മലയാളികൾ എന്നെന്നും ഓർത്തിരിക്കുന്ന നായികമാരിലൊരാളാണ് ഇന്ദ്രജ. വെള്ളാരം കണ്ണുകളുമായി വന്ന ആ നായികയെ മലയാളക്കര മറക്കാറായിട്ടില്ല. വ്യത്യസ്തമാർന്ന കഥാപാത്രങ്ങളുമായി ഒരുകാലത്ത് സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു അവർ. അന്യഭാഷാ താരമായിരുന്നിട്ട് കൂടി ശക്തമായ പിന്തുണയാണ് താരത്തിന് മലയാളികൾ നൽകിയത്. സിനിമകളുമായി മുന്നേറുന്നതിനിടയിലാണ് ഈ താരവും ഇടക്ക് വെച്ച് സിനിമയിൽ നിന്നും അപ്രത്യക്ഷയായത്.
സിനിമയിൽ സജീവമല്ലാതിരുന്നപ്പോഴും താരത്തെക്കുറിച്ച് ആരാധകർ തിരക്കിയിരുന്നു. സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചായിരുന്നു എല്ലാവർക്കും അറിയേണ്ടയിരുന്നത്. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായി ഇന്ദ്രജ തന്നെ തന്റെ തിരിച്ചുവരവിനെക്കുറിച്ച് പ്രഖ്യാപിക്കുകയായിരുന്നു. 14 വർഷത്തെ ഇടവേള അവസാനിപ്പിച്ചാണ് താരമെത്തുന്നത്. തിരിച്ചുവരവിനിടയിലെ വിശേഷങ്ങൾ പങ്കുവെച്ച് താരം അടുത്തിടെ എത്തിയിരുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങൾ പങ്കുവെച്ചത്.
തിരിച്ചുവരവ് പ്ലാൻ ചെയ്തതൊന്നുമല്ല, അതങ്ങ് സംഭവിക്കുകയായിരുന്നു. വിവാഹത്തിന് ശേഷം മകളുണ്ടായി. അവളുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു. ഇപ്പോൾ അവൾക്ക് 11 വയസ്സായി. അമ്മ വേഷത്തിലൂടെയാണ് തിരിച്ചെത്തുന്നത്. പെൺകുട്ടികളുടെ സുരക്ഷയെക്കുറിച്ചും സാമൂഹ്യ പ്രതിബദ്ധതയെക്കുറിച്ചുമൊക്കെ പറയുന്ന സിനിമയാണ്. മികച്ച കഥാപാത്രത്തെയാണ് തനിക്ക് ലഭിച്ചത്. തെലുങ്കിലും ഇടവേളയായിരുന്നു. എന്നാൽ 2 വർഷം മുൻപ് താൻ അത് അവസാനിപ്പിച്ചിരുന്നുവെന്ന് താരം പറയുന്നു. തമിഴിലും തിരിച്ചുവരവ് നടത്തുന്നുണ്ട്.
പ്രണയിച്ച് വിവാഹിതരായവരാണ് ഇന്ദ്രജയും അബസ്റും. തിരക്കഥാകൃത്തും നടനുമാണ് അബ്സർ. ഈ മേഖലയെക്കുറിച്ച് അദ്ദേഹത്തിന് കൃത്യമായി അറിയാമായിരുന്നു. ഇന്ദ്രജ എന്ന തുളു ബ്രാഹ്മണ പെൺകുട്ടി അബ്‌സർ എന്ന മുസ്ലിം ചെറുപ്പക്കാരനെ വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ വീട്ടിൽ നിന്നും ഉയർന്നത് എതിർപ്പിന്റെ ശബ്ദങ്ങൾ മാത്രമായിരുന്നു. ഈ എതിർപ്പുകളെ ശമിപ്പിക്കാൻ ഇരുവരും കാത്തിരുന്നത് നീണ്ട ആറ് വർഷങ്ങളായിരുന്നു. വീട്ടുകാർ ഈ ബന്ധത്തെക്കുറിച്ച് മനസ്സിലാക്കി അതിന് സമ്മതിക്കുമെന്നായിരുന്നു കരുതിയത്. എന്നാൽ അത് സാധ്യമാവാതെ വന്നപ്പോൾ വിവാഹം രജിസ്റ്റർ ചെയ്യാനായി തീരുമാനിക്കുകയായിരുന്നുവെന്ന് താരം പറയുന്നു.
വിവാഹത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ തനിക്ക് ഒരൊറ്റ നിബന്ധയേ ഉണ്ടായിരുന്നുള്ളൂ. മദ്യപിക്കരുത്. പുകവലിക്കരുത്, അങ്ങനെയുള്ള ആളായിരുന്നു അബ്സർ. ഇതൊക്കെ ഓക്കേ ആയപ്പോഴാണ് ഇത് ലോക്ക് ചെയ്യാനായി മനസ്സ് പറഞ്ഞത്. അത് പോലെ തന്നെ താൻ വെജ് ആണ്. വിവാഹം കഴിഞ്ഞപ്പോൾ ഒരു കരാർ വെച്ചിരുന്നു, നോൺ വെജ് വീട്ടിൽ പാചകം ചെയ്യില്ല. പുറമേ നിന്ന് കഴിക്കുന്നതിൽ പ്രശ്നമില്ലെന്നും പറഞ്ഞിരുന്നു. അതോടെ എല്ലാവരും ഹാപ്പിയായി. ഷൂട്ടിംഗിന് പോവുമ്പോൾ മോളുടെ കാര്യത്തെക്കുറിച്ചോർത്തായിരുന്നു ടെൻഷൻ. ആറാം ക്ലാസുകാരിയായ മകളും തിരിച്ചുവരവിന് ശക്തമായ പിന്തുണയാണ് നൽകിയത്.
14 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരുപാട് മാറ്റങ്ങൾ ഈ മേഖലയിലും സംഭവിച്ചിട്ടുണ്ട്. പുതുമുഖങ്ങളായ നിരവധി പേർ അരങ്ങേറി. അത്തരത്തിൽ നിരവധി മാറ്റങ്ങളുണ്ട്. സിനിമയിൽ നിന്നും മാറി നിന്ന സമയത്തും താൻ മലയാള ചിത്രങ്ങൾ കാണാറുണ്ടായിരുന്നുവെന്ന് താരം പറയുന്നു. സിനിമയ്ക്ക് മാത്രമേ ഇപ്പോൾ താൻ ഡേറ്റ് നൽകുന്നുള്ളൂവെന്നും സീരിയലിന്റെ സമയവും ഷെഡ്യൂളുമൊക്കെ ബുദ്ധിമുട്ടാണെന്നും താരം പറയുന്നു.