തമിഴ് നടന്‍ അഭി ശരവണനെതിരേ പരാതിയുമായി നടിയും മലയാളിയുമായ അതിഥി മേനോന്‍ രംഗത്ത്.തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചുവെന്ന് കാണിച്ചാണ് അഭി ശരവണനെതിരെ അതിഥി പൊലീസില്‍ പരാതി നല്‍കിയത്. താരത്തിന്റെ പരാതിയില്‍ അഭി ശരവണനെതിരെ പൊലീസ് വഞ്ചന കുറ്റത്തിന് കേസെടുത്തു.
2016 ല്‍ പുറത്തിറങ്ങിയ പട്ടതാരി എന്ന ചിത്രത്തിലൂടെയാണ് അതിഥിയും അഭിയും പ്രണയത്തിലാകുന്നത്. ഇരുവരും ചേര്‍ന്നാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാല്‍ മാസങ്ങള്‍ക്കകം ഇരുവരും വേര്‍പിരിഞ്ഞു. അഭിയുമായി പിരിഞ്ഞതിനുശേഷം അതിഥി കേരളത്തിലേക്ക് മടങ്ങി. അതിനുശേഷമാണ് അഭിയെ കാണാതായത്. മകന്റെ തിരോധാനത്തില്‍ അതിഥിക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നുവെന്ന് ആരോപിച്ച് അഭി ശരവണന്റെ മാതാപിതാക്കള്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. കൂടാതെ അഭിയെ അതിഥി തട്ടിക്കൊണ്ടുപോയി ചെന്നൈയിലെ വീട്ടില്‍ താമസിപ്പിച്ചിരിക്കുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
എന്നാല്‍ കാണാതായെന്ന് പരാതി നല്‍കിയതിന്റെ തൊട്ടടുത്ത ദിവസം അഭി വീട്ടില്‍ തിരികെയെത്തി. സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു താനെന്നാണ് അഭിയുടെ വിശദീകരണം. ഇതോടെ അഭി ശരവണന്‍ തന്നെ അപകീര്‍ത്തിപെടുത്താന്‍ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നുവെന്നും ശല്യം ചെയ്യുന്നുവെന്നും ചൂണ്ടിക്കാട്ടി അതിഥി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
അതേസമയം അഭി ശരവണന്‍ തനിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചതായി അതിഥി പറഞ്ഞു. അദ്ദേഹത്തെ ഞാന്‍ വിവാഹം കഴിച്ചു, വഞ്ചിച്ചു, തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ നടപടിയെടുക്കുമെന്ന് കമ്മീഷണര്‍ ഉറപ്പ് നല്‍കിയതയായും അതിഥി പറഞ്ഞു. പൊലീസില്‍ പരാതി നല്‍കിയതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അതിഥി.