കൂട്ടിച്ചേർത്തു.