മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴ് കൂട്ടുകെട്ട് വീണ്ടും എത്തുന്നു.മധു മുട്ടവും ഫാസിലും വീണ്ടും ഒന്നിക്കുന്ന സിനിമ ഫാസില്‍ പ്രഖ്യാപിച്ചു. ആലപ്പുഴയിലെ ഹോട്ടല്‍ മുറിയില്‍ തിരക്കഥ രചനയിലാണെന്നും ഫാസില്‍ പറഞ്ഞു. മലയാളത്തിലെ 21 -ാം സിനിമയാണ് ഫാസിലിന്റെതായി ഒരുങ്ങുന്നത്. '
എഴുത്തുകാരി ലതാലക്ഷ്മിയുടേതാണു മൂലകഥ. കേട്ടപ്പോള്‍ മധു മുട്ടത്തിനു താല്‍പര്യമായി. എഴുതാന്‍ ഞാന്‍ മധുവിനോടു പറഞ്ഞു. ഞാന്‍ കൂടി ഇരിക്കണമെന്നു മധു. ചര്‍ച്ചകളും എഴുത്തും നടക്കുന്നു. അത് ഏതൊക്കെ വഴിയേ പോകുമെന്ന് അറിയില്ല'- ജന്മദിനത്തിനോടനുബന്ധിച്ച് മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പുതിയ സിനിമ ഫാസില്‍ പ്രഖ്യാപിച്ചത്.
''എഴുപത്തഞ്ചാം വയസ്സില്‍ ഒരു സിനിമ സംവിധാനം ചെയ്യുമ്പോള്‍ സമകാലിക സിനിമയെപ്പറ്റി നല്ല ധാരണ വേണം. തീയേറ്ററിലെ ആദ്യ പ്രേക്ഷകരായ ചെറുപ്പക്കാര്‍ക്ക് സിനിമ ഇഷ്ടപ്പെടണം എന്നതാണ് ഒടിടി കാലത്തെ വലിയ വെല്ലുവിളി.
അവരാണ് കുടുംബങ്ങളെ തിയറ്ററില്‍ എത്തിക്കേണ്ടത്, യുവജനങ്ങള്‍ ലിഫ്റ്റ് ചെയ്ത സിനിമ ആഘോഷിക്കാന്‍ കുടുംബങ്ങള്‍ വരുന്നു എന്നതാണ് സത്യം. ചിത്രത്തില്‍ ഒരു ചാന്‍സ് തരണമെന്ന് ഫഹദ് മധുവിനോട് പറഞ്ഞിട്ടുണ്ട്.'' എന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഫാസില്‍ പറഞ്ഞത്. എന്തായാലും പുതിയ ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് മധു മുട്ടത്തിന്റെ തിരക്കഥയില്‍ ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. മണിച്ചിത്രത്താഴ്, നോക്കത്താ ദൂരത്ത് കണ്ണും നട്ട്, എന്റെ മാമാട്ടികുട്ടിയമ്മയ്ക്ക്, മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, പപ്പയുടെ സ്വന്തം അപ്പൂസ്, അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ് തുടങ്ങീ നിരവധി മികച്ച ചിത്രങ്ങളാണ് ഫാസിലിന്റെതായി മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുള്ളത്.
ഹേമന്ത് മേനോന്‍, ശിവദ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2011-ല്‍ പുറത്തിറക്കിയ ലിവിംഗ് ടുഗതര്‍ ആണ് ഫാസിലിന്റെതായി അവസാനം പുറത്തിറങ്ങിയ ചിത്രം.