ആദ്യ സംവിധാന സംരംഭമായ 'ബറോസ്' ഡിസംബറില്‍ തിയേറ്ററുകളിലേക്ക് എത്തുമെന്ന് മോഹന്‍ലാല്‍. സിനിമയുടെ റീ റെക്കോര്‍ഡിംഗ് കഴിഞ്ഞു. ഇപ്പോള്‍ ബുഡാപെസ്റ്റില്‍ ശേഷിച്ച ജോലികള്‍ പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണ്.
മനോരമന്യൂസ് ഡോട്ട് കോമിനു നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ബറോസിന്റെ സ്‌പെഷല്‍ എഫക്ട്‌സ് ജോലികള്‍ ഇന്ത്യയിലും തായ് ലാന്‍ഡിലുമായി പൂര്‍ത്തിയാക്കുമെന്നും ഡിസംബറോടെ ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും മോഹന്‍ലാല്‍ പറഞ്ഞു.
വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിധി തേടി ഒരു കുട്ടി ബറോസിനു മുന്നിലെത്തുന്നതാണ് കഥയുടെ പ്രമേയം. ബാറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡിഗാമാസ് ട്രെഷര്‍ എന്ന പേരിലുള്ള നോവല്‍ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബറോസ് എന്ന നിധിസൂക്ഷിപ്പുകാരന്റെ വേഷം അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ തന്നെ.
ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പാസ് വേഗ, റാഫേല്‍ അമാര്‍ഗോ തുടങ്ങിയ സ്പാനിഷ് താരങ്ങളും അഭിനയിക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ബറോസിന്റെ നിര്‍മാണം. സന്തോഷ് ശിവനാണ് ഛായാഗ്രാഹകന്‍.