ബാലേട്ടനിലെ മോഹന്‍ലാലിന്റെ അമ്മയായി അഭിനയിച്ച സുധ എന്ന നടിയെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കില്ല. കാരണം, അത്രത്തോളം ആഴത്തില്‍ ആ സിനിമയും കഥയും കഥാപാത്രങ്ങളും എല്ലാം മലയാളികളെ സ്വാധീനിച്ചതാണ്. ആ സിനിമാ കഥയിലെ പോലെ തന്നെ നിരവധി വേദനകളും സങ്കടങ്ങളും നിറഞ്ഞതായിരുന്നു നടി സുധയുടെ യഥാര്‍ത്ഥ ജീവിതവും. സമ്പന്നതയുടെ മടിത്തട്ടില്‍ ജനിച്ചിട്ടും ഇപ്പോള്‍ ഭര്‍ത്താവും മകനും ഒന്നും ഒപ്പമില്ലാതെ തനിച്ചാണ് സുധയുടെ ജീവിതം ഇപ്പോള്‍. തെലുങ്ക് സിനിമയിലാണ് സുധ തന്റെ സിനിമാ ജീവിതം പടുത്തുയര്‍ത്തിയത്. 500ഓളം സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞ സുധ ഇതിനോടകം തന്നെ എല്ലാ ഭാഷകളിലുമായി നിരവധി സൂപ്പര്‍ സ്റ്റാറുകളുടെ അമ്മയായും വേഷമിട്ടു കഴിഞ്ഞു.
തമിഴ്നാട്ടിലെ ശ്രീരംഗത്ത് വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച നടിയാണ് സുധ. ഹേമ സുധ എന്നാണ് യഥാര്‍ത്ഥ പേര്. തമിഴിലൂടെ സിനിമാ പ്രവേശനം നടത്തിയ നടി തെലുങ്ക് സിനിമകളിലാണ് സജീവമായത്. മലയാളത്തില്‍ അക്ഷരം, യുവതുര്‍ക്കി, തട്ടകം, തച്ചിലേടത്ത് ചുണ്ടന്‍, ബാലേട്ടന്‍ എന്നീ സിനിമകളില്‍ സുധ അഭിനയിച്ച നടിയുടെ ജീവിതം സിനിമകളില്‍ കാണുന്നതിനപ്പുറം സങ്കടങ്ങള്‍ നിറഞ്ഞതായിരുന്നു. സമ്പത്തില്‍ ജനിച്ച് ഒടുക്കം ഒന്നുമില്ലാത്ത അവസ്ഥ, പിന്നീട് സിനിമകളിലേക്കുള്ള കടന്ന് വരവ്, മകനുമായി അകന്നത് തുടങ്ങി നടിയുടെ ജീവിതത്തില്‍ സംഭവിച്ച ദുഖങ്ങള്‍ ഏറെ ആണ്.
സമ്പന്നമായ കുടുംബത്തില്‍ ജനിച്ച നടിയെ ഏറെ സ്നേഹത്തോടെ ആണ് വീട്ടുകാര്‍ വളര്‍ത്തിയത്. വലിയ വീട്ടിലായിരുന്നു ബാല്യകാലം. മൂന്ന് ഡ്രൈവര്‍മാരും വീട്ടില്‍ നിറയെ ജോലിക്കാരും ഉണ്ടായിരുന്നു. നാല് ജേഷ്ഠന്‍മാരുടെ ഇളയ സഹോദരി ആയിരുന്നു നടി. ഏക മകള്‍ ആയതിനാല്‍ എല്ലാ വാത്സല്യവും നടിയ്ക്ക് ലഭിച്ചു. നിറയെ ആഭരണങ്ങളും വസ്ത്രങ്ങളും എല്ലാം സ്വന്തമായി ഉണ്ടായിരുന്ന നടി ഒന്നിനും ഒരു കുറവുമില്ലാതെ തന്നെയാണ് ജീവിച്ചത്. എന്നാല്‍ പിന്നീട് വിധി ജീവിതം മാറ്റി മാറിച്ചു. പിതാവിന് കാന്‍സര്‍ രോഗം ബാധിച്ചതോടെയാണ് കുടുംബം തകര്‍ന്നു തുടങ്ങിയത്. ഇതോടെ സ്വത്തുക്കള്‍ ഓരോന്നായി വില്‍ക്കേണ്ടി വന്നു. അതുവരെ സ്വന്തമായി ഉണ്ടായിരുന്ന സമ്പത്തുകളെല്ലാം നഷ്ടപ്പെട്ടു. എല്ലാ സ്വത്തുക്കളും വിറ്റ് ദരിദ്രരായി. നടി ആറാം ക്ലാസില്‍ പഠിക്കവെ അമ്മയ്ക്ക് മക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ സ്വന്തം താലി മാല വരെ ഊരി വില്‍ക്കേണ്ടി വന്ന അവസ്ഥയായി. ധനികരില്‍ നിന്നും ഒന്നുമില്ലാത്തവരായി അക്കാലഘട്ടത്തില്‍ നടിയും കുടുംബവും മാറി.
