തീവണ്ടി എന്ന വിജയ ചിത്രത്തിന് ശേഷം ടൊവീനോ തോമസും സംയുക്ത മേനോനും വീണ്ടും ഒന്നിക്കുന്നു. ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന ഉയരെ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ടൊവിനോയ്‌ക്കൊപ്പമുളള രംഗങ്ങളിലാണ് ചിത്രത്തില്‍ സംയുക്ത എത്തുന്നതെന്നാണ് അറിയുന്നത്. പാര്‍വ്വതി തിരുവോത്ത് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം മനു അശോകനാണ് സംവിധാനം ചെയ്യുന്നത്.
കൂടെ, മൈ സ്റ്റോറി എന്ന ചിത്രങ്ങള്‍ക്ക് ശേഷം പാര്‍വതി അഭിനയിക്കുന്ന സിനിമയാണ് ഉയരെ. ആസിഫ് അലിയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. രഞ്ജി പണിക്കര്‍,പ്രതാപ് പോത്തന്‍,പ്രേം പ്രകാശ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. മലയാളികള്‍ക്ക് ഒട്ടേറെ മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ സാരഥി പി.വി ഗംഗാധരന്റെ മക്കളായ ഷെനുക, ഷെഗന, ഷെര്‍ഗ എന്നിവര്‍ എസ്. ക്യൂബ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ ചിത്രമാണിത്. ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് ബോബി സഞ്ജയ് ആണ്.
മുകേഷ് മുരളീധരന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് മഹേഷ് നാരായണനും സംഗീതം ഗോപി സുന്ദറും നിര്‍വ്വഹിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. കൊച്ചി, മുംബൈ, ആഗ്ര എന്നീ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ആഗ്രയിലെ ഷീറോസ് പ്രധാന ലൊക്കേഷനുകളില്‍ ഒന്നാണ്.