ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രമാണ് മിന്നല്‍ മുരളി. നടന്‍ കൂടിയായ ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലോക്ഡൗണിനെതുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. കാലടി മണപ്പുറത്ത് ഷൂട്ടിങ്ങിനായി ഒരു സെറ്റും നിര്‍മ്മിച്ചിരുന്നു. 45 ലക്ഷം ചിലവിട്ട് നിര്‍മ്മിച്ച ഈ ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് ഇപ്പോള്‍ രാഷ്ട്രീയ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തതാണ് സിനിമാ മേഖലയെ ആകെ ഞെട്ടിച്ചിരിക്കുന്നത്.
പള്ളിയുടെ സെറ്റ് പൊളിച്ച വിവരം രാഷ്ട്രീയ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റാണ് മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് തകര്‍ത്തത്. സെറ്റ് ക്ഷേത്രത്തിനു മുന്നില്‍ ആണെന്നാണ് ഇവരുടെ ആരോപണം. സെറ്റ് വലിയ ചുറ്റികകള്‍ കൊണ്ട് അടിച്ചുതകര്‍ക്കുന്ന ചിത്രങ്ങള്‍ സഹിതം ആക്രമണം നടത്തിയ വിവരം ഇവര്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു. പൊളിക്കാന്‍ സഹായിച്ച എല്ലാവരെയും അഭിനന്ദിക്കുന്നെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു. ഇത് അക്ഷരാര്‍ഥത്തില്‍ സിനിമാമേഖലയെ നടുക്കിയിരിക്കയാണ് ഇപ്പോള്‍
ഒരുപാട് പേരുടെ സ്വപ്നങ്ങളും രാപ്പകലോളം പണിയെടുത്ത് ഉണ്ടാക്കി അധ്വാനവുമാണ് ഒരുനിമിഷം കൊണ്ട് കുറേ ആളുകള്‍ തകര്‍ത്തുകളഞ്ഞതെന്ന് മിന്നല്‍ മുരളിയുടെ സംവിധായകന്‍ ബേസില്‍ ജോസഫ് പ്രതികരിച്ചു. മാര്‍ച്ചിലാണ് കൂറ്റന്‍ സെറ്റുണ്ടാക്കിയത്. കൊറോണ കാരണം ഷൂട്ടിങ് നിര്‍ച്ചിവച്ചിരിക്കയായിരുന്നു.
'എന്താ പറയേണ്ടത് എന്നറിയില്ല. ചിലര്‍ക്കിത് തമാശയാവാം, ട്രോള് ആവാം, പബ്ലിസിറ്റി ആവാം,രാഷ്ട്രീയം ആവാം, പക്ഷേ ഞങ്ങള്‍ക്ക് ഇതൊരു സ്വപ്നം ആയിരുന്നു. കഴിഞ്ഞ ദിവസം വരെ ഈ ഫോട്ടോ കാണുമ്പോള്‍ ഒരു ഇത് നമ്മളുടെ സിനിമയുടെ സെറ്റ് ആണല്ലോ എന്നോര്‍ത്തു അഭിമാനമായിരുന്നു., ഷൂട്ടിങ്ങിനു തൊട്ടു മുന്‍പ് ലോക്ഡൗണ്‍ സംഭവിച്ചതിനാല്‍ ഇനി എന്ന് എന്നോര്‍ത്തു കുറച്ചു വിഷമവും ഒക്കെ തോന്നുമായിരുന്നു.
ചെയ്യുന്നത് ഒരു ചെറിയ സിനിമ അല്ല എന്ന് ധാരണയുള്ളത് കൊണ്ട്, രണ്ടു വര്‍ഷമായി ഈ സിനിമയ്ക്ക് വേണ്ടി പണിയെടുക്കാന്‍ തുടങ്ങിയിട്ട്. ഒരുപാട് വിയര്‍പ്പൊഴുക്കിയിട്ടുണ്ട് ഇതിനു വേണ്ടി. ആര്‍ട് ഡയറക്ടറും സംഘവും പൊരി വെയിലത്തു നിന്ന് ദിവസങ്ങളോളം പണിയെടുത്തതാണ്. പ്രൊഡ്യൂസര്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശാണ്. എല്ലാ പെര്‍മിഷനുകളും ഉണ്ടായിരുന്നതാണ്. ഒരു മഹാമാരിയോടുള്ള വലിയൊരു പോരാട്ടം നടക്കുന്ന സമയത്തു എല്ലാവരും നിസ്സഹായരായി നില്‍ക്കുന്ന സമയത്തു ഒരുമിച്ചു നില്‍ക്കേണ്ട സമയത്തു ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിട്ടില്ല, പ്രത്യേകിച്ച് നമ്മുടെ കേരളത്തില്‍. നല്ല വിഷമമുണ്ട്. ആശങ്കയും.' എന്നാണ് ബേസില്‍ കണ്ണീരോടെ പ്