കൊച്ചി: മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന് സിദ്ദിഖിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി ജന്മനാട്. ഔദ്യോഗിക ബഹുമതികളോടെ എറണാകുളം സെന്‍ട്രല്‍ ജുമാമസ്ജിദിലെ ഖബറിസ്ഥാനില്‍ ഭൗതിക ശരീരം ഖബറടക്കി. മലയാള സിനിമ എക്കാലവും ഓര്‍ക്കുന്ന ഹിറ്റ്മേക്കര് ഓര്‍മ്മകളുടെ വെള്ളിത്തിരയില്‍ ഇനി ജ്വലിക്കും.
മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മലയാള സിനിമാ ലോകവും ചലച്ചിത്ര പ്രേമികളും ഒന്നടങ്കം എത്തിയിരുന്നു. വീട്ടില്‍ വച്ച് പൊലീസ് ഔദ്യോഗിക ബഹുമതി നല്കി. തുടര്‍ന്ന് വിലാപയാത്രയായി എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദിലേക്ക് നീങ്ങി. പള്ളിയില്‍ ഔദ്യോഗിക ബഹുമതി നല്കിയ ശേഷം നിസ്കാര ചടങ്ങുകള്‍ക്ക് പിന്നാലെ ഖബര്‍സ്ഥാനില്‍ ഖബറടക്കം നടന്നു. ജനക്കൂട്ടം ഖബര്‍സ്ഥാനിലും തടിച്ചുകൂടിയിരുന്നു. ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും അന്തിമോപചാരമര്‍പ്പിക്കാന്‍ വീട്ടില്‍ സൗകര്യമൊരുക്കിയിരുന്നു.
പതിനാറാം വയസു മുതല്‍ ഒപ്പം ചേര്‍ന്ന ചങ്ങാതിയെ അവസാനമായി കാണാന്‍ എത്തിയ നടന് ലാല്‍ പൊട്ടിക്കരഞ്ഞതു കണ്ടുനിന്നവരെ ദുഃഖത്തിലാഴ്ത്തി. ഫാസിലും ഫഹദ് ഫാസിലും ചേര്‍ന്നാണ് ലാലിനെ ആശ്വസിപ്പിച്ചത്. മമ്മൂട്ടി, സായ്കുമാര് തുടങ്ങി നിരവധി പേര് പ്രിയസുഹൃത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. രാവിലെ 9 മുതല്‍ 12 വരെയായിരുന്നു കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനം. പൊതുദര്‍ശനത്തിനുശേഷം മൃതദേഹം കാക്കനാട് പള്ളിക്കരയിലെ വീട്ടിലേക്കു കൊണ്ടുപോയി.
ഇന്ന് രാവിലെ എട്ടരയോടെയാണ് പള്ളിക്കരയിലെ വീട്ടില്‍ നിന്ന് മൃതദേഹം വിലാപയാത്രയായി എറണാകുളം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് കൊണ്ടുവന്നത്. മലയാള സിനിമാ ലോകവും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇവിടേക്കെത്തി. മമ്മൂട്ടി, സായികുമാര്‍, ജഗദീഷ്, കമല്‍, ബി ഉണ്ണികൃഷ്ണന് തുടങ്ങി താരങ്ങളും സംവിധായകരുമടക്കം സിനിമാ മേഖല ഒന്നാകെ യാത്രാമൊഴി ചൊല്ലി.
പുല്ലേപ്പടിയിലെ വീട്ടില്‍ നിന്ന് കൊച്ചിന് കലഭവനിലൂടെ സിനിമയിലെത്തിയ സിദ്ദിഖിനെ നഗരപൗരാവലിയും ചലച്ചിത്രപ്രേമികളും അവസാനമായി ഒരുനോക്കുകണ്ടു. നാലരയോടെയാണ് ശേഷമാണ് മൃതദേഹം വിലാപയാത്രയായി എറണാകുളം സെന്‍ട്രല്‍ ജുമാമസ്ജിദിലേക്ക് കൊണ്ടുവന്നത്, തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതി. പിന്നാലെ ഖബറിസ്ഥാനില്‍ സംസ്കാരം.
കരള്‍ സംബന്ധമായ രോഗത്തിനുള്ള ചികിത്സയില്‍ കഴിയവെ തിങ്കളാഴ്ച ഉച്ചയോടെയാണ് സിദ്ദിഖിന് ഹൃദയാഘാതം ഉണ്ടായത്. മലയാള സിനിമയില്‍ ചിരിയുടെ പുതുവഴി തുറക്കുകയും തമിഴിലും ഹിന്ദിയിലും വരെ ഹിറ്റ്മേക്കര് ആകുകയും ചെയ്ത സംവിധായകന് സിദ്ദിഖ് ഇന്നലെ രാത്രിയാണു വിടവാങ്ങിയത്. രാത്രി 9.10ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍രോഗം മൂര്‍ഛിച്ച് മൂന്നാഴ്ചയിലേറെയായി ഐസിയുവിലായിരുന്നു. ഇന്നലെ സംവിധായകന് ബി ഉണ്ണികൃഷ്ണനാണ് മരണം വിവരം ഔദ്യോഗികമായി അറിയിച്ചത്.
