ദുരഭിമാനക്കൊല അക്രമമല്ലെന്ന് പറഞ്ഞ നടന്‍ രഞ്ജിത്ത്, തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്ന ന്യായീകരണവുമായി രംഗത്ത്. ദുരഭിമാനക്കൊലകളെ ന്യായീകരിച്ചിട്ടില്ലെന്ന് നടന്‍ പറഞ്ഞു. ദുരഭിമാനക്കൊലയെ ഒരാള്‍ക്ക് എങ്ങനെ ന്യായീകരിക്കാന്‍ സാധിക്കുമെന്നും തന്റെ പേരില്‍ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജമാണിക്യം, ചന്ദ്രോത്സവം, നാട്ടുരാജാവ് തുടങ്ങിയ സിനിമകളിലെ വില്ലന്‍ വേഷങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ നടനാണ് രഞ്ജിത്ത്. തന്റെ ഏറ്റവും പുതിയ ചിത്രം കവുണ്ടംപാളയത്തിന്റെ റിലീസിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു നടന്റെ വിവാദ പ്രസ്താവന.
'മക്കള്‍ പോകുന്നതിന്റെ വേദന മാതാപിതാക്കള്‍ക്ക് മാത്രമേ അറിയൂ. ഒരു ബൈക്ക് മോഷണം പോയാല്‍, എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ അന്വേഷിക്കില്ലേ. കുട്ടികള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വയ്ക്കുന്ന മാതാപിതാക്കള്‍ ദേഷ്യം പ്രകടിപ്പിക്കും. അത് അക്രമമല്ല. അവരോടുള്ള കരുതല്‍ മാത്രമാണ്', രഞ്ജിത്ത് പറഞ്ഞു.
പരാമര്‍ശത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. ദുരഭിമാനക്കൊല യ്ക്കെതിരെ പോരാടുന്ന വ്യക്തികളും സംഘടനകളും നടന്റെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരുന്നു.