വിനയൻ സംവിധാനം ചെയ്ത ഹൊറർ ചിത്രം ‘ആകാശഗംഗ’യുടെ രണ്ടാം ഭാഗം ‘ആകാശഗംഗ 2’ ചിത്രീകരണം പൂര്‍ത്തിയായി. ആദ്യ ചിത്രം കഴിഞ്ഞു ഇരുപതു വർഷങ്ങൾക്കു ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമൊരുങ്ങുന്നത്. ആദ്യഭാഗം ചിത്രീകരിച്ച പാലക്കാട്ടെ വെള്ളിനേഴി ഒളപ്പമണ്ണ മനയിലാണ് ‘ആകാശഗംഗ’ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം നടന്നത്.
ഒരു ഇടവേളയ്ക്ക് ശേഷം രമ്യാ കൃഷ്ണന്‍ മലയാളത്തിലേക്ക് എത്തുന്ന ചിത്രവും കൂടിയാണ് ‘ആകാശഗംഗ 2’. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘ബാഹുബലി’യില്‍ രമ്യാ കൃഷ്ണന്‍ അവതരിപ്പിച്ച രാജമാതാ ശിവകാമി ദേവി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.
രമ്യ കൃഷ്ണനെ കൂടാത ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, പുതുമുഖം ആരതി, തെസ്നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിനു വേണ്ടി അണിനിരക്കുന്നുണ്ട്. മലയാളത്തിലും തമിഴിലുമായാണ് ഈ ഹൊറർ ചിത്രം ഒരുങ്ങുന്നത്. ‘ചാലക്കുടിക്കാരൻ ചങ്ങാതി’ യ്ക്ക് ശേഷം വിനയൻ ഒരുക്കുന്ന ചിത്രമാണ് ഇത്.
പ്രകാശ് കുട്ടി ക്യാമറയും, ബിജിബാല്‍ സംഗീതവും ഹരിനാരായണനും രമേശന്‍ നായരും ചേര്‍ന്ന് ഗാനരചനയും നിര്‍വ്വഹിക്കുന്നു. പുതുമഴയായി വന്നു എന്ന ‘ആകാശഗംഗ’യിലെ പാട്ട് ബേര്‍ണി ഇഗ്നേഷ്യസ് തന്നെ റീമിക്സ് ചെയ്യുന്നു. റോഷന്‍ മേക്കപ്പും ബോബന്‍ കലയും സമീറ സനീഷ് വസ്ത്രാലങ്കാരവും അഭിലാഷ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ഡോള്‍ബി അറ്റ്മോസില്‍ ശബ്ദലേഖനം ചെയ്യപ്പെടുന്ന ഈ ചിത്രത്തിന്റെ സൗണ്ട് മിക്സിംഗ് ചെയ്യുന്നത് തപസ് നായ്ക് ആണ്. ഈ വർഷത്തെ ഓണം റിലീസായി ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ ശ്രമം.