ശില്‍പിയും സഹസംവിധായകനുമായ അനില്‍ സേവ്യര്‍ (39) അന്തരിച്ചു. ജാന്‍ എമന്‍, തല്ലുമാല, മഞ്ഞുമ്മല്‍ ബോയ്സ്, തെക്ക് വടക്ക് സിനിമകളുടെ സഹസംവിധായകനാണ്. ഫുട്ബോള്‍ കളിക്കിടയിലുണ്ടായ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ഭാര്യയും ചിത്രകാരിയുമായ അനുപമ ഏലിയാസുമൊത്ത് അങ്കമാലി കേന്ദ്രീകരിച്ച് കലാപരിശീലനം നടത്തി വരുകയായിരുന്നു. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ നിന്ന് ബിഎഫ്എ പൂര്‍ത്തിയാക്കിയ ശേഷം ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് ശില്‍പ്പകലയില്‍ എംഎഫ്എ ചെയ്തു. ഒരേസമയം ക്യാംപസില്‍ ഉണ്ടായിരുന്ന രോഹിത് വെമുലയുടെ സ്മാരക ശില്‍പം അനിലാണ് പണിതത്. കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായും പ്രവര്‍ത്തിച്ചിരുന്നു.
അങ്കമാലി കിടങ്ങൂര്‍ പുളിയേല്‍പ്പടി വീട്ടില്‍ പി. എ സേവ്യറാണ് പിതാവ്. മാതാവ്: അല്‍ഫോന്‍സ സേവ്യര്‍, സഹോദരന്‍: അജീഷ് സേവ്യര്‍. ഭൗതിക ശരീരം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനു നല്‍കണമെന്ന അനിലിന്റെ തീരുമാനം നടപ്പാക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ 11 മണി മുതല്‍ വസതിയിലും ശേഷം നാസ് ഓഡിറ്റോറിയത്തില്‍ 3 മണി വരെയും പൊതുദര്‍ശനം ഉണ്ടാകും.