കെജിഎഫ് എന്ന ചിത്രത്തിലൂടെ പാന്‍ ഇന്ത്യ തലത്തില്‍ ആരാധകവൃന്ദത്തെ സൃഷ്ടിച്ച താരമാണ് യഷ്. കെജിഎഫിന്റെ രണ്ടാം പതിപ്പും ഹിറ്റായതിന് പിന്നാലെ ആരാധകര്‍ മൂന്നാം പതിപ്പിനായി കാത്തിരിക്കുകയാണ്. എന്നാല്‍ യഷ് ഇനി റോക്കി ഭായിയായി എത്തില്ലയെന്ന് സൂചന നേരത്തെ നല്‍കിയിരുന്നു. തുടര്‍ന്ന് കന്നഡ താരത്തിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയാണ് യഷിന്റെ ആരാധകര്‍. ആ കത്തിരിപ്പിനുള്ള ഏറ്റവും പുതിയ ഉത്തരം വന്നിരിക്കുകയാണ് ഇപ്പോള്‍.
നേരത്തെ കന്നഡ സൂപ്പര്‍ താരത്തെ നായകനാക്കി മലയാളി സംവിധായികയായ ഗീതു മോഹന്‍ദാസ് ചിത്രമൊരുക്കാന്‍ തയ്യാറെടുക്കുന്നു എന്ന തലത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോള്‍ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. നടി റിമ കല്ലിങ്കല്‍ ഇക്കാര്യം അറിയിച്ചുകൊണ്ട് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ സൂചന നല്‍കിയിരിക്കുകയാണ്.
യാഷിന്റെ ഫാന്‍സ് പേജ് പങ്കുവെച്ച റിപ്പോര്‍ട്ട് റിമ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലും പങ്കുവെച്ചിരിക്കുകയാണ്. വാര്‍ത്ത സ്ഥിരീകരിക്കുന്ന തലത്തില്‍ ഗീതു മോഹന്‍ദാസിനെ ടാഗ് ചെയ്തുകൊണ്ടാണ് റിമ സ്റ്റോറി ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്. സിനിമയുടെ പ്രഖ്യാപനം ഔദ്യോഗികമായാല്‍ യാഷിന്റെ 19-ാമത്തെ ചിത്രമായിരിക്കും ഇത്. ലയേഴ്സ് ഡൈസ്, നിവിന്‍ പോളിയുടെ മൂത്തോന്‍ എന്നീ സിനിമകളുടെ സംവിധായികയായിരുന്നു ഗീതു മോഹന്‍ദാസ്.