നടന്‍ സിദ്ദിഖിനെതിരായ നടിയുടെ ബലാത്സംഗക്കേസില്‍ കൂടുതല്‍ തെളിവുകളും സാക്ഷിമൊഴികളും പ്രത്യേക അന്വേഷണ സംഘത്തിനു ലഭിച്ചതായി വിവരം. അതിക്രമം നേരിട്ടതിനു പിന്നാലെ മാനസിക സംഘര്‍ഷം അടക്കമുള്ള പ്രശ്‌നങ്ങളില്‍ യുവതി ചികിത്സതേടിയിരുന്നു. ആശുപത്രിയില്‍ നിന്നുള്ള തെളിവുകള്‍ ഉള്‍പ്പെടെ ലഭിച്ചതായാണ് വിവരം.
അതേസമയം, മുന്‍കൂര്‍ ജാമ്യം തേടി സിദ്ദിഖ് സമര്‍പിച്ച ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്. ഹൈക്കോടതി വിധി വരുന്നതിന് പിന്നാലെ തുടര്‍ നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. 2016ല്‍ തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍വച്ച് പെണ്‍കുട്ടിയെ സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.
സിനിമ ചര്‍ച്ച ചെയ്യാന്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് നടി മെഴിനല്‍കിയത്. തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വച്ചാണ് പീഡനം നടന്നത്. തന്റെ സുഹൃത്തുക്കള്‍ക്കും സിദ്ദിഖില്‍ നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും നടി ആരോപിച്ചിരുന്നു. മലയാള സിനിമയിലെ നമ്പര്‍ വണ്‍ ക്രിമിനലാണ് സിദ്ദിഖെന്നും നടി പറഞ്ഞിരുന്നു.
നടിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് നടി ഉന്നയിക്കുന്നതെന്നുമാണ് സിദ്ദിഖിന്റെ വാദം. ഹോട്ടല്‍ മുറിയില്‍ ഹര്‍ജിക്കാരന്‍ ബലാല്‍സംഗം ചെയ്‌തെന്ന് ഉന്നയിക്കുന്ന പരാതിക്കാരിക്ക് മാസമോ, സംഭവ ദിവസമോ ഓര്‍മ്മയില്ലെന്ന് സിദ്ദിഖ് ജാമ്യ ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
2019 വരെ പരാതിക്കാരി ഹര്‍ജിക്കാരന്‍ ലൈംഗീക ഉദ്ദേശത്തോടെ പെരുമാറിയെന്നും മോശം വാക്കുകള്‍ ഉപയോഗിച്ചെന്നും സമൂഹ മാധ്യമങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്. 2016ല്‍ തിയറ്ററില്‍ സിനിമയുടെ പ്രിവ്യൂവിനിടെ ഹര്‍ജിക്കാരന്‍ മോശമായി പെരുമാറിയെന്നാണ് പരാതി. എന്നാല്‍ ഇപ്പറയുന്ന ആരോപണങ്ങള്‍ പ്രവര്‍ത്തികമാക്കാന്‍ പറ്റുന്ന ഇടമല്ല സിനിമ തിയറ്ററെന്ന് സിദ്ദിഖ് വാദിച്ചു.
നേരത്തെ ഉന്നയിച്ച ആരോപണങ്ങള്‍ ഹര്‍ജിക്കാരനെ അറസ്റ്റ് ചെയ്യാന്‍ പര്യാപ്തമല്ലെന്ന് കണ്ട് ബലാല്‍സംഗമടക്കം പുതിയ ആരോപണം കരുതിക്കുട്ടി ഉന്നയിക്കുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. അവ്യക്തവും ഉറപ്പില്ലാത്തതുമായ ആരോപണങ്ങള്‍ മാധ്യമങ്ങളിലൂടെ ഉന്നയിച്ച് ഹര്‍ജിക്കാരനെ അറസ്റ്റു ചെയ്യിക്കാനാണ് പരാതിക്കാരിയുടെ നീക്കം. അറസ്റ്റു ചെയ്യേണ്ടതില്ലെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ കാരണങ്ങളില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് സിദ്ദിഖ് കേടതിയില്‍ ആവശ്യപ്പെട്ടത്.