വിവാദങ്ങള്‍ക്കും കൊമ്പുകോര്‍ക്കലിനും ഒടുക്കം നടന്‍ ഷെയ്ന്‍ നിഗവും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പായി. താരസംഘടന അമ്മയുടെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ഒടുവിലാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചത്. വ്യവസ്ഥ പ്രകാരം ജോബി ജോര്‍ജിന്റെ വെയില്‍ എന്ന ചിത്രം ഷെയ്ന്‍ പൂര്‍ത്തിയാക്കും. എന്നാല്‍ ജോബിയുടെ തന്നെ അടുത്ത ചിത്രത്തില്‍ നിന്നും ഷെയിന്‍ പിന്‍മാറി. ഇപ്പോള്‍ അഭിനയിക്കുന്ന കുര്‍ബാനിയുടെ ചിത്രീകരണം നവംബര്‍ 10 ന് അവസാനിക്കും. ഇതിന് ശേഷം നവംബര്‍ 16 മുതല്‍ ജോബിയുടെ വെയില്‍ എന്ന ചിത്രത്തില്‍ ഷെയ്ന്‍ അഭിനയിക്കുക.
താരസംഘടനയായ അമ്മയുടെയും നിര്‍മ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന ചര്‍ച്ചയിലൂടെയാണ് ഇരുവരും തമ്മിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ചത്. പ്രശ്‌നങ്ങള്‍ പറഞ്ഞു ഒത്തു തീര്‍പ്പാക്കിയെന്നും കരാര്‍ പ്രകാരം ഷെയിന്‍ നിഗത്തിന് നല്‍കാനുണ്ടായിരുന്ന 40 ലക്ഷത്തില്‍ 24 ലക്ഷം രൂപ നല്‍കിയെന്നും ഇനി 16 ലക്ഷം കൂടി നല്‍കുമെന്നും ജോബി ജോര്‍ജ് വ്യക്തമാക്കി.
ചര്‍ച്ചയില്‍ തൃപ്തിയും സന്തോഷവും ഉണ്ടെന്നു ഷൈന്‍ നിഗവും പ്രതികരിച്ചു. 'വെയില്‍ സിനിമയുടെ തുടക്കവും മുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു'. ഇപ്പോള്‍ എല്ലാം പരിഹരിച്ചതായും ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു. അമ്മയുടെയും കേരള ഫിലിം പ്രൊഡ്യൂസര്‍ അസോസിയേഷന്റെയും പ്രതിനിധികളും ചിത്രീകരണം തീരും വരെ ഇവര്‍ക്കിടയില്‍ മധ്യസ്ഥത നില്‍ക്കാനും യോഗത്തില്‍ തീരുമാനമായി. മുടിയും താടിയും നീട്ടിവളര്‍ത്തി വ്യത്യസ്ഥ ഗെറ്റപ്പിലായിരുന്നു ഷെയിന്‍നിഗം വെയിലിന്റെ ഫസ്റ്റ് ലുക്കില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഈ സിനിമയുടെ കരാറില്‍ നില്‍ക്കുമ്പോള്‍ മറ്റൊരു മലയാളം ചിത്രത്തിനായി ഷെയിന്‍ മുടിവെട്ടിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.
ഇന്‍സ്റ്റഗ്രാമില്‍ ലൈവില്‍ എത്തിയാണ് ഷെയ്ന്‍ നിഗം തനിക്കെതിരെയുള്ള ഭീഷണി വെൡപ്പെടുത്തിയത്. ജോബി ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റ് നിര്‍മിക്കുന്ന വെയില്‍ എന്ന സിനിമയിലെ നായകനാണ് ഷെയ്ന്‍ നിഗം. എന്നാല്‍, ഒന്നാം ഷെഡ്യൂള്‍ പൂര്‍ത്തിയായതിനു ശേഷം മറ്റൊരു സിനിമയ്ക്ക് വേണ്ടി ഗെറ്റ് അപ് ചേഞ്ച് ചെയ്തപ്പോള്‍ തനിക്കെതിരെ നിര്‍മാതാവ് വധഭീഷണി മുഴക്കിയെന്ന് ഷെയിന്‍ പറയുന്നു.
ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ നിര്‍മിക്കുന്ന വെയില്‍ എന്ന ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂള്‍ 20 ദിവസമായിരുന്നു നിശ്ചയിച്ചതെങ്കിലും 16 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയിരുന്നു. നവംബര്‍ 15നു ശേഷമാണ് വെയിലിന്റെ അടുത്ത ഷെഡ്യൂള്‍. അതിനാല്‍, വെയിലിന്റെ ഒന്നാം ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മാങ്കുളത്ത് കുര്‍ബാനിയുടെ സെറ്റിലേക്കാണ് ഷെയിന്‍ പോയത്.
കുര്‍ബാനിക്ക് വേറൊരു ഗെറ്റ് അപ് ആവശ്യമായി വന്നതിനാല്‍ പിന്നിലെ മുടി അല്‍പം മാറ്റിയിരുന്നു. എന്നാല്‍, വെയിലിന്റെ ഷൂട്ടിംഗ് മുടക്കാന്‍ വേണ്ടിയാണ് ഷെയിന്‍ ഇങ്ങനെ ചെയ്തതെന്ന് ആരോപിച്ച് ജോബി ജോര്‍ജ് വധഭീഷണി മുഴക്കിയെന്നാണ് ഷെയിന്‍ ആരോപിച്ചത്. എന്നാല്‍ ഇതിേ തുടര്‍ന്ന് വധഭീഷണി മുഴക്കിയുള്ള നിര്‍മാതാവിന്റെ ഓഡിയോ സംഭാഷണവും ഏറെ വിവാദം തീര്‍ത്തിരുന്നു.