പ്രിയ വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രമായ ശ്രീദേവി ബംഗ്ലാവിനെതിരെ നിയമ നടപടിയുമായി ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മ്മാതാവുമായ ബോണി കപൂര്‍. ശ്രീദേവിയുടെ ജീവിതമാണോ ചിത്രത്തിന്റെ പ്രമേയം എന്നതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ പുകഞ്ഞു കൊണ്ടിരിക്കവേ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ബോണി കപൂര്‍ വക്കീല്‍ നോട്ടീസ് അയച്ചു. ഇക്കാര്യം ചിത്രത്തിന്റെ സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി സ്ഥിരീകരിച്ചിട്ടുണ്ട്.
'കഴിഞ്ഞ ആഴ്ച ബോണി കപൂറില്‍ നിന്നു ഞങ്ങള്‍ക്ക് വക്കീല്‍ നോട്ടീസ് ലഭിക്കുകയുണ്ടായി. അതിനെ നേരിടാന്‍ തന്നെയാണ് ഞങ്ങളുടെ തീരുമാനം. എന്റെ ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ആണ്. ശ്രീദേവി ഒരു പൊതുവായുള്ള പേരാണെന്ന് ഞാന്‍ ബോണി കപൂറിനോട് പറഞ്ഞതാണ്. എന്റെ കഥാപാത്രത്തിന്റെ പേരും അത് തന്നെയാണ്. അവരും ഒരു അഭിനേത്രിയാണ്. വക്കീല്‍ നോട്ടീസ് ഞങ്ങള്‍ നേരിടും.' പ്രശാന്ത് പറഞ്ഞു.
അന്തരിച്ച പ്രശസ്ത നടി ശ്രീദേവിയുടെ കഥയാണ് ചിത്രം പറയുന്നതെന്നും പറഞ്ഞാണ് ഇപ്പോള്‍ ചര്‍ച്ചകളും വിവാദങ്ങളും കൊഴുക്കുന്നത്. ബാത്ത് ടബ്ബില്‍ കാലുകള്‍ പുറത്തേക്കിട്ട് കിടക്കുന്ന രംഗമാണ് സംശയം ബലപ്പെടുത്താന്‍ കാരണം. ശ്രീദേവി മരിച്ചു കിടന്നത് ബാത്ത് ടബ്ബിലായിരുന്നു. ശ്രീദേവി ബംഗ്ളാവെന്ന ചിത്രത്തിന്റെ പേരും സംശയത്തിന് കാരണമാകുന്നു. നടി ശ്രീദേവിയുടെ കഥയാണോ ചിത്രം പറയുന്നതെന്നു പ്രേക്ഷകര്‍ തന്നെ കണ്ട് തീരുമാനിക്കട്ടെയെന്നും അതു വരെ കാത്തിരിക്കൂ എന്നുമാണ് പ്രിയ പ്രതികരിച്ചത്.
മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹന്‍ലാല്‍ നായകനായി എത്തിയ ഭഗവാന്‍ എന്ന ചിത്രം സംവിധാനം ചെയ്തത് പ്രശാന്തായിരുന്നു. പൂര്‍ണമായും യു.കെയില്‍ ചിത്രീകരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. 70 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ക്യാമറ കൈകാര്യം ചെയ്ത സീനു സിദ്ധാര്‍ഥ് ആണ് ശ്രീദേവി ബംഗ്ലാവിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഏപ്രിലില്‍ ലോകവ്യാപകമായി ചിത്രം റിലീസ് ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.