മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയ നടന്‍ വിനായകന്റെ വീടിന് നേരെ ആക്രമണം. കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ ഫ്ലാറ്റിലെത്തിയ ഒരു കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത് എന്നാണ് ആരോപണം. വൈകിട്ട് നാലുമണിയോടെയാണ് സംഭവം. ഫ്ലാറ്റിന്റെ ചില്ല് അടിച്ചു തകര്‍ക്കുകയും വാതില്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു.
ഇന്നലെ നാലുമണിയോടെ ഉമ്മന്‍ ചാണ്ടി അനുകൂല മുദ്രാവാക്യം വിളിച്ച് കലൂരിലെ ഫ്‌ലാറ്റിലെത്തിയ പ്രവര്‍ത്തകര്‍ ബഹളം വയ്ക്കുകയും വാതിലില്‍ ചവിട്ടുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന പൊലീസും ഫ്‌ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്നാണ് പ്രതിഷേധക്കാരെ പിടിച്ചു മാറ്റിയത്. ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് നടന്‍ വിനായകനെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തു.
പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കലാപാഹ്വാനത്തിനും മൃതദേഹത്തെ അപമാനിച്ചതിനുമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ മരണത്തെക്കുറിച്ച് അപകീര്‍ത്തികരമായും, അസഭ്യഭാഷ ഉപയോഗിച്ചും കഴിഞ്ഞ ദിവസം രാത്രിയാണ് നടന്‍ വിനായകന്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊച്ചി സിറ്റി പൊലീസിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വൈറലായതിന് പിന്നാലെ ഈ വീഡിയോ വിനായകന്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.
എന്നാല്‍ സംഭവത്തില്‍ കേസ് എടുക്കേണ്ടെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ വ്യ്ക്തമാക്കി. പിതാവുണ്ടായിരുന്നെങ്കില്‍ അദ്ദേഹവും ഇതാകും പറയുകയെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. അത് വിനായകന്റെ വ്യക്തിപരമായ അഭിപ്രായമായാണ് ഉമ്മന്‍ ചാണ്ടിയും കാണുകയെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, സംഭവത്തില്‍ വിനായകനെ ഇന്നു പൊലീസ് ചോദ്യം ചെയ്തേക്കും.