അമ്മ ഒരു തിയറ്റര്‍ ആര്‍ട്ടിസ്റ്റ് ആയിരുന്നു. പ്രതിസന്ധി മറികടക്കാന്‍ അമ്മയാണ് സുധയെ സിനിമയിലേക്കെത്തിച്ചത്. സിനിമയിലൂടെ പണവും പ്രശസ്തിയും വന്നു. അതുവരെ ശ്രദ്ധിക്കാതിരുന്ന ബന്ധുക്കളടക്കം പിന്നെ എല്ലാവരും നടിയെയും കുടുംബത്തെയും തേടിയെത്തി. പ്രണയവിവാഹമായിരുന്നു നടിയുടേത്. എന്നാല്‍ ഒരു മകന്‍ ജനിച്ച് അധികം വൈകാതെ തന്നെ ഇരുവരും വേര്‍പിരിഞ്ഞു. എങ്കിലും നടി സിനിമയില്‍ സജീവമായിരുന്നു. സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങളെല്ലാം അവസാനിച്ചെന്നു കരുതിയിരിക്കവേ വീണ്ടും ജീവിതം മാറി മറിഞ്ഞു. കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കിയ കാശില്‍ നിന്നും മിച്ചം പിടിച്ച് ഡല്‍ഹിയില്‍ ഒരു ഹോട്ടല്‍ തുടങ്ങിയിരുന്നു. ഇത് നഷ്ടത്തിലായി. കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ടു. ഇതോടെ വീണ്ടും കടത്തിലായി. ഇപ്പോള്‍ അതില്‍ നിന്ന് കര കയറാനുള്ള ശ്രമത്തിലാണ്.
ഇതിനിടെ മകനും നടിയില്‍ നിന്നും അകന്നു പോയി. ഒരു വിദേശ പെണ്‍കുട്ടിയെ കല്യാണം കഴിച്ച മകന്‍ ഇപ്പോള്‍ നടിയില്‍ നിന്നും അകന്ന് ഭാര്യക്കൊപ്പം വിദേശത്താണ് താമസിക്കുന്നത്. നടിയോട് വഴക്കിട്ടാണ് മകന്‍ വിദേശത്തേക്ക് പോയത്. ഇപ്പോള്‍ മകനുമായി സംസാരിക്കാറു പോലുമില്ല. ഭര്‍ത്താവുമായി നേരത്തെ പിരിഞ്ഞതാണ്. അതിനിടെ മകന്‍ കൂടി അകന്നു പോയതിന്റെ വേദനയിലാണ് ഇപ്പോള്‍ നടിയുടെ ജീവിതം.
തെലുങ്കിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളുടെയും അമ്മയായി അഭിനയിച്ച നടി ആണ് സുധ. നായികാ വേഷം ചെയ്യാന്‍ താല്‍പര്യപെട്ടിരുന്ന സുധയെ സംവിധായകന്‍ ബാലചന്ദ്രറാണ് ക്യാരക്ടര്‍ റോളുകള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചത്. ഇത്തരം റോളുകളാണ് കൂടുതല്‍ അനുയോജ്യം എന്നും കരിയറില്‍ കൂടുതല്‍ കാലം നിലനില്‍ക്കാമെന്നും അദ്ദേഹം സുധയെ ഉപദേശിച്ചു. മലയാളത്തില്‍ ബാലേട്ടന്‍ എന്ന സിനിമയാണ് സുധയെ കൂടുതല്‍ സുപരിചിത ആക്കിയത്. നടന്‍ മോഹന്‍ലാലിന്റെ അമ്മ വേഷമാണ് സുധ ഈ സിനിമയില്‍ ചെയ്തത്.