സംവിധായകന് സിദ്ദിഖിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ എല്ലാവരും തിരഞ്ഞത് അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരെയാണ്. കുടുംബത്തെ കുറിച്ചും അവരുടെ വിശേഷങ്ങളെ കുറിച്ചും ഒന്നും അധികമൊന്നും അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ലാത്തതിനാല്‍ തന്നെ അദ്ദേഹവുമായി അടുത്തു നില്‍ക്കുന്നവര്‍ക്കു മാത്രമാണ് കുടുംബത്തെ പരിചയമുള്ളത്. കാക്കനാട് പള്ളിക്കരയിലെ വീട്ടില്‍ ഭാര്യയും മൂന്നു പെണ്മക്കള്ക്കും ഒപ്പം കുടുംബസമേതമാണ് അദ്ദേഹം താമസിച്ചിരുന്നത്. മൂത്ത രണ്ടു മക്കളെ വിവാഹം കഴിപ്പിച്ച് അയച്ച ശേഷം ഇളയ മകളും ഭാര്യയും സിദ്ദിഖും മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്.
എറണാകുളം പുല്ലേപ്പടിയിലാണ് സിദ്ദിഖ് ജനിച്ചത്. ഒരു അധ്യാപകനാകുവായിരുന്നു ആഗ്രഹം. മഹാരാജാസില്‍ ബിഎയ്ക്ക് ചേര്‍ന്നപ്പോഴാണ് പുല്ലേപ്പടി ദാറുല്‍ഉലും സ്കൂളില്‍ ക്ലാര്‍ക്കായി ജോലി ലഭിച്ചത്. അങ്ങനെ ആ ജോലി നേടി പഠനം ഈവനിംഗ് ബാച്ചിലേക്ക് മാറ്റി. അതുകൊണ്ടു തന്നെ 24-ാം വയസില്‍ കല്യാണവും കഴിഞ്ഞു. 1984ല്‍ ആയിരുന്നു വിവാഹം. പിന്നാലെ മൂന്നു പെണ്മക്കളും ജനിച്ചു. മുംസ്ലീം പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ച് അയക്കാന്‍ മാതാപിതാക്കള്‍ ധൃതി കൂട്ടിയിരുന്ന കാലത്താണ് സിദ്ദിഖ് അവരെ പഠിപ്പിച്ചത്. പഠിക്കാനും അവര്‍ മിടുക്കരായിരുന്നു.
മൂത്തമകള്‍ സുമയ്യയ്ക്ക് ബിഎയ്ക്കും എംഎയ്ക്കും റാങ്ക് ഉണ്ടായിരുന്നു. സെന്റ് തെരാസാസ് കോളേജിലായിരുന്നു പഠിച്ചത്. അവളെ സിവില്‍ സര്‍വ്വീസിന് അയക്കാമായിരുന്നിട്ടും സിദ്ദിഖ് എന്തോ അതിനു ശ്രമിച്ചില്ല. അതിന് ആവോളം പഴിയും അടുത്ത കൂട്ടുകാരില്‍ നിന്നും കേട്ടിട്ടുണ്ട്. മക്കളുടെ പഠന കാര്യങ്ങളിലൊന്നും അത്ര ശ്രദ്ധ നല്‍കിയിരുന്ന ആളായിരുന്നില്ല സിദ്ദിഖ്. അവരെ സ്നേഹിക്കും ആവോളം സ്നേഹിക്കും എന്നതിനപ്പുറം മക്കളുടെ പഠനകാര്യങ്ങളെല്ലാം സാജിദയായിരുന്നു നിര്‍വ്വഹിച്ചിരുന്നത്. അവരെ കുട്ടിക്കാലത്ത് സ്കൂളില്‍ ചേര്‍ക്കാന്‍ മാത്രമായിരുന്നു സിദ്ദിഖ് പോയത്. പിന്നീടെല്ലാം സാജിദ ഏറ്റെടുത്തു.
രണ്ടാമത്തെ മകള്‍ സാറ എംകോം ബിരുദധാരിയാണ്. നന്നായി ചിത്രം വരയ്ക്കുകയും ചെയ്യും. സിദ്ദിഖിന്റെ കലാവാസന ചിത്രരചനയായാണ് രണ്ടാമത്തെ മകള്‍ സാറയ്ക്ക് ലഭിച്ചത്. ഇളയ മകള്‍ സുകൂണ്‍ ഒരു സ്പെഷ്യല്‍ കിഡ്ഡാണ്. അതുകൊണ്ടു തന്നെ സ്പെഷ്യല്‍ സ്കൂളിലാണ് സുകൂണ്‍ പഠിക്കുന്നതും. സുകൂണ്‍ ആണ് സിദ്ദിഖിന് എന്നും വേദനയായിട്ടുള്ളത്. തന്റെയും സജിതയുടെയും കാലശേഷം സുകൂണിനെ ആരു നോക്കും എന്നത് വലിയ ചോദ്യചിഹ്നമായി തന്നെ അവശേഷിച്ചിരുന്നു. എന്നാല്‍ മൂത്ത രണ്ടു പെണ്മക്കള്ക്ക് ഭര്ത്താക്കന്മാരായി എത്തിയവര്‍ സിദ്ദിഖിന്റെ ആശങ്കയ്ക്ക് പരിഹാരം കണ്ടെത്തുന്നതായിരുന്നു.
സ്വന്തം അനിയത്തിയായി തന്നെ അവര്‍ സുകൂണിനെയും സ്നേഹിക്കുന്നു. അവരുടെ കുടുംബത്തോടൊപ്പം ചേര്‍ത്തുവച്ച് നോക്കുന്നു. പരിചരിക്കുന്നു. ആശുപത്രിയിലായിരുന്ന കാലയളവില്‍ പോലും സിദ്ദിഖ് പറഞ്ഞതും സംസാരിച്ചതുമെല്ലാം മക്കളെ കുറിച്ചായിരുന്നു. ഉപ്പയെ പോലെ സ്നേഹിക്കാനും ജീവിക്കാനും പഠിച്ചവാണ് അവര്‍ മൂന്നു പെണ്മക്കളും. അതുകൊണ്ടു തന്നെ പണവും ആഢംബരവുമൊന്നും അവര്‍ക്ക് മുന്നില്‍ ഒന്നുമല്ല. പരസ്പരം താങ്ങായും തണലായും ജീവിക്കുന്ന അവര്‍ക്കരികില്‍ സിദ്ദിഖിന്റെ ഇളയ മകള്‍ എന്നും സുരക്ഷിതയായിരിക്കും. അക്കാര്യത്തില്‍ സിദ്ദിഖിന്റെ ആത്മാവ് പോലും ആശങ്കപ്പെടേണ്ട കാര്യമില്ല.