ചിരഞ്ജീവിയുടെ പുതിയ ചിത്രമായ വാള്‍ട്ടര്‍ വീരയ്യയിലെ ശ്രീ ദേവി ചിരഞ്ജീവിഎന്ന ഗാനം യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഇടം പിടിച്ചിരിക്കുകയാണ്.ഇതുവരെ 11 ദശലക്ഷം വ്യൂസ് ആണ് ഗാനം നേടിയിരിക്കുന്നത്. മഞ്ഞില്‍ നൃത്തം ചെയ്യുന്ന ശ്രുതിഹാസനേയും ചിരഞ്ജീവിയേയുമാണ് ഈ ഗാനരംഗത്തില്‍ കാണാനാവുക. മനോഹരമായൊരു ഗാനമാണെങ്കിലും, ഗാനരംഗത്തിന്റെ ചിത്രീകരണം തനിക്ക് അത്ര സുഖകരമായ അനുഭവമായിരുന്നില്ല എന്നു പറയുകയാണ് ശ്രുതിഹാസന്.
സാരിയണിഞ്ഞ് മഞ്ഞില്‍ ഡാന്‍സ് ചെയ്ത അനുഭവത്തെ കുറിച്ച് ശ്രുതി പറയുന്നതിങ്ങനെ. ''സാരിയുടുത്ത് മഞ്ഞില്‍ മറ്റൊരു ഗാനവും ഷൂട്ട് ചെയ്യേണ്ടി വരില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, കാരണം ശാരീരികമായി വളരെ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ് അത്. പക്ഷേ ആളുകള്‍ ഇപ്പോഴും അതു കാണാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ഞങ്ങളത് ചെയ്യേണ്ടിയും വരുന്നു. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഇത് ശരിക്കും അസുഖകരമായൊരു അനുഭവമാണ്.''
ദേവി ശ്രീ പ്രസാദ് രചന നിര്‍വ്വഹിച്ച ഈ ഗാനത്തിന്റെ ചിത്രീകരണം നടന്നത് യൂറോപ്പിലാണ്. ജനുവരി 13ന് ആണ് പൊങ്കല്‍ റിലീസ് ആയി സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നത്. കെ.എസ് രവിന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന് ദേവി ശ്രീ പ്രസാദ് ആണ് സംഗീതം ഒരുക്കുന്നത്. നവീന്‍, രവി ശങ്കര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.