സ്റ്റൈല്‍ മന്നന്‍ രജനികാന്തിനെ നേരിട്ട് കണ്ട സന്തോഷം പങ്കുവെച്ച് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫും നിര്‍മ്മാതാവ് ആന്റോ ജോസഫും. രജനിയ്ക്കൊപ്പമുളള ചിത്രങ്ങള്‍സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു കൊണ്ടാണ് ഇരുവരും സന്തോഷം പങ്ക് വച്ചത്.
2018 സിനിമയെ വിവരിക്കാന്‍ വാക്കുകളില്ല എന്നാണ് രജനികാന്ത് പറഞ്ഞത്. 2018 സിനിമയ്ക്ക് ഓസ്‌കര്‍ ലഭിക്കാന്‍ തന്റെ പ്രാര്‍ഥന ഒപ്പമുണ്ടെന്നും പോയി ഓസ്‌കര്‍ വാങ്ങി മടങ്ങിവന്നാല്‍ മതിയെന്നും രജനികാന്ത് ആശംസിച്ചുവെന്ന് ജൂഡ് ആന്തണി പറയുന്നു.
എങ്ങനെ ഷൂട്ട് ചെയ്തു? അദ്ഭുതകരമായ പ്രവൃത്തി തന്നെ. പോയി ഓസ്‌കര്‍ കൊണ്ട് വാ, എന്റെ അനുഗ്രഹങ്ങളും പ്രാര്‍ഥനകളും നിങ്ങളോടൊപ്പമുണ്ട്''. ഈ അവിസ്മരണീയമായ അവസരത്തിന് ദൈവത്തിന് നന്ദി. ഇത് സാധ്യമാക്കിയതിന് എന്റെ പ്രിയ സുഹൃത്ത് സൗന്ദര്യയ്ക്കും (സൗന്ദര്യ രജനികാന്ത്) നന്ദി.'' ജൂഡ് ആന്തണി കുറിച്ചു.
നിമിഷങ്ങളെ വിവരിക്കാന്‍ വാക്കുകള്‍ മതിയാകില്ലെന്നാണ് രജനികാന്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റോ ജോസഫ് കുറിച്ചത്.''ഈ നിമിഷത്തെ വിവരിക്കാന്‍ വാക്കുകള്‍ മതിയാവില്ല.ഒറ്റവിരല്‍ ചലനം കൊണ്ട് ലോകത്തെ മുഴുവന്‍ ചൂളം വിളിപ്പിക്കുന്ന , രസികര്‍ മണ്‍ട്രങ്ങള്‍ക്ക് മുഴുവന്‍ ആത്മാവ് ആയ മനിതന്‍... അല്ല..മാന്ത്രികന്‍.
ഒരേയൊരു രജനികാന്ത് സാര്‍... അദ്ദേഹം ചേര്‍ത്തുപിടിച്ച നിമിഷം ഞാന്‍ അദ്ഭുതത്തെ തൊട്ടു. 2018 സിനിമ കണ്ടതിനുശേഷം രജനി സാര്‍ അണിയറ പ്രവര്‍ത്തകരെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇന്ന് സംവിധായകന്‍ ജൂഡും, വേണു കുന്നപ്പള്ളിയും ഞാനും തിരുവനന്തപുരത്ത് രജനി സാറിനെ കണ്ടു. അദ്ദേഹം ഒരുപാട് സംസാരിച്ചു. 2018 ന് പിന്നിലുണ്ടായ അധ്വാനത്തെക്കുറിച്ച് അന്വേഷിച്ചു.
ഓസ്‌കര്‍ പ്രവേശന നേട്ടത്തില്‍ അഭിനന്ദനം അറിയിച്ചു. സിനിമയെന്ന തന്റെ എക്കാലത്തെയും വലിയ പ്രണയത്തെക്കുറിച്ച് വാചാലനായി.. ഞങ്ങള്‍ അവിടെ കണ്ടത് രജനികാന്ത് എന്ന അതിമാനുഷനായ താരത്തെയല്ല, തീര്‍ത്തും സാധാരണക്കാരനായ ഒരാളെയാണ്. ആ നല്ല മുഹൂര്‍ത്തങ്ങള്‍ക്ക് രജനി സാറിനും ദൈവത്തിനും നന്ദി...'', ആന്റോ ജോസഫ് പറഞ്ഞു.
തലൈവര്‍ 170 എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി തിരുവനന്തപുരത്ത് എത്തിയ രജനികാന്തിനെ സന്ദര്‍ശിക്കാന്‍ എത്തിയതാണ് ജൂഡ് ആന്തണി. ജൂഡ് ആന്തണിയോടൊപ്പം 2018 സിനിമയുടെ നിര്‍മാതാക്കളായ വേണു കുന്നപ്പള്ളിയും ആന്റോ ജോസഫും എത്തിയിരുന്നു. ഇതാദ്യമായിട്ടാണ് തിരുവനന്തപുരത്ത് വച്ച് രജനികാന്തിന്റെ ഒരു സിനിമ ചിത്രീകരിക്കുന്നത്.
'ജയ് ഭീം' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനു വേണ്ടിയാണ് രജനി തിരുവനന്തപുരത്തെത്തിയത്. 'തലൈവര്‍ 170' എന്നാണ് സിനിമയ്ക്കു താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര്്. അമിതാഭ് ബച്ചന്‍, മഞ്ജു വാരിയര്‍, ഫഹദ് ഫാസില്‍,റിതിക സിങ്, ദുഷാര വിജയന്‍, റാണ ദഗുബാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാകും തലൈവര്‍ 170. തമിഴിലെ പ്രശസ്ത നിര്‍മാണക്കമ്പനിയായ ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ ആണ് നിര്‍മാണം. അനിരുദ്ധ് ആണ് സംഗീതം.