ആടുജീവിതത്തിന്റെ പ്രമോഷനും അതു കഴിഞ്ഞും നിറയറുമായി സോഷ്യല്‍ മീഡിയകളിലും മറ്റും സജീവമായിരുന്നു നടി അമലാ പോള്‍. ഇപ്പോഴിതാ, തങ്ങള്‍ക്കു കുഞ്ഞ് ജനിച്ചെന്ന വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് അമലയുടെ ഭര്‍ത്താവ് ജഗത് ദേശായി. ഇന്‍സ്റ്റ റീലിലൂടെയാണ് ഈക്കാര്യം അറിയിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് അമല തന്നെയാണ് ഗര്‍ഭിണിയാണെന്ന വിവരം ആരാധകരെ അറിയിച്ചതും. ഗര്‍ഭകാലത്തെ വിശേഷങ്ങളെല്ലാം തന്നെ സമൂഹമാധ്യമങ്ങളിലൂടെ നടി ആരാധകരോട് പങ്കുവച്ചിരുന്നു.
ആണ്‍കുഞ്ഞാണ് നടിയ്ക്ക് ജനിച്ചിരിക്കുന്നത്. കഴിഞ്ഞ പതിനൊന്നിനാണ് കുഞ്ഞ് പിറന്നതെന്നും ഇവര്‍ അറിയിക്കുന്നുണ്ട്. ഇലൈ എന്നാണ് കുട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്. നിരവധി താരങ്ങളാണ് അമലയ്ക്കും കുഞ്ഞിനും ആശംസകള്‍ നേരുന്നത്. ഞങ്ങളുടെ കുഞ്ഞു വിസ്മയത്തെ കാണുക എന്ന് പറഞ്ഞാണ് അമലയും ജഗതും കുട്ടിയെ വീട്ടിലെത്തിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. അമലയ്ക്കും കുഞ്ഞിനും നിറയെ സര്‍പ്രൈസ് നല്‍കി വീട്ടില്‍ സ്‌പെഷല്‍ തീമില്‍ അലങ്കാരപ്പണികള്‍ ഒരുക്കിയിരുന്നു ജഗത് ദേശായി. അതും ഈ വീഡിയോയില്‍ കാണാം.
ഗുജറാത്തിലെ സൂറത്തിലായിരുന്ന അമലപോളിന്റെ ബേബി ഷവര്‍ നടന്നത്. ഗുജറാത്തിയായ ജഗതിന്റെ ആചാര പ്രകാരമായിരുന്നു ഈ ആഘോഷങ്ങള്‍ നടന്നത്. ആടു ജീവിതമാണ് അമല അഭിനയിച്ച അവസാന ചിത്രം. ചിത്രം ബോക്സോഫീസില്‍ വലിയ വിജയമായിരുന്നു. നേരത്തെ നിറവയറുമായാണ് ആടുജീവിതത്തിന്റെ പ്രമോഷനും മറ്റും അമല എത്തിയിരുന്നത്. അടുത്തിടെ നിറവയറുമായി ഒരു ഫാഷന്‍ ഷോയിലും അമല പങ്കെടുത്തിരുന്നു. ഗര്‍ഭകാലം അതിന്റെ പൂര്‍ണതയില്‍ ആസ്വദിക്കാന്‍ അമല പോള്‍ ശ്രമിച്ചു വിജയിച്ചു. ഇഷ്ടമുള്ള ഭക്ഷണം കഴിച്ചും, ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്തും അമല പോള്‍ ഇക്കാലം മുഴുവനും സജീവമായിരുന്നു.
2023 നവംബര്‍ ആദ്യ വാരമായിരുന്നു അമല പോളിന്റെ വിവാഹം. ഗോവയില്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൂറത്ത് സ്വദേശി ജഗത് ദേശായിയാണ് അമലയുടെ ഭര്‍ത്താവ്. സിനിമാ മേഖലയുടെ ബന്ധമൊന്നുമില്ലാത്തയാളാണ് ജഗത്. തീര്‍ത്തും അപ്രതീക്ഷിതമായാണ് അമല പോള്‍ വിവാഹവാര്‍ത്ത പ്രഖ്യാപിച്ചത്. പ്രൊപ്പോസലിന് ശേഷമായിരുന്നു വിവാഹം. അമല വിവാഹത്തിനും മുന്‍പേ ഗര്‍ഭിണിയായി എന്നതായിരുന്നു മറ്റൊരു സംഭവം. അതിന്റെ പേരില്‍ നേരിട്ട സൈബര്‍ ആക്രമണം ചില്ലറയല്ല. കൊച്ചിയിലെ ബോള്‍ഗാട്ടി പാലസില്‍ വച്ചായിരുന്നു അമല പോളിന്റെ വിവാഹം നടന്നത്.
അമല പോളിന്റെ രണ്ടാം വിവാഹമാണ് ഇത്. തമിഴ് സംവിധായകന്‍ എ എല്‍ വിജയ്യുമായുള്ള വിവാഹബന്ധം 2017ല്‍ വേര്‍പെടുത്തിയിരുന്നു. സിനിമാരംഗത്തും സജീവമാണ് അമല പോള്‍ ഇപ്പോള്‍. പൃഥ്വിരാജ് ചിത്രം 'ആടുജീവിതം', ആസിഫ് അലി നായകനായ 'ലെവല്‍ ക്രോസ്' തുടങ്ങിയ ചിത്രങ്ങളില്‍ അമല പോള്‍ നായികയാണ്. രണ്ടു സിനിമകളുടെയും പ്രൊമോഷന്‍ വേളയില്‍ അമല പോള്‍ നിറവയറുമായി ക്യാമറകള്‍ക്ക് മുന്നിലെത്തി അഭിമുഖം നല്‍കിയിരുന്നു.
തെന്നിന്ത്യയിലെ ബോള്‍ഡ് നായികമാരില്‍ ഒരാളാണ് അമല പോള്‍. മലയാള സിനിമയിലൂടെയാണ് അമല പോള്‍ അഭിനയ രംഗത്തേക്ക് എത്തിയതെങ്കിലും തമിഴിലും തെലുങ്കിലുമാണ് കൂടുതല്‍ തിളങ്ങിയത്. 2009 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത 'നീലത്താമര'യായിരുന്നു അമലയുടെ ആദ്യ ചിത്രം. അതില്‍ ചെറിയൊരു വേഷമായിരുന്നു അമലയ്ക്ക്. അതിനുശേഷം തമിഴില്‍ രണ്ടു സിനിമകള്‍ ചെയ്തുവെങ്കിലും അത് വിജയിച്ചില്ല. 2010 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം 'മൈന'യാണ് അമലയുടെ കരിയറില്‍ വഴിത്തിരിവായത്. ചിത്രം വന്‍ ഹിറ്റാവുകയും തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച നടിക്കുളള പുരസ്‌കാരം അമലയ്ക്ക് ലഭിക്കുകയും ചെയ്തു. പിന്നീടിങ്ങോട്ട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അമല നിരവധി സിനിമകളില്‍ അഭിനയിച്ചു.