തിങ്കളാഴ്ചയുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് നില അതീവ ഗുരുതരമായി. പിന്നീട് ഉപകരണ സഹായത്താലായിരുന്നു (എക്മോ) ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം. ഭാര്യ: ഷാജിദ. മക്കള്‍: സുമയ്യ, സാറ, സുക്കൂന്‍. മരുമക്കള്‍: നബീല്‍, ഷെഫ്സിന്‍. കൊച്ചി പുല്ലേപ്പടി കറുപ്പ്നുപ്പില്‍ പരേതരായ കെ.എം.ഇസ്മായില്‍ ഹാജിയുടെയും സൈനബയുടെയും മകനാണ്.
തുടര്‍ച്ചയായി സൂപ്പര്‍ മെഗാ ഹിറ്റുകള്‍ എങ്ങനെയൊരുക്കാമെന്ന് മലയാള സിനിമയെ പരിചയപ്പെടുത്തിയ 'ഗോഡ്ഫാദര്' ആയിരുന്നു സിദ്ദിഖ്. 68-ാമത്തെ വയസില്‍ അപ്രതീക്ഷിതമായി ചലച്ചിത്ര ലോകത്ത് നിന്ന് അദ്ദേഹം യാത്രപറഞ്ഞു. കൊച്ചിന് കലാഭവനിലൂടെയാണ് സിദ്ദിഖിന്റെ കലാജീവിതം ആരംഭിക്കുന്നത്. കലാഭവനില്‍ വച്ചാണ് അദ്ദേഹം പില്ക്കാലത്ത് തന്റെ സംവിധാന പങ്കാളിയായ ലാലുമായി സൗഹൃദത്തിലാകുന്നത്. പിന്നീട് ഈ സൗഹൃദം ഇരുവരുടെയും ജീവിതത്തെ മാറ്റി മറിക്കുകയായിരുന്നു.
34 വര്‍ഷം മുന്‍പ് 'റാംജിറാവ് സ്പീക്കിങ്' എന്ന സിനിമയിലൂടെ മലയാളത്തില്‍ ചിരിയുടെ പുതിയ ട്രാക്ക് സൃഷ്ടിച്ച സിദ്ദിഖ്-ലാല്‍ സംവിധായക കൂട്ടുകെട്ട് തുടര്‍ന്ന് ഹിറ്റുകളുടെ പരമ്പര തന്നെ സൃഷ്ടിച്ചു. 'ഇന്‍ ഹരിഹര്‍ നഗര്‍', 'ഗോഡ്ഫാദര്', 'വിയറ്റ്നാം കോളനി', 'കാബൂളിവാല' എന്നീ സിനിമകള്‍ക്കുശേഷം സിദ്ദിഖ് ഒറ്റയ്ക്കു സംവിധാനം ചെയ്തുതുടങ്ങിയപ്പോഴും വിജയചരിത്രം തുടര്‍ന്നു. 'ഹിറ്റ്ലര്‍', 'ഫ്രണ്ട്സ്', 'ക്രോണിക് ബാച്ചിലര്‍', 'ബോഡിഗാര്‍ഡ്', 'ലേഡീസ് ആന്‍ഡ് ജന്റില്മാന്', 'ഭാസ്കര്‍ ദ റാസ്കല്‍', 'കിങ് ലയര്‍', 'ഫുക്രി', 'ബിഗ് ബ്രദര്‍' തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകള്‍.
സല്മാന് ഖാന് നായകനായ 'ബോഡിഗാര്‍ഡി'ന്റെ ഹിന്ദി റീമേക്ക് 200 കോടിയിലേറെ രൂപ കലക്ഷന്‍ നേടി. 'ഫ്രണ്ട്സ്', 'എങ്കള്‍ അണ്ണ', 'കാവലന്', 'സാധുമിരണ്ട', 'ഭാസ്കര്‍ ഒരു റാസ്കല്‍' എന്നീ സിനിമകള്‍ തമിഴിലും 'മാരോ' എന്ന ചിത്രം തെലുങ്കിലും സംവിധാനം ചെയ്തു.
മോഹന്‍ലാല്‍ നായകനായ 'ബിഗ് ബ്രദര്‍' (2020) ആണ് അവസാന സിനിമ. മഹാരാജാസില്‍ വിദ്യാര്‍ത്ഥിയായിരിക്കെ മിമിക്രി, മോണോ ആക്ട് വേദികളില്‍ തിളങ്ങിയ സിദ്ദിഖ് കൊച്ചിന് കലാഭാവനിലൂടെയാണ് കലാവേദികളില്‍ സജീവമായത്. സത്യന് അന്തിക്കാടിന്റെ 'പപ്പന് പ്രിയപ്പെട്ട പപ്പന്' തിരക്കഥയൊരുക്കിയായിരുന്നു സിദ്ദിഖ്ലാല്‍ ജോടിയുടെ സിനിമയിലെ അരങ്ങേറ്റം.