കല്‍ക്കി ചിത്രീകരണ വേളയിലെ ദൃശ്യങ്ങള്‍ പങ്കുവെച്ച് കുറിപ്പുമായി അന്ന ബെന്‍. 'കല്‍ക്കി 2898 എഡി' സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി പ്രകടിപ്പിച്ച് നടി അന്ന ബെന്‍. 'കയ്‌റ' എന്ന കഥാപാത്രം തന്റെ കരിയറിലെ നാഴികക്കല്ലായി മാറുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്ന് അന്ന ബെന്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.
ഇന്ത്യയില്‍ കയ്‌റ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പ്രഗത്ഭരായ നിരവധി കലാകാരികള്‍ ഉണ്ടായിട്ടും തന്നെ വിശ്വസിച്ച് ഏല്‍പ്പിച്ചതിന് എന്നും കടപ്പെട്ടിരിക്കുമെന്നും സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്നും അന്ന സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ കുറിച്ചു.
എന്തെങ്കിലും പുതിയതായി പരീക്ഷിക്കണം എന്ന് ആഗ്രഹിച്ച് ഇരിക്കുമ്പോഴാണ് രണ്ട് വര്‍ഷം മുമ്പ് കയ്‌റ എന്നിലേക്ക് വരുന്നത്. കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോള്‍ ഞാന്‍ ആവേശഭരിതനായിരുന്നു. പക്ഷേ ഇതെന്റെ കരിയറിലെ ഒരു നാഴികക്കല്ലാകുമെന്ന് അന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല.
ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ സിനിമ നിര്‍മ്മിച്ച നാഗ് അശ്വിന്‍ എന്ന ഈ അദ്ഭുത മനുഷ്യനും എന്നെ ഈ വലിയ കുടുംബത്തിന്റെ ഭാഗമാക്കിയ വൈജയന്തി മൂവീസിനും ഒരുപാട് നന്ദി. നാഗി സര്‍ എങ്ങനെ ഇത്രയും റിലാക്‌സ്ഡ് ആയി ഇരിക്കുന്നു എന്ന് അദ്ദേഹത്തോട് ഞാന്‍ ചോദിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു, കാരണം രണ്ട് വര്‍ഷത്തിനിടെ അദ്ദേഹം വിശ്രമിക്കുന്നതോ ഇടവേളയെടുക്കുന്നതോ ഞാന്‍ കണ്ടിട്ടില്ല.' അന്ന ബെന്‍ പറഞ്ഞു.
അദ്ദേഹം ജോലി ചെയ്യുന്നത് കണ്ടാല്‍ ആരും പ്രചോദിതരായിപ്പോകും. ആ കാഴ്ചപ്പാടും ജിജ്ഞാസയുമാണ് പുതിയ കാലത്തെ ഈ മഹത്തായ സിനിമയ്ക്കു വഴിയൊരുക്കിയത്. സര്‍ നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്നത് ശരിക്കും ഒരു ബഹുമതിയാണ്. ഇന്ത്യയില്‍ 'കയ്‌റ'യെ അവതരിപ്പിക്കാന്‍ പ്രഗത്ഭരായ നിരവധി കലാകാരികള്‍ ഉണ്ടായിട്ടും ഈ കഥാപത്രം എന്നെ വിശ്വസിച്ച് ഏല്‍പ്പിച്ചതിന് ഞാന്‍ വളരെ നന്ദിയുള്ളവളാണ്.
'ഈ സിനിമയിലെ ഓരോ താരങ്ങളുടെയും ഒരു ആരാധികയായ ഞാന്‍ അവരോടൊപ്പം ഈ യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അനുഗ്രഹീതയാണ്. അദ്ഭുതകരമായ മനുഷ്യരെ കണ്ടുമുട്ടുകയും അവരോടൊപ്പം പ്രവര്‍ത്തിക്കുകയും സഹകരിക്കുകയും പഠിക്കുകയും ചെയ്യുക എന്ന എന്റെ സ്വപ്നമാണ് ഇതോടെ സാക്ഷാത്കരിച്ചത്. 'കയ്‌റ'യ്ക്ക് നിങ്ങളെല്ലാം നല്‍കുന്ന സ്‌നേഹത്തിന് നന്ദി, അതിന് അര്‍ഹയാകാന്‍ ഞാന്‍ കഠിനമായി പരിശ്രമിക്കും. ഇനിയും വളരെയധികം കാര്യങ്ങള്‍ പറയാനുണ്ട്, സന്തോഷവും നന്ദിയും കൊണ്ട് ഞാന്‍ വീര്‍പ്പുമുട്ടുകയാണ്'. അന്ന ബെന്‍ കുറിച്ചു.