സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയില്‍ ഡബ്ലിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി എന്തുകൊണ്ട് അംഗമായില്ല? കൂട്ടായ്മയില്‍ നിന്ന് ഭാഗ്യലക്ഷ്മിയെ ഒഴിവാക്കിയതാണോ, അതോ സ്വയം ഒഴിവായതാണോ? കേരള ലിറ്ററേറ്റച്ചര്‍ ഫെസ്റ്റിവലിലാണ് ഇക്കാര്യത്തില്‍ ഒരുതുറന്നുപറച്ചിലിന് വേദിയായത്. നടി പാര്‍വതിയുമായുള്ള വാക് പോരിനിടെയായിരുന്നു വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിക്ക് പരാതി കൊടുക്കാന്‍ പോകുന്ന ദിവസം രാവിലെ തന്നോട് ചര്‍ച്ച ചെയ്തിട്ട് ഒന്നിച്ചുപോകാം എന്ന് പറഞ്ഞിട്ട് പിന്നീട് തന്നെ ഒഴിവാക്കി ഡബ്ല്യുസിസി അംഗങ്ങള്‍ മന്ത്രിയെ കാണാന്‍ പോയെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ചര്‍ച്ചയ്ക്ക് കൂട്ടാതിരുന്നത് എന്തുകൊണ്ടെന്ന് ചോദിച്ചപ്പോള്‍, ഡബ്ല്യുസിസിയിലൂള്ള ഒരാള്‍ തന്നോട് പറഞ്ഞത് ഭാഗ്യലക്ഷ്മിയെ കൂട്ടാന്‍ തങ്ങളില്‍ ചിലര്‍ക്ക് താല്പര്യമില്ലെന്നാണെന്നും അവര്‍ തുറന്നടിച്ചു.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ 'സ്ത്രീയും സിനിമയും' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചര്‍ച്ചയ്ക്കിടയിലായിരുന്നു സംഭവം. . 'നമുക്ക് എന്തും തുറന്നു പറയാനുള്ള ഒരു ഇടമുണ്ട്. അവിടെ ആര്‍ക്കും വന്ന് പറയാനുള്ളത് പറയാം. വിമര്‍ശിക്കാനുളളവര്‍ക്കും അവിടേക്ക് വരാം,' പാര്‍വതി പറഞ്ഞു. ഇതിനു മറുപടി ആയിട്ടാണ് കാണികള്‍ക്കിടയില്‍ നിന്ന് ഭാഗ്യലക്ഷ്മി സംസാരിച്ചു തുടങ്ങിയത്. ഡബ്ല്യുസിസിയോടുള്ള നിര്‍ദേശം എന്ന മട്ടിലാണ് ഭാഗ്യലക്ഷ്മി സംസാരിച്ചു തുടങ്ങിയത്. 'ഈ ഓര്ഗനൈസേഷന് കുറച്ചുകൂടി ആളുകള്‍ക്ക് സംരക്ഷണം കൊടുക്കുന്ന രീതിയില്‍ ആകണം. ഇരുന്ന് സംസാരിക്കാനും അവരോടൊപ്പം കുറച്ചു സമയം ചെലവഴിക്കാനും ഉള്ള ഒരു സ്പേസ് നല്‍കാനുള്ള ഒരു ശ്രമം ഡബ്ല്യുസിസി നടത്തിയാല്‍ നല്ലതാണെന്ന് എനിക്ക് തോന്നുന്നു, കുറെ കൂടി ആളുകള്‍ നിങ്ങളിലേക്ക് വരാന്‍ ശ്രമിക്കും.
'ഞങ്ങള്‍ എങ്ങനെയാ മാഡം അവരുടെ അടുത്തേക്ക് പോകേണ്ടത്' എന്ന് എന്നോട് സ്ത്രീകള്‍ ചോദിക്കാറുണ്ട്. ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ അല്ല, അവര്‍ക്ക് പരാതി ഇല്ല എന്നു തന്നെ വച്ചോളൂ. ചോദിക്കുന്നത് മറ്റ് ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍, ടെക്നീഷ്യന്‍സ് ആയിട്ടുള്ള സ്ത്രീകള്‍ അങ്ങനെ പലരും, ഞങ്ങള്‍ എങ്ങനെയാ മാഡം അങ്ങോട്ട് പോകേണ്ടത്, ആരുടെ അടുത്തേക്കാണ് പോകേണ്ടത് എന്ന് ചോദിക്കുന്ന ഒരു ചോദ്യം ഇവിടെ നില്‍ക്കുന്നുണ്ട്. അപ്പോള്‍ അതും കൂടി ഒന്നു നിങ്ങള്‍ പരിഗണിക്കണം എന്ന് കൂടിയാണ് എനിക്ക് ഇത്രയും ആളുകളുടെ മുമ്പില്‍ വച്ച് നിങ്ങളോട് പറയാനുള്ളത്. ഞാന്‍ ഇവിടെ വെറുതെ ഇരുന്നു കേട്ടിട്ട് പോകാം എന്ന് കരുതി തന്നെയാണ് വന്നത്. പക്ഷേ, എനിക്ക് തോന്നി അങ്ങനെയല്ല, എന്റെ ഭാഗത്ത് നിന്നുള്ള ഒരു സജഷന്‍ ഉണ്ടാകണം എന്ന്,' ഭാഗ്യലക്ഷ്മി പറഞ്ഞു.
ഇതിനു മറുപടിയായി ഒരു ചോദ്യമാണ് പാര്‍വതി ഉന്നയിച്ചത്. 'ചേച്ചി നിങ്ങള്‍ക്ക് എന്നെ നന്നായി അറിയാം. നിങ്ങള്‍ക്ക് എന്റെ നമ്പര്‍ കിട്ടാനും ഒരു പ്രയാസവും ഉണ്ടാകില്ല. നിങ്ങള്‍ക്ക് എന്തുകൊണ്ട് കലക്ടീവില്‍ ജോയിന്‍ ചെയ്തുകൂടാ'? കയ്യടിയോ യൊണ് കാണികള്‍ പാര്‍വതിയുടെ ചോദ്യത്തെ സ്വീകരിച്ചത്. എന്നാല്‍ ഡബ്ല്യുസിസിയോടുള്ള വിയോജിപ്പിന് കാരണം പൊതുവേദിയില്‍ പരസ്യമാക്കിയാണ് ഭാഗ്യലക്ഷ്മി പ്രതികരിച്ചത്. സംഘടന തുടങ്ങിയ സമയത്ത് ഭാഗ്യലക്ഷ്മിയെ ഉള്‍പ്പെടുത്തണ്ട എന്ന് സംഘടനയില്‍ തന്നെ ഉള്ള ഒരാള്‍ പറഞ്ഞതായി താന്‍ അറിഞ്ഞെന്നും അതുകൊണ്ടാണ് ഡബ്ല്യുസിസിയിലേക്ക് വരാത്തതെന്നും ഭാഗ്യലക്ഷ്മി തിരിച്ചടിച്ചു.
'മുഖ്യമന്ത്രിക്ക് പരാതി കൊടുക്കാന്‍ പോകുന്ന ദിവസം രാവിലെ എന്നോട് ചര്‍ച്ച ചെയ്തിട്ട് നമുക്ക് ഒന്നിച്ച് പോകാം എന്ന് പറഞ്ഞിട്ട്, പിന്നെ ഞാന്‍ കാണുന്നത് ടെലിവിഷനില്‍ നിങ്ങളെല്ലാം മന്ത്രിയെ കണ്ടു എന്ന വാര്‍ത്തയാണ്. അപ്പോള്‍ ഞാന്‍ നിങ്ങളെ വിളിച്ചു ചോദിക്കുന്നു, എന്തുകൊണ്ട് എന്നെ വിളിച്ചില്ല. മന്ത്രിയെ കാണാന്‍ പോകാന്‍ എന്തുകൊണ്ട് വിളിച്ചില്ല എന്നല്ല ചോദിച്ചത്. അതിനു മുന്‍പുള്ള ചര്‍ച്ചയുടെ കാര്യമാണ് ഉദ്ദേശിച്ചത്. അതു ചോദിച്ചപ്പോള്‍ നിങ്ങളുടെ ഗ്രൂപ്പിലുള്ള ഒരാള്‍ തന്നെ എന്നോട് പറഞ്ഞ ഉത്തരമാണ്, നിങ്ങളെ കൂട്ടണ്ട എന്ന് ഞങ്ങളില്‍ ചിലര്‍ താല്പര്യപ്പെട്ടു എന്ന്. അങ്ങനെ നിങ്ങളുടെ കൂട്ടത്തിലുള്ളവര്‍ തന്നെ പറഞ്ഞപ്പോള്‍, ശരി എന്നെ ഇഷ്ടമല്ലെങ്കില്‍ കൂട്ടണ്ട എന്ന് ഞാന്‍ കരുതി. അതുകൊണ്ടാണ് ഡബ്ല്യുസിസിയിലേക്ക് വരാത്തത്,' ഭാഗ്യലക്ഷ്മി വ്യക്തമാക്കി. മുമ്പും പലപ്പോഴും ഡബ്ല്യുസിസിക്ക് എതിരെ തുറന്ന വിമര്‍ശനം നടത്തിയിട്ടുള്ള വ്യക്തിയാണ് ഭാഗ്യലക്ഷ്മി.