നടന്‍ ദിലീപിന്റെ സ്വകാര്യ വിശേഷങ്ങള്‍ അറിയുവാന്‍ ഏറെ താല്‍പര്യമാണ് മലയാളികള്‍ക്ക്. കുടുംബസമേതം അദ്ദേഹം എത്തുന്ന വീഡിയോകളെല്ലാം വൈറലായി മാറാറുമുണ്ട്. അക്കൂട്ടത്തിലേക്ക് ഏറ്റവും പുതിയതായി എത്തിയിരിക്കുന്നത് ദിലീപ് കാവ്യയെ വീഡിയോ കോള്‍ വിളിക്കുന്ന ദൃശ്യങ്ങളാണ്. ഇവര്‍ക്കൊപ്പം ഒരു സുന്ദരിക്കുട്ടിയും ഉണ്ട്. എന്താ മോള്‍ടെ പേര് എന്ന് കാവ്യ ചോദിക്കുന്നതും ഇവ്ലി എന്ന് യൂണിഫോമിട്ട കുട്ടി പറയുന്നതും കേള്‍ക്കാം. എന്നാല്‍ ചുറ്റുമുള്ള ബഹളത്തിനിടയില്‍ അതു വ്യക്തമായി കേള്‍ക്കാത്ത കാവ്യ കിളി എന്നാണ് പേര് ഊഹിച്ച് എടുത്തത്. രണ്ടു മൂന്നു തവണ ആ കുട്ടി പേര് പറഞ്ഞിട്ടും കുഞ്ഞു സ്വരം കാരണം കേള്‍ക്കാന്‍ സാധിക്കാതെ പോയത് ഇവ്ലി.. ഞാന്‍ ഇവ എന്നു വിളിക്കും എന്നു ദിലീപ് പറയുകയായിരുന്നു.
എത്രാം ക്ലാസിലാ പഠിക്ക്ന്നേ എന്ന് കാവ്യ ചോദിച്ചപ്പോള്‍ യുകെജിയിലാണെന്നും ദിലീപ് പറയുന്നുണ്ട്. അധികം സംസാരിക്കാതെ നിന്ന കുട്ടിയെ കണ്ട് ഓ ഭയങ്കര സീരിയസ് ആണല്ലോ എന്ന് കാവ്യ പറയുമ്പോള്‍ ആഹ്.. അതെ.. ഇപ്പോ വലിയ സീരിയസായതാ. ഞാന്‍ നാളത്തേക്ക് ടിക്കറ്റെടുത്തിരിക്കുകയാണ്. ഇങ്ങോട്ടു കൊണ്ടുവരാനാണോ എന്നു കാവ്യ ചോദിച്ചപ്പോള്‍ ആ അത്.. അങ്ങോട്ട് കൊണ്ടുവരാന്‍. മാമാട്ടിയ്ക്ക് ഫ്രണ്ടാക്കാന്‍.. ഇയാള് മതിയാ.. ഇയാളെ അനിയത്തിയായിട്ട് നമുക്ക് കൊണ്ടോകാം എന്നു പറയുന്നതും കുട്ടിയ്ക്കൊപ്പം ഏറെ നേരം കളിചിരി വര്‍ത്തമാനങ്ങളുമായി ദിലീപ് സമയം ചെലവഴിക്കുന്നതും വീഡിയോയില്‍ കാണാം.
കുട്ടികളെ വളരെയധികം ഇഷ്ടമുള്ളയാളാണ് ദിലീപ്. കുട്ടികളോട് ഇടപഴകാനും അവരുമായി സംസാരിക്കാനുമെല്ലാം ദിലീപ് വളരെയധികം സമയം കണ്ടെത്തുകയും ചെയ്യും. അതുകൊണ്ടു തന്നെയാണ് മീനാക്ഷിയ്ക്കും മഹാലക്ഷ്മിയ്ക്കും അമ്മമാരേക്കാള്‍ അച്ഛനെ ഏറെ ഇഷ്ടമായതും. വിവാഹം കഴിഞ്ഞ് 10 വര്‍ഷത്തിനുശേഷം ദിലീപ്- കാവ്യ പ്രണയം ഇങ്ങനെയാണെന്ന് പറഞ്ഞാണ് ഈ വീഡിയോ വൈറലാകുന്നത്. മാത്രമല്ല ഇരുവരും ഒരേ രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയും തമാശയോടെ സംസാരിക്കുകയും ചെയ്യുന്നവരാണ്. ദിലീപിന്റെ ഇതുപോലുള്ള പല തമാശകളും മുന്‍പ് പുറത്തു വന്നിരുന്നു.
2016 നവംബറിലായിരുന്നു ദിലീപും കാവ്യ മാധവനും വിവാഹിതരാവുന്നത്. ഇക്കാര്യം വളരെ രഹസ്യമാക്കി വെക്കുകയും വിവാഹത്തിന് തൊട്ടു മുന്‍പാണ് പുറം ലോകത്തെ അറിയിക്കുകയും ചെയ്തത്. 2018 ലാണ് താരങ്ങള്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്. മഹാലക്ഷ്മി എന്ന പേരിട്ടിരിക്കുന്ന മകളെ മാമാട്ടി എന്നാണ് സ്‌നേഹത്തോടെ വിളിക്കുന്നത്. ദിലീപിന്റെ മൂത്ത മകളും ഇരുവര്‍ക്കും ഒപ്പമാണ്. വിവാഹത്തോടെ സിനിമയില്‍ നിന്ന് പിന്മാറിയ കാവ്യ ഇപ്പോള്‍ കുടുംബിനിയായി നില്‍ക്കുകയാണ്. മാത്രമല്ല കഴിഞ്ഞ കുറച്ച് നാളുകളായി കാവ്യയുടെ ബിസിനസ് സംരംഭമായ ലക്ഷ്യയുടെ മോഡലായി പ്രത്യക്ഷപ്പെടാറുണ്ട്.