Latest News

വാടക വീടിന്റെ വരുമാനത്തില്‍ ജീവിച്ചവര്‍; അമ്മയുടെ മരണത്തോടെ മഹാലക്ഷ്മി തനിച്ചായി; നടി ചിത്രയുടെ ഏക മകള്‍ക്ക് സംഭവിച്ചത്

Malayalilife
 വാടക വീടിന്റെ വരുമാനത്തില്‍ ജീവിച്ചവര്‍; അമ്മയുടെ മരണത്തോടെ മഹാലക്ഷ്മി തനിച്ചായി; നടി ചിത്രയുടെ ഏക മകള്‍ക്ക് സംഭവിച്ചത്

മ്മൂട്ടിയ്ക്കും മോഹന്‍ലാലിനും സുരേഷ് ഗോപിയ്ക്കും ഒപ്പം തുടങ്ങി മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത നടിയാണ് ചിത്ര. കൊച്ചിയില്‍ ജനിച്ച ചിത്ര ജീവിച്ചതു മുഴുവന്‍ ചെന്നൈയില്‍ ആയിരുന്നു. 2021ലെ തിരുവോണ നാളില്‍ അപ്രതീക്ഷിതമായി മരണം സംഭവിച്ചതും ആ നഗരത്തില്‍ വച്ചു തന്നെയായിരുന്നു. ഹൃദയാഘാതത്തിന്റെ വേദനയില്‍ പുളയുമ്പോഴും നടി പറഞ്ഞത് തന്റെ ഏക മകളെ കുറിച്ചായിരുന്നു. അവളെ കുറിച്ച് ഏറെ സ്വപ്നങ്ങളോടെ ജീവിച്ച ചിത്ര മരണത്തിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോഴും ആ നെഞ്ചു നീറിയത് മകളെ കുറിച്ചോര്‍ത്തായിരുന്നു. അപ്പോള്‍ ഐസിയുവിന് മുന്നില്‍ അമ്മയുടെ ചികിത്സയ്ക്ക് പണം നല്‍കാന്‍ രണ്ടു സ്വര്‍ണ വളകള്‍ നെഞ്ചോടു ചേര്‍ത്ത് പിടിച്ച് പ്രാര്‍ത്ഥനയോടെ ഇരിക്കുകയായിരുന്നു മകള്‍ മഹാലക്ഷ്മി.

ചിത്ര മരിക്കുമ്പോള്‍ 18 വയസ് മാത്രമായിരുന്നു മഹാലക്ഷ്മിയുടെ പ്രായം. അമ്മയുടെ മരണം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വേദനയായിരുന്നു ആ പെണ്‍കുട്ടിയ്ക്ക് സമ്മാനിച്ചത്. ഇനിയെങ്ങനെ മുന്നോട്ടു ജീവിക്കും എന്നു കരുതി മുന്നില്‍ യാതൊരു വഴികളുമില്ലാതെ നിശ്ചലയായി നിന്ന മഹാലക്ഷ്മിയ്ക്ക് തണലായത് നടി ശരണ്യ പൊന്‍വര്‍ണ്ണനും ഭര്‍ത്താവ് പൊന്‍വര്‍ണ്ണനും മറ്റൊരു നടിയായ കുട്ടി പത്മിനിയുമാണ്. ചിത്ര മരിക്കുമ്പോള്‍ പ്ലസ് ടു മാത്രം കഴിഞ്ഞു നില്‍ക്കുകയായിരുന്ന മഹാലക്ഷ്മി ഇന്ന് പുതിയ ജീവിതം നെയ്തെടുക്കുകയാണ്. പ്രിയപ്പെട്ടവര്‍ക്കെല്ലാം അഭിമാനമായി മാറുകയുമാണ് ആ പെണ്‍കുട്ടി.

മാധവന്‍ - ദേവി ദമ്പതികളുടെ മൂന്നു പെണ്‍മക്കളില്‍ നടുക്കത്തവളായി ജനിച്ച കൊച്ചിയില്‍ ജനിച്ച ചിത്രയുടെ പഠനമെല്ലാം ചെന്നൈയില്‍ ആയിരുന്നു. പത്താം വയസില്‍ പ്രേം നസീറിനൊപ്പം സിനിമയില്‍ അരങ്ങേറ്റം കുറിച്ച ചിത്രയ്ക്ക് പത്താം ക്ലാസില്‍ പഠനം നിര്‍ത്തേണ്ടി വന്നു. കാരണം, അപ്പോഴേക്കും സിനിമയില്‍ സജീവമായിരുന്നു. തുടര്‍ന്ന് തമിഴിലും മലയാളത്തിലുമൊക്കെയായി തിളങ്ങി നില്‍ക്കവേയാണ് 1990ല്‍ തന്റെ 25-ാം വയസില്‍ നടി വിവാഹിതയാകുന്നത്. വിജയ രാഘവന്‍ എന്നാണ് ഭര്‍ത്താവിന്റെ പേര്. വിവാഹത്തിനു ശേഷവും ചിത്ര സിനിമയില്‍ സജീവമായിരുന്നു. രണ്ടു വര്‍ഷം കഴിഞ്ഞപ്പോഴേക്കും മകള്‍ ജനിച്ചു.

എന്നാല്‍ അതൊന്നും ചിത്രയുടെ കരിയറിനെ ബാധിച്ചിരുന്നില്ല. അഭിനയ ജീവിതത്തിന് യാതൊരു തടസ്സവും ഉണ്ടാകാതെ തുടര്‍ച്ചയായി അഭിനയിച്ചു കൊണ്ടിരുന്ന ചിത്ര കുടുംബവും സിനിമയും ഒരുപോലെ മുന്നോട്ടു കൊണ്ടുപോയി. എന്നാല്‍ 2000 ഒക്കെ ആയപ്പോഴേക്കും ചില ആരോഗ്യ പ്രശ്നങ്ങള്‍ കാരണം നടി സിനിമയില്‍ നിന്നും മാറി നിന്നിരുന്നു. 2001ല്‍ സൂത്രധാരന്‍ ആയിരുന്നു അവസാന ചിത്രം. വീണ്ടും ഒരു തിരിച്ചു വരവിന് ഒരുങ്ങവേയാണ് തീര്‍ത്തും അപ്രതീക്ഷിതമായാണ് ചിത്രയുടെ മരണ വാര്‍ത്ത പുറത്ത് വന്നത്. 2021 ആഗസ്റ്റ് മാസത്തിലെ തിരുവോണ ദിനത്തില്‍ അപ്രതീക്ഷിതമായുണ്ടായ ഹൃദയാഘാതം നടിയുടെ ജീവനെടുത്തു. ചെന്നൈയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.

അതിനു ശേഷം ചിത്രയുടെ മകള്‍ക്ക് താങ്ങായി നിന്നത് നടി ശരണ്യയും ഭര്‍ത്താവും നടി കുട്ടി പത്മിനിയും മാത്രമാണ്. അവര്‍ നല്‍കിയ കരുത്തില്‍ മിടുക്കിയായി പഠിച്ച മഹാലക്ഷ്മി ഇപ്പോള്‍ ചെന്നൈയില്‍ എംബിബിഎസിന് പഠിക്കുകയാണ്. ചെന്നൈയിലെ വീടിന്റെ താഴത്തെ നില വാടകയ്ക്ക് നല്‍കിയിരുന്നു. തുടര്‍ന്നാണ് മഹാലക്ഷ്മിയുടെ അക്കൗണ്ടിലേക്ക് വാടകപണം നല്‍കുന്ന രീതിയില്‍ പുതിയ എഗ്രിമെന്റ് ഉണ്ടാക്കുകയും കോളേജില്‍ സംസാരിച്ച് മെഡിക്കല്‍ സീറ്റ് തരപ്പെടുത്തുകയും ചെയ്തത്. ഇന്ന് മഹാലക്ഷ്മി നല്ല രീതിയില്‍ പഠനം മുന്നോട്ടു കൊണ്ടുപോവുകയാണ്. എല്ലാ മാസവും ഫോണില്‍ സംസാരിക്കും. ഒരിക്കലും അമ്മയ്ക്ക് പകരമാവില്ലെങ്കിലും എന്താവശ്യമുണ്ടെങ്കിലും ശരണ്യയും കുട്ടി പത്മിനിയും ഇന്ന് മഹാലക്ഷ്മിയ്ക്കൊപ്പമുണ്ട്.


 

Read more topics: # ചിത്ര
actress chithras daughter

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES