നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര തന്റെ ജീവിത കഥ സിനിമയാക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ കുറച്ച് നാളുകളായി സജീവമായിരുന്നു. 2021ല്‍ അശ്ലീല വീഡിയോയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ രാജ് കുന്ദ്ര ജയിലിലായിരുന്നു. 63 ദിവസത്തിനു ശേഷമാണ് രാജ് കുന്ദ്ര പുറത്തിറങ്ങിയത്. പിന്നീട് പൊതു വേദികളില്‍ മാസ്‌ക് ധരിച്ച് മാത്രമാണ് രാജ് കുന്ദ്ര പ്രത്യക്ഷപ്പെട്ടിരുന്നു. ഇതോടെ മാസ്‌ക് മാന്‍ എന്ന പേരും കുന്ദ്രയെ തേടിയെത്തിരുന്നു.
ഇപ്പോഴിതാ തന്റെ ജയില്‍ വാസത്തെ സിനിമയാക്കുകയാണ് രാജ് കുന്ദ്ര. യുടി 69 പേരിട്ടിരിക്കുന്ന സിനിമയുടെ ട്രെയിലര്‍ ഇപ്പോല്‍ പുറത്ത് വിട്ടിരിക്കുകയാണ്. ഇതിലൂടെ രാജ് കുന്ദ്ര അഭിനയത്തിലും അരങ്ങേറും. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി മാസ്‌കിട്ട് മാത്രം കണ്ടിരുന്ന രാജ് കുന്ദ്ര തന്റെ സിനിമയുടെ ട്രെയിലര്‍ റിലീസില്‍ വച്ചാണ് ആദ്യമായി മുഖംമൂടി അഴിച്ചത്.
ട്രെയിലര്‍ ലോഞ്ചില്‍ വച്ച് വികാരഭരിതനായി മാറുകയായിരുന്നു രാജ് കുന്ദ്ര. താന്‍ എന്തുകൊണ്ടാണ് ഇത്രയും നാള്‍ മുഖം മൂടി ധരിച്ചിരുന്നതെന്ന് രാജ് കുന്ദ്ര വ്യക്തമാക്കുന്നുണ്ട്. അതേസമയം തന്റെ ഭാര്യയേയും മക്കളേയും കുറിച്ച് സംസാരിക്കവെ വികാരഭരിതനായി മാറുന്ന രാജ് കുന്ദ്രയേയും വീഡിയോകളില്‍ കാണാം. ''എന്നെ എന്തുവേണമെങ്കിലും പറഞ്ഞോളൂ, പക്ഷെ എന്റെ ഭാര്യയേയും മക്കളേയും വെറുതെ വിടൂ'' എന്നായിരുന്നു രാജ് കുന്ദ്ര പറഞ്ഞത്.
തന്റെ തന്നെ ജയിലിലെ അനുഭവങ്ങളാണ് സിനിമയില്‍ ഉള്ളതെന്നാണ് രാജ് കുന്ദ്ര പറയുന്നത്. അതേസമയം താന്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ ശില്‍പ എതിര്‍ത്തുവെന്നാണ് രാജ് പറയുന്നത്. എന്നാല്‍ പിന്നീട് സിനിമയുടെ സംവിധായകനായ ഷാനവാസ് അലി കഥ പറഞ്ഞതോടെ ശില്‍പ സമ്മതിച്ചുവെന്നും നേരത്തെ രാജ് കുന്ദ്ര പറഞ്ഞിരുന്നു.
'അവളില്ലായിരുന്നുവെങ്കില്‍ ഞാന്‍ സര്‍വൈവ് ചെയ്യിലായിരുന്നു. അകത്തു വച്ചു തന്നെ എല്ലാം അവസാനിപ്പിക്കാന്‍ തീരുമാനിചിരുന്നതാണ്. അവളാണ് എനിക്ക് വിശ്വാസവും പ്രതീക്ഷയും നല്‍കിയത്. പുറത്ത് വരൂ, നമ്മളിത് ഒരുമിച്ച് പരിഹരിക്കുമെന്ന് പറഞ്ഞു. ആ 63 ദിവസമാണ് എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയം. ആര്‍ക്കും അതുപോലൊന്ന് ഉണ്ടാകരുതേയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാത്തിനും ഞാന്‍ ശില്‍പയോട് നന്ദി പറയുന്നു. അവളാണ് എന്റെ ലോകം. നമ്മളെ കൊല്ലാത്തതൊക്കെ കരുത്തരാക്കും എന്നല്ലേ'എന്നാണ് ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ രാജ് കുന്ദ്ര പറഞ്ഞത്.
സമീപകാലത്ത് ബോളിവുഡിലെ പിടിച്ചുലച്ച സംഭവമായിരുന്നു അശ്ലീല ചിത്ര നിര്‍മ്മാണം. ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്രയ്‌ക്കെതിരെ നിരവധി നടിമാരും രംഗത്തെത്തിയിരുന്നു. അതേസമയം ഇതാദ്യമായിട്ടല്ല രാജ് വിവാദത്തില്‍ പെടുന്നത്. മുമ്പും വിവാദങ്ങള്‍ രാജ് കുന്ദ്രയുടെ ജീവിതത്തിന്റെ ഭാഗമായിട്ടുണ്ട്. അതേസമയം ഒരിടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് ശില്‍പ ഷെട്ടി. ഇന്ത്യന്‍ പോലീസ് ഫോഴ്‌സിലൂടെ ഒടിടിയിലേക്കും എത്തുകായണ് ശില്‍പ.