മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട സംഭവമാണ് നിര്‍മാതാവ് ജോബി ജോര്‍ജ്ജ് തടത്തിലും നടന്‍ ഷെയ്ന്‍ നിഗവുമായുള്ള പ്രശ്‌നങ്ങള്‍. പ്രശ്‌നങ്ങളും ഇതേചൊല്ലിയുള്ള വിവാദങ്ങളും അവസാനിച്ചത് നടന്‍ ഷെയ്‌ന്റെ വിലക്കിലായിരുന്നു. നടന്‍ അഹങ്കാരപൂര്‍വ്വമുള്ള നിലപാടാണ് സ്വീകരിക്കുന്നത് എന്നാണ് വെയില്‍, ഉല്ലാസം എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ ആരോപിച്ചത്. ഇതേചൊല്ലി ഷെയ്‌ന്റെ സിനിമകളും കരിയറും പ്രതിസന്ധിയിലായിരുന്നു. ഇപ്പോഴിതാ പ്രശ്‌നങ്ങളൊക്കെ അവസാനിപ്പിച്ച് വെയില്‍ എന്ന ചിത്രം ഷെയ്ന്‍ പൂര്‍ത്തീകരിച്ചിരിക്കയാണ്.
വെയില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ ഷെയ്ന്‍ മുടി മുറിച്ചതാണ് മലയാളസിനിമയില്‍ വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ഇതിന്റെ പേരില്‍ താന്‍ നായകനായ വെയില്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ജോബി വധ ഭീഷണി മുഴക്കിയെന്ന് ഷെയ്ന്‍ ആരോപിച്ചു. ഇതിന് പിന്നാലെ ഷെയ്ന്‍ ചിത്രത്തില്‍ സഹകരിക്കാത്തതിന്റെ പേരിലും പ്രതിഫലം കൂട്ടിച്ചോദിച്ചതിന്റെ പേരിലുമാണ് പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നും ജോബി വെളിപ്പെടുത്തി. ഇതിന് പിന്നാലെ നടനും നിര്‍മ്മാതാക്കളുടെ സംഘടനയും തമ്മില്‍ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമുയര്‍ന്നു. ഇതിനിടയില്‍ ഷെയ്‌ന്റെ അഹങ്കാരം പൊറുപ്പിക്കില്ലെന്ന് കാട്ടി നിര്‍മ്മാതാക്കളുടെ സംഘടന യുവനടനെ വിലക്കി. മാസങ്ങള്‍ നീണ്ട പ്രശ്‌നങ്ങള്‍ക്കൊടുവില്‍ ഷെയ്ന്‍ നിര്‍മ്മാതാക്കളോട് മാപ്പുപറഞ്ഞിരുന്നു. നിലവില്‍ നല്‍കിയ 24 ലക്ഷം രൂപയ്ക്ക് അഭിനയിക്കാമെന്നും നടന്‍ ഉറപ്പുനല്‍കിയിരുന്നു. തുടര്‍ന്ന് ലോക്ഡൗണിന് ശേഷം വെയില്‍ എന്ന ജോബി ചിത്രത്തില്‍ പൂര്‍ണമായും സഹകരിച്ച് ഷെയ്ന്‍ ചിത്രം പൂര്‍ത്തിയാക്കിയിരിക്കയാണ്.
ഫേസ്ബുക്കിലാണ് ഷെയ്‌നൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ച് ജോബി വെയിലിന്റെ ചിത്രീകരണം പൂര്‍ത്തിയായ സന്തോഷം പങ്കുവച്ചത്. ഇന്ന് വെയില്‍ പൂര്‍ണമായും ചിത്രീകരണം തീര്‍ന്നു.. കാര്‍മേഘങ്ങള്‍ ഒഴിഞ്ഞു പോയി.. ഈ വെയില്‍ പൂര്‍ണ്ണ ശോഭയില്‍ തെളിയും നിങ്ങള്‍ക്കു മുന്‍പില്‍ ഉടനെന്നാണ് ജോബി കുറിച്ചത്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശരത് മേനോനാണ്. മുന്‍പ് അങ്കമാലി ഡയറീസ്, ഈമയൗ എന്നീ ചിത്രങ്ങളില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തി കൂടിയാണ് ശരത്.
വെയിലില്‍ ദേശീയ അവാര്‍ഡ് ജേതാവായ സുരാജ് വെഞ്ഞാറമ്മൂടും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷാസ് മുഹമ്മദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പ്രവീണ്‍ പ്രഭാകറാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. രംഗനാഥ് രവിയാണ് ശബ്ദ മിശ്രണം.