Latest News

മികച്ച നടനാവാൻ അവസാന നിമിഷം വരെ ഫഹദ് ഫാസിലും മത്സരിച്ചു; ജൂറി അംഗങ്ങൾ വോട്ടിനിടപ്പോൾ ജയസൂര്യയും സൗബിനും ഒരേ വോട്ട് നേടിയതിന് പിന്നാലെ ഫഹദ് ഔട്ട്; മഞ്ജു വാര്യർക്ക് വിനയായത് ആമിയിലെ കൃത്രിമ അഭിനയമെങ്കിൽ നിമിഷ സജയനെ തുണച്ചത് അതി സ്വാഭാവികമായ അഭിനയചാരുത; ജേതാവിന്റെ കാര്യത്തിൽ ഭിന്നത ഉണ്ടായപ്പോൾ സമിതി ചെയർമാൻ ഇറങ്ങിപ്പോയി

Malayalilife
മികച്ച നടനാവാൻ അവസാന നിമിഷം വരെ ഫഹദ് ഫാസിലും മത്സരിച്ചു; ജൂറി അംഗങ്ങൾ വോട്ടിനിടപ്പോൾ ജയസൂര്യയും സൗബിനും ഒരേ വോട്ട് നേടിയതിന് പിന്നാലെ ഫഹദ് ഔട്ട്; മഞ്ജു വാര്യർക്ക് വിനയായത് ആമിയിലെ കൃത്രിമ അഭിനയമെങ്കിൽ നിമിഷ സജയനെ തുണച്ചത് അതി സ്വാഭാവികമായ അഭിനയചാരുത; ജേതാവിന്റെ കാര്യത്തിൽ ഭിന്നത ഉണ്ടായപ്പോൾ സമിതി ചെയർമാൻ ഇറങ്ങിപ്പോയി

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ പുറത്ത് വരുന്നത് പുരസ്‌കാര നിർണയത്തിന് പിന്നാലെ നടന്ന ഇഞ്ചോടിഞ്ച് മത്സരത്തിന്റെയും ജൂറിക്കുള്ളിലെ പിണക്കത്തിന്റെയും വരെ 'ഫ്‌ളാഷ് ബാക്ക്'. മികച്ച നടനാകുന്നതിന് വേണ്ടി ജൂറിയുടെ തുല്യ വോട്ട് നേടിയാണ് താരങ്ങളായ ജയസൂര്യയും സൗബിൻ ഷാഹിറും മത്സരത്തിന്റെ അവസാന ഘട്ടത്തിലെത്തിയത്. രണ്ട് പക്ഷമായി ജൂറി അംഗങ്ങൾ നിന്നതിനാലാണ് വോട്ടെടുപ്പിന് ശേഷം അവാർഡ് വീതിച്ചു നൽകാമെന്ന് തീരുമാനമായത്.

ഫഹദിനേയും മികച്ച നടൻ എന്ന പട്ടികയിലേക്ക് പരിഗണിച്ചിരുന്നു. എന്നാൽ മേരിക്കുട്ടിയിലും ക്യാപ്റ്റനിലും ജയസൂര്യ കാട്ടിയ പ്രകടന മികവും സൗബിൻ എന്ന നടന്റെ സ്വാഭാവിക രീതിയിലുള്ള കിടിലൻ പ്രകടനവുമാണ് അവാർഡിന്റെ ഉയരത്തിലേക്ക് ഇരുവരേയും എത്തിച്ചത്. മേരിക്കുട്ടിയിൽ അഭിനയിക്കുന്നതിനായി തന്റെ ശരീരഭാഷയിൽ തന്നെ വളരെ വ്യത്യാസം കൊണ്ടുവരാൻ ജയസൂര്യയ്ക്ക് സാധിച്ചു. മാത്രമല്ല ജോസഫ് എന്ന സിനിമയിലൂടെ മലയാളികൾക്ക് അഭിനയ വിസ്മയം കാട്ടി തന്ന ജോജൂ ജോർജിന് വെല്ലുവിളി ഉയർത്താൻ ആരും ഉണ്ടായിരുന്നില്ല എന്ന കാര്യവും ശ്രദ്ധേയമാണ്.

നിമിഷ സജയനും വ്യത്യസ്തതയുടെ മികവിൽ പിടിച്ചു നിന്ന താരമായിരുന്നു. ജയസൂര്യയെ പോലെ രണ്ട് വ്യത്യസ്ത വേഷത്തിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരം കൂടിയാണ് നിമിഷ. മഞ്ജു വാര്യരുടെ ആമി എന്ന സിനിമയിലെ അഭിനയം കണക്കിലെടുത്ത് പുരസ്‌കാരത്തിന് പരിഗണിച്ചിരുന്നുവെങ്കിലും വേഷത്തിലെ കൃത്രിമമാണ് അവസാന നിമിഷം എല്ലാം കൈവിട്ട് പോകാൻ കാരണമായത്. സ്വന്തം കഴിവ് തെളിയിക്കുന്ന ചിത്രങ്ങൾ അവസാന റൗണ്ടിൽ ഇല്ലാതിരുന്നതാണ് നടി ഐശ്വര്യ ലക്ഷ്മിക്ക് തിരിച്ചടിയായത്.

മികച്ച സ്വഭാവ നടിമാരായ സാവിത്രി ശ്രീധരനെയും സരസ ബാലുശേരിയെയും ജൂറി ഏകകണ്ഠമായാണ് തിരഞ്ഞെടുത്തത്. 'രൗദ്ര'ത്തിലെ കെപിഎസി ലീലയ്ക്ക് ജൂറി പരാമർശമുണ്ട്. എന്നാൽ വളരെ അപ്രതീക്ഷിതമായിട്ടാണ് മികച്ച ചിത്രമായി 'കാന്തൻ ദ് ലവർ ഓഫ് കളർ' തിരഞ്ഞെടുക്കപ്പെട്ടത്. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്ന ചിത്രത്തിൽ സാമൂഹിക പ്രവർത്തക ദയാഭായി അഭിനയിച്ചതും ഏറെ ശ്രദ്ധേയമായി. സ്ത്രീ വിരുദ്ധതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് 'ചോല' എന്ന സനൽ കുമാർ ശശിധരൻ ചിത്രം പുരസ്‌കാരം തൊടാതെ പോയത്.

കാന്തൻ സംവിധാനം ചെയ്ത സി. ഷെരീഫിനു മികച്ച സംവിധായകനുള്ള അവാർഡ് നൽകണമെന്നു ജൂറി ചെയർമാൻ കുമാർ ഷഹാനി വാദിച്ചെങ്കിലും ജൂറി അംഗങ്ങൾ എതിർക്കുകയായിരുന്നു. മാത്രമല്ല പല വിഷയങ്ങളിലും ചെയർമാനും അംഗങ്ങളുമായി രൂക്ഷമായ തർക്കം ഉണ്ടായി. മികച്ച സംവിധായകനായി ശ്യാമപ്രസാദിനു പുറമേ ജയരാജ്, ടി.വി.ചന്ദ്രൻ എന്നിവരുടെ പേരുകളും പരിഗണിച്ചിരുന്നു. എന്നാൽ കൂടുതൽ മികവു പുലർത്തിയതു ശ്യാമപ്രസാദാണെന്നു വിലയിരുത്തി.

'കാർബണി'ലെ ഗാനങ്ങൾ വ്യത്യസ്തവും രംഗങ്ങൾക്കു യോജിച്ചതും ആയതിനാലാണു വിശാൽ ഭരദ്വാജിനെ മികച്ച സംഗീത സംവിധായകനായി തിരഞ്ഞെടുത്തത്. 'ആമി'യുടെ സംഗീത സംവിധാനത്തിന് എം. ജയചന്ദ്രനെയും പരിഗണിച്ചിരുന്നു. മികച്ച ഗായികയാകാൻ ശ്രേയ ഘോഷാലിനു വെല്ലുവിളി ഇല്ലായിരുന്നു. മികച്ച ഗായകനായി വിജയ് യേശുദാസിനൊപ്പം കാർത്തിക്കിനെയും പരിഗണിച്ചു.

അവാർഡിനു മത്സരിച്ച 104 സിനിമകൾ ജൂറി 3 ഗ്രൂപ്പായി തിരിഞ്ഞാണു കണ്ടത്. ഇവർ തിരഞ്ഞെടുത്ത 20 സിനിമകളാണ് അവസാന റൗണ്ടിൽ പരിഗണിച്ചത്. ആ ചിത്രങ്ങൾ എല്ലാ ജൂറി അംഗങ്ങളും ഒന്നിച്ചിരുന്നു കണ്ടു. അവസാന റൗണ്ടിൽ വന്ന ചിത്രങ്ങൾ: രൗദ്രം, ചോല, ഓള്, ആമി, കാന്തൻ, പനി, ആൻഡ് ദി ഓസ്‌കർ ഗോസ് ടു, പെങ്ങളില, കമ്മാരസംഭവം, കാർബൺ, ഒരു ഞായറാഴ്ച, ഒരു കുപ്രസിദ്ധ പയ്യൻ, സൈലൻസർ, ജോസഫ്, ഞാൻ പ്രകാശൻ, സുഡാനി ഫ്രം നൈജീരിയ, ക്യാപ്റ്റൻ, ഒരു കാറ്റിൽ ഒരു പായ്ക്കപ്പൽ, ഞാൻ മേരിക്കുട്ടി, 24 ഡേയ്‌സ്.

പുരസ്‌കാര നിർണയത്തിനിടെ ക്ഷുഭിതനായി ജൂറി അധ്യക്ഷൻ

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയത്തിൽ ജൂറി അധ്യക്ഷനും അംഗങ്ങളും തമ്മിൽ പൊരിഞ്ഞ തർക്കം. തർക്കം കലശലായപ്പോൾ പുരസ്‌കാര നിർണയം 'നിങ്ങൾ നടത്തിയാൽ മതിയെന്നും ഞാൻ ഒപ്പിട്ടുനൽകാമെ'ന്നും അറിയിച്ചു ക്ഷുഭിതനായി ജൂറി അധ്യക്ഷൻ കുമാർ ഷഹാനി പുറത്തേക്കിറങ്ങി പോയിരുന്നു.

അദ്ദേഹത്തെ ചലച്ചിത്ര അക്കാദമി പ്രവർത്തകർ അനുനയിപ്പിച്ച് തിരികെ എത്തിക്കുകയായിരുന്നെന്നാണ് വിവരം. ഇദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെന്നാണ് സൂചന. അതിനാൽ തന്നെ അവസാന റൗണ്ടിലെത്തിയ ഏതാനും ചിത്രങ്ങൾ മാത്രമാണു കുമാർ ഷഹാനി കണ്ടതെന്നും ആക്ഷേപമുണ്ട്.

മികച്ച ചിത്രത്തിന്റെ സംവിധായകനു തന്നെ മികച്ച സംവിധായകനുള്ള പുരസ്‌കാരം നൽകണമെന്ന് അദ്ദേഹം വാദിച്ചപ്പോൾ, രാജ്യാന്തര ചലച്ചിത്ര പുരസ്‌കാരങ്ങളിലടക്കം ഇതു നിർബന്ധമില്ലെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി.

Read more topics: # film award conflict
film award conflict

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES