രണ്‍ബീര്‍ കപൂര്‍ നായകനായ അനിമല്‍ സമിശ്രമായ പ്രതികരണം നേടി ബോക്‌സോഫീസില്‍ കുതിക്കുകയാണ്. എന്നാല്‍ വിവാദങ്ങളും ചിത്രത്തെക്കുറിച്ച് ഉയരുന്നുണ്ട്. ചിത്രത്തിലെ വയലന്‍സും, സ്ത്രീകളോടുള്ള പെരുമാറ്റവുമാണ് ഏറെ ചര്‍ച്ചയാകുന്നത്. അതിനിടയിലാണ് നടി തൃഷയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ചര്‍ച്ചയാകുന്നത്. അനിമല്‍ സിനിമ കണ്ട ശേഷം അതിനെ പുകഴ്ത്തി പോസ്റ്റിട്ട തൃഷ ഇപ്പോള്‍ അത് പിന്‍വലിച്ചിരിക്കുകയാണ്. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് താരം പോസ്റ്റ് പിന്‍വലിച്ചിരിക്കുന്നത്.
ഒരു കൂട്ടര്‍ സിനിമയെക്കുറിച്ച് മികച്ച അഭിപ്രായങ്ങള്‍ നല്‍കുമ്പോള്‍ മറ്റു ചിലര്‍ ചിത്രത്തെക്കുറിച്ച് വിവാദങ്ങളും കുറിക്കുന്നുണ്ട്. സിനിമയിലെ വയലന്‍സും അടിപിടികളും, സ്ത്രീകളോടുള്ള പെരുമാറ്റവും അവരെ ഉപദ്രവിക്കുന്നതുമാണ് കൂടുതല്‍ ചര്‍ച്ചയാകുന്നത്. പല സെലിബ്രിറ്റികളും പക്ഷേ സിനിമയെ പ്രകീര്‍ത്തിച്ചു സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നുണ്ട്.
അനിമല്‍ സിനിമ കണ്ട ശേഷം അതിനെ പുകഴ്ത്തിയാണ് തൃഷ പോസ്റ്റിട്ടത്. ചിത്രത്തെ കള്‍ട്ട് എന്ന് വിശേഷിപ്പിച്ചാണ് താരം സ്റ്റോറി ഇട്ടത്. ഇപ്പോഴിതാ താരമത് പിന്‍വലിച്ചിരിക്കുകയാണ്.മന്‍സൂര്‍ അലി ഖാന്‍ കേസില്‍ അടക്കം സ്ത്രീകളുടെ അഭിമാനം സംബന്ധിച്ച് പറഞ്ഞിരുന്ന തൃഷ അത്തരം കാര്യങ്ങള്‍ ഏറെയുള്ള സിനിമ പ്രോത്സാഹിപ്പിക്കുന്നത് ശരിയാണോ?, സ്ത്രീകളുടെ അന്തസിനേക്കുറിച്ച് ഒരാഴ്ച മുമ്പുവരെ ക്ലാസെടുത്തിരുന്ന ഒരാളാണോ ഈ അഭിപ്രായം പറഞ്ഞത്' എന്നിങ്ങനെയായി ചര്‍ച്ചകള്‍. പല മീമുകളും ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. ചര്‍ച്ചകളും ട്രോളുകളും കൂടുകയും വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തതോടെ തൃഷ പോസ്റ്റ് പിന്‍വലിച്ചു.
സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത അനിമല്‍ ഡിസംബര്‍ 1 നാണ് റിലീസായത്. ഷാരൂഖ് ഖാന്‍ ചിത്രങ്ങള്‍ക്കും സണ്ണി ഡിയോളിന്റെ ഗദര്‍ 2 വിനും ശേഷം കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കും എന്ന തരത്തില്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ് അനിമല്‍. രണ്‍ബീറിന്റെ കരുത്തുറ്റ നായകവേഷം, രണ്‍ബീറിന്റെ നായികയായി തെന്നിന്ത്യന്‍ പ്രിയതാരം രശ്മിക മന്ദാന, സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്യുന്ന ചിത്രം എന്നിങ്ങനെയുള്ള കാരണങ്ങള്‍ കൊണ്ട് റിലീസിന് മുന്നേ ബോളിവുഡ് ആരാധകരും സിനിമാക്കാരും വലിയ തോതില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്ന പ്രോജക്റ്റ് ആണിത്. വിവാദങ്ങളും ചര്‍ച്ചകളും ഉയരുന്നുണ്ടെങ്കിലും ചിത്രത്തിന്റെ കളക്ഷനെയോ വിജയത്തെയോ അത് ബാധിക്കുന്നതേയില്ല.