മലയാള സിനിമയിലെ ഏറ്റവും വലിയ സിനിമയായി ഒരുങ്ങുന്ന എമ്പുരാന് കാത്തിരിക്കുകയാണ് മലയാളി സിനിമാ പ്രേമികള്‍. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും കാട്ടുതീ പോലെയാണ് സോഷ്യല്‍ മീഡിയയില്‍ പടരുന്നത്. ഇപ്പോഴിതാ സിനിമയുടെ അപ്‌ഡേറ്റുകള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് അറിയിക്കുകയാണ് സംവിധായകന്‍ പൃഥ്വിരാജ്.
ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജും മോഹന്‍ലാലും ഉള്‍പ്പെടെയുള്ളവരാണ് അറിയിപ്പിനെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നത്. ഇന്ന് വൈകുന്നേരം 5 മണിക്ക് ചിത്രത്തിന്റെ കൂടുതല്‍ അപ്ഡേറ്റ് ഉണ്ടാകുമെന്നാണ് ഇരുവരും ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.ഇതിനായി ഇറക്കിയിട്ടുള്ള പോസ്റ്റര്‍ സിനിമാപ്രേമികളില്‍ കൌതുകം ഉണ്ടാക്കിയിട്ടുണ്ട്. ലൂസിഫറില്‍ മോഹന്‍ലാലിന്റെ എബ്രഹാം ഖുറേഷി ധരിച്ചിരുന്ന മോതിരത്തിന്റെ ചിത്രവും നിലത്ത് വീണ രക്തത്തിന്റെ പാട് പോലെ രണ്ടെന്ന അക്കത്തിന്റെ സൂചനയുമാണ് പോസ്റ്ററില്‍ ഉള്ളത്. ലൂസിഫര്‍ ഇറങ്ങിയ സമയത്ത് ഒട്ടേറെ ഫാന്‍ തിയറികള്‍ക്ക് വഴിതുറന്ന ഒന്നായിരുന്നു ഈ മോതിരം.
ചിത്രത്തെ സംബന്ധിച്ചുള്ള ഓരോ വിശദാംശങ്ങളും വലിയ സ്വീകാര്യതയോടെയായിരുന്നു ജനങ്ങള്‍ ഏറ്റെടുത്തിരുന്നത്. എമ്പുരാന്റെ ചിത്രീകരണം ഈ മാസം തുടുങ്ങുമെന്ന സൂചനയുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ചിത്രം സംബന്ധിച്ച പുതിയ പ്രഖ്യാപനം. അതേസമയം ആരാധകര്‍ തുടര്‍ച്ചയായി ചിത്രത്തിന്റെ വിശദാംശങ്ങള്‍ ചോദിക്കുന്നതിനാല്‍ വിവരങ്ങള്‍ പങ്കു വയ്ക്കുന്നതിനായി എമ്പുരാന്റെ പേരില്‍ ഒരു ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ആരംഭിച്ചിരുന്നു. ഇതോടെ ചിത്രം സംബന്ധിക്കുന്ന അപ്ഡേറ്റുകള്‍ ഉടന്‍ വരുമെന്ന് ഉറപ്പായിരുന്നു
തമിഴ്‌നാടിന് പുറമെ നാലില്‍ അധികം വിദേശരാജ്യങ്ങളിലായിരിക്കും എമ്പുരാന്റെ ചിത്രീകരണമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. മുരളി ഗോപിയാണ് തിരക്കഥ. ലൂസിഫറിന്റെ കലാസംവിധായകന്‍ മോഹന്‍ദാസ് തന്നെയാണ് എമ്പുരാന്റെയും ആര്‍ട്ട് ഡയറക്ടര്‍. കാന്താരയുടേയും കെജിഎഫിന്റേയും നിര്‍മാതാക്കളായ ഹോംബാലെക്കൊപ്പം, ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.