കാത്തിരിപ്പിനൊടുവില്‍ ആ വാര്‍ത്ത ഒടുവിലെത്തി. തമിഴിലെ യുവതാരമായ ആര്യയും നടി സയേഷയും തമ്മിലുള്ള പ്രണയം കോളിവുഡില്‍ ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ ശരിവച്ച് പ്രണയദിനത്തില്‍ തങ്ങളുടെ വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ആര്യയും സയേഷയും.
കുടുംബത്തിന്റെയും മാതാപിതാക്കളുടെയും അനുഗ്രഹത്തോടെ പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുകയാണെന്നും മാര്‍ച്ചില്‍ വിവാഹിതരാകുമെന്നും ആര്യയും സയേഷയും ട്വിറ്ററില്‍ കുറിച്ചു.നേരത്തെ ഇരുവരുടെയും വിവാഹവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. വിവാഹവാര്‍ത്ത ആരാധകരെ അറിയിക്കാന്‍ പ്രണയദിനം തന്നെയാണ് ആര്യയും സയേഷയും തിരഞ്ഞെടുത്തത്. ഹൈദരാബാദില്വച്ചാകും വിവാഹം.
കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ഗജിനികാന്ത് എന്ന ചിത്രത്തില്‍ സയേഷയായിരുന്നു ആര്യയുടെ നായിക. ഈ സിനിമയുടെ െസറ്റില്വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. റിലീസിനൊരുങ്ങുന്ന മോഹന്‍ലാല്‍- സൂര്യ ചിത്രം കാപ്പാനിലും ആര്യയും സയേഷയും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്.
മാധ്യമങ്ങളിലൂടെ വിവാഹ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ആര്യയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ആര്യയുടെ ഭാവി വധുവിനെ കണ്ടെത്താന്‍ ഒരു തമിഴ് ചാനല്‍ 'എങ്ക വീട്ട് മാപ്പിളൈ' എന്ന പേരില്‍ റിയാലിറ്റി ഷോ നടത്തിയിരുന്നു.
16 മത്സരാര്‍ഥികളുമായി തുടങ്ങിയ ഷോയിലെ വിജയിയെ ആര്യ വിവാഹം കഴിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഷോയുടെ അവസാനം ആരെയും വിവാഹം കഴിക്കുന്നില്ല എന്ന തീരുമാനത്തില്‍ ആര്യയെത്തി. താന്‍ ഒരാളെ തിരഞ്ഞെടുത്താല്‍ മറ്റുള്ളവര്‍ക്കു വേദനയാകുമെന്നു പറഞ്ഞാണ് താരം പിന്മാറുന്നത്.
ഷോയില്‍ ഏറ്റവുമധികം പിന്തുണ ലഭിച്ചിരുന്ന മത്സരാര്‍ഥി അബര്‍നദി, ആര്യയേ മാത്രമേ വിവാഹം ചെയ്യൂ എന്ന നിലപാടെടുത്തതും വിവാദങ്ങളില്‍ ഇടം നേടി. മലയാളികളായ 7 മത്സരാര്‍ഥികള്‍ ഈ റിയാലിറ്റി ഷോയില്‍ പങ്കെടുത്തിരുന്നു. നടി സംഗീതയായിരുന്നു അവതാരക. ഇതേ വിവാദത്തെ ഭയന്നാണ് ആര്യ തന്റെ വിവാഹവാര്‍ത്ത രഹസ്യമാക്കിവച്ചതെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.