പ്രശസ്ത തെന്നിന്ത്യന്‍ നടി പുഷ്പലത അന്തരിച്ചു. 87 വയസായിരുന്നു. ചെന്നൈ ടി നഗറിലെ വീട്ടില്‍ വച്ച് ഇന്നലെയാണ് മരണം സംഭവിച്ചത്. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ ബാധിച്ച് ഏറെ നാളായി ചികിത്സയില്‍ കഴിയുകയായിരുന്നു നടി പുഷ്പലത. നൂറിലേറെ സിനിമകളില്‍ നായികയായി തിളങ്ങുകയും തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളിലെല്ലാം നിറഞ്ഞു നില്‍ക്കുകയും ചെയ്ത നടിയായിരുന്നു അവര്‍. ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമാലോകം മുഴുവന്‍ പുകഴ്ത്തുകയും വാഴ്ത്തിപ്പാടുകയും ചെയ്ത നടിയുടെ വേര്‍പാട് താരലോകത്തിന് വലിയ ഞെട്ടലാണ് നല്‍കിയിരിക്കുന്നത്.
പ്രഭാവതി എന്നാണ് നടിയുടെ യഥാര്‍ത്ഥ പേര്. കോയമ്പത്തൂര്‍ മേട്ടുപാളയം സ്വദേശിനിയായ നടിയുടെ പിതാവ് വെള്ളി ആഭരണ വില്‍പ്പനക്കാരനായിരുന്നു. 17-ാം വയസിലാണ് നടി സിനിമയിലേക്ക് എത്തിയത്. തുടര്‍ന്ന് 1955 മുതല്‍ 1987 വരെയുള്ള 32 വര്‍ഷക്കാലത്തോളം സിനിമ രംഗത്ത് സജീവമായിരുന്നു പുഷ്പലത. ശാരദ, പാര്‍ മകളേ പാര്‍, കര്‍പ്പൂരം, നാനും ഒരു പെണ്‍ തുടങ്ങിയവാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. 1969ല്‍ തിക്കുറിശ്ശി സംവിധാനം ചെയ്ത നഴ്സ് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. നടിയായും സഹനാടിയായും നിറഞ്ഞു നിന്ന പുഷ്പലത നടനും നിര്‍മാതാവുമായ എവിഎം രാജന്റെ ഭാര്യയാണ്.
1963-ല്‍ എ.വി.എം. രാജന്‍ അഭിനയിച്ച നാനും ഒരു പെണ്‍ എന്ന സിനിമയില്‍ പുഷ്പലതയും ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു. ഈ സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് ഹിന്ദുവായ രാജനും ചെട്ടിനാട് കാത്തലിക് കുടുംബത്തില്‍ നിന്നുള്ള പുഷ്പലതയും പ്രണയത്തിലാകുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും. രാജന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. അന്നത്തെ ലക്സ് സോപ്പിന്റെ പരസ്യത്തില്‍ മോഡലായി വരെ പുഷ്പലത അഭിനയിച്ചിരുന്നു. വിവാഹശേഷം തമിഴ് സിനിമയിലെ സ്റ്റാര്‍ കപ്പിള്‍സായിരുന്നു പുഷ്പലതയും രാജനും. ഇരുവരും രണ്ടു മതവിഭാഗങ്ങളില്‍ പെട്ടവരായിരുന്നെങ്കിലും വിവാഹശേഷം ക്രിസ്ത്യാനിറ്റിയിലേക്ക് കുടുംബം മുഴുവനായും മാറിയിരുന്നു. ഇപ്പോള്‍ മുഴുവന്‍ സമയ പ്രാര്‍ത്ഥനയും ആരാധനയും ഇവര്‍ നടത്തിവരികയായിരുന്നു.
ശേഷം രണ്ടു സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്തിരുന്നു നടി. എന്നാല്‍ ആ ചിത്രങ്ങള്‍ സമ്പൂര്‍ണ പരാജയമായതോടെ നടിയുടെ സാമ്പത്തിക നിലയും തകര്‍ച്ചയിലേക്ക് എത്തിയിരുന്നു. ഇരുവര്‍ക്കും രണ്ടു പെണ്‍മക്കളായിരുന്നു ജനിച്ചത്. അതില്‍ മഹാലക്ഷ്മി എന്ന മകള്‍ ഏതാനും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1999-ല്‍ ശ്രീഭാരതി സംവിധാനം ചെയ്ത പൂ വാസം എന്ന മുരളിയും നളിനിയും അഭിനയിച്ച സിനിമയിലാണ് പുഷ്പലത അവസാനമായി അഭിനയിച്ചത്. അതിന് ശേഷം, അവര്‍ സിനിമ ലോകത്ത് നിന്ന് പൂര്‍ണ്ണമായും അകന്നുനില്‍ക്കുകയായിരുന്നു. ആത്മീയതയിലും സാമൂഹിക സേവനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് അവസാന കാലത്ത് പ്രവര്‍ത്തിച്ചത്.
അടുത്തിടെ പുഷ്പലതയെ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്നു. പുഷ്പലതയുടെ മരണത്തില്‍ സിനിമാസ്നേഹികളും ചലച്ചിത്ര അണിയറ പ്രവര്‍ത്തകരും അനുശോചനം രേഖപ്പെടുത്തുന്നുണ്ട്.