ഷെയ്ന്‍ നിഗം നായകനായ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലെത്തി ഒരു സംഘം ആളുകള്‍ പ്രൊഡക്ഷന്‍ മാനേജരെ ക്രൂരമായി മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ട്.വ്യാഴാഴ്ച്ച അര്‍ധരാത്രിയോടെ കോഴിക്കോട് മലാപ്പറമ്പ് ഇഖ്‌റ ആശുപത്രിക്ക് എതിര്‍വശത്തുളള ഷൂട്ടിങ് ലൊക്കേഷനിലാണ് പ്രൊഡക്ഷന്‍ മാനേജര്‍ അടക്കമുള്ളവര്‍ക്ക് നാട്ടുകാരുടെ മര്‍ദ്ദനമേറ്റത്.
പ്രൊഡക്ഷന്‍ മാനേജര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ടി ടി ജിബുവിനാണ് മര്‍ദനമേറ്റത്. ജിബുവിന്റെ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അബു ഹംദാന്‍, ഷബീര്‍ എന്നിവരും മറ്റു മൂന്നു പേരും ചേര്‍ന്നാണ് മര്‍ദിച്ചത് എന്ന് ജിബു പറയുന്നു. ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് ജിബുവിനെ വലിച്ചിറക്കിയ സംഘം റോഡരികില്‍ വെച്ചാണ് മര്‍ദിച്ചത്. മര്‍ദ്ദനത്തിനിടെ ജിബുവിന് ലോഹവള കൊണ്ട് ഇടിയേറ്റു.
സിനിമയുടെ ആവശ്യത്തിലേക്കായി കോഴിക്കോടുകാരന്റെ ബൈക്ക് വാടകക്ക് എടുത്തിരുന്നു. ഇതിന്റെ വാടക നല്‍കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. വാടകയായി ബൈക്കിന്റെ വിലയേക്കാള്‍ അധികം ചോദിച്ചതായും നല്‍കാതിരുന്നതാണ് അക്രമത്തിന് കാരണമെന്നും മര്‍ദ്ദനത്തിന് ഇരയായവര്‍ പോലീസിനോട് പറഞ്ഞു.
ഷെയ്ന്‍ നിഗത്തിനെ നായകനാക്കി വീര സംവിധാനം ചെയ്യുന്ന 'ഹാല്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സൈറ്റ് ഇഖ്‌റ ആശുപത്രിയുടെ എതിര്‍ വശത്തെ വെളിച്ചെണ്ണ മില്ലിന് സമീപമാണ്. സംഗീതത്തിന് പ്രാധാന്യം നല്‍കി എത്തുന്ന ചിത്രം ഷെയ്ന്‍ നിഗത്തിന്റെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രങ്ങളില്‍ ഒന്നായാണ് അവകാശപ്പെടുന്നത്. 'ലിറ്റില്‍ ഹാര്‍ട്‌സ്' എന്ന ചിത്രത്തിന് ശേഷം ഷെയിന്‍ വീണ്ടും പ്രണയനായകനായി എത്തുന്ന ചിത്രമാണ് 'ഹാല്‍'. സാക്ഷി വൈദ്യയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ജോണി ആന്റണി, നിഷാന്ത് സാഗര്‍, മധുപാല്‍, ജോയ് മാത്യു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.