മലയാളത്തില്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച് ഗൗതം വാസുദേവ മേനോന്‍. മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇന്ന് എറണാകുളത്ത് ആരംഭിച്ചു. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ആറാമത് ചിത്രമാണ് ഇത്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ഗോകുല്‍ സുരേഷും അഭിനയിക്കുന്നുണ്ട്. സിനിമയുടെ പേരോ മറ്റ് വിവരങ്ങളോ ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല.
ത്രില്ലര്‍ മൂഡിലില്‍ ഒരുങ്ങുന്ന ഒരു സിനിമയായിരിക്കും ഇതെന്നാണ് സൂചന. രമേശ് പിഷാരടിയും ലെനയും ചേര്‍ന്നാണ് ചിത്രത്തിന് ആദ്യ ക്ലാപ് അടിച്ചത്. എ ബി സി ഡി എന്ന ദുല്‍ഖര്‍ ചിത്രത്തിന് തിരക്കഥ ഒരുക്കിയ സൂരജ്-നീരജ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ മേനോന്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ ആവേശമുണ്ടെന്നാണ് സിനിമയുടെ പൂജ ചിത്രം പങ്കുവച്ചുകൊണ്ട് നടി ലെന എഴുതിയത്. മമ്മൂട്ടിക്കൊപ്പം ലെനയും മലയാളം തമിഴ് സിനിമാമേഖലയിലെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്. അഖില്‍ സത്യന്‍ സംവിധാനം ചെയ്ത പാച്ചുവും അദ്ഭുതവിളക്കും എന്ന ചിത്രത്തിലൂടെ സുപരിചിതയായ വിജി വെങ്കിടേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നായികയായി സാമന്തയെ പരിഗണിച്ചിരുന്നെങ്കിലും ഡേറ്റ് ക്‌ളാഷ് മൂലം താരം പിന്‍മാറുകയായിരുന്നു.കന്നട താരം നായികയായി എത്തുന്നുവെന്ന റിപ്പോര്‍ട്ടുമുണ്ട്.
മൂന്നാര്‍, വാഗമണ്‍, ചെന്നൈ എന്നിവിടങ്ങളിലും ചിത്രീകരണമുണ്ട്. ഒരു കുറ്രന്വേഷണവുമായ ബന്ധപ്പെട്ട് ത്രില്ലര്‍ ഗണത്തില്‍പ്പെട്ടതാണ് ചിത്രത്തിന്റെ പ്രമേയം. ലണ്ടനിലെ അവധിയാഘോഷത്തിന് ശേഷം ഷൂട്ടിങ് തിരക്കുകളിലേക്ക് മടങ്ങിയിരിക്കുകയാണ് മമ്മൂട്ടി .ഇന്ന് ലൊക്കേഷനില്‍ ജോയിന്‍ ചെയ്യും.
കൊച്ചിയില്‍ 12 ദിവസത്തെ ചിത്രീകരണമാണ് പ്‌ളാന്‍ ചെയ്യുന്നത്.ദുല്‍ഖര്‍ സല്‍മാന്‍ നായകനായ എബിസിഡി എന്ന ചിത്രത്തിന്റെ കഥാകൃത്തുക്കളായ സൂരജും നീരജുമാണ് തിരക്കഥ. വിക്രം നായകനായി ഗൗതം മേനോന്‍ സംവിധാനം ചെയ്ത റിലീസിന് ഒരുങ്ങുന്ന ധ്രുവനച്ചത്തിരം എന്ന ചിത്രത്തിന് കാമറ ചലിച്ചിപ്പ വിഷ്ണു ദേവ് ആണ് ഛായാഗ്രഹണം. നേരത്തെ ജോമോന്‍ ടി. ജോണിനെയാണ് ഛായാഗ്രാഹകനായി നിശ്ചയിച്ചിരുന്നത്.
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ആണ് നിര്‍മ്മാണം. മലയാളിയും തമിഴിലെ പ്രമുഖ സംവിധായകനും നടനുമായ ഗൗതം മേനോന്‍ ആദ്യമായാണ് മലയാള ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയും ഗൗതം മേനോനും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. എന്നാല്‍ നവാഗതനായ ഡിനോ ഡെന്നിസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ബസൂക്ക എന്ന ചിത്രത്തില്‍ മമ്മൂട്ടിയും ഗൗതം മേനോനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.ബസൂക്ക റിലീസിന് ഒരുങ്ങുന്നു.