ഡോക്ടര്‍മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യയോട് പത്ത് കോടി രൂപ നഷ്ടുപരിഹാരം ആവശ്യപ്പെട്ട് സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍. 2018-ല്‍ ചെന്നൈയില്‍ എ.ആര്‍. റഹ്മാന്‍ ഷോയ്ക്കായി സംഘടന 29 ലക്ഷം രൂപ നല്‍കിയിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ പരിപാടി നടത്താന്‍ സാധിച്ചില്ല. പരിപാടി നടക്കാതിരുന്നതിനാല്‍ എ.ആര്‍. റഹ്മാന്‍ നല്‍കിയ 29 ലക്ഷം രൂപയുടെ ചെക്ക് മടങ്ങിയെന്ന് ആരോപിച്ച് ഡോക്ടര്‍മാരുടെ സംഘടന രംഗത്തെത്തിയിരുന്നു.
എന്നാല്‍ ആരോപണങ്ങളെല്ലാം അദ്ദേഹത്തിന്റെ അഭിഭാഷകര്‍ നിഷേധിച്ചു. മാത്രമല്ല തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിന് 10 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് റഹ്മാന്‍ അസോസിയേഷന് നോട്ടീസ് അയച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
തനിക്കെതിരെ നല്‍കിയ പരാതി മൂന്ന് ദിവസത്തിനകം പിന്‍വലിക്കണമെന്നാണ് നോട്ടീസിലുള്ളതെന്ന് അസോസിയേഷന്‍ വ്യക്തമാക്കി. റഹ്മാന്റെ പ്രശസ്തി അപകീര്‍ത്തിപ്പെടുത്തിയതിന് നിരുപാധികം മാപ്പ് പറയണമെന്നും, പത്ത് കോടി നഷ്ടപരിഹാരം നല്‍കുന്നതില്‍ അസോസിയേഷന്‍ പരാജയപ്പെട്ടാല്‍ നിയമപരവും ക്രിമിനല്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നും നോട്ടീസില്‍ പറയുന്നു. എ ആര്‍ റഹ്മാന്‍ 2018ല്‍ 29 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് അസോസിയേഷന്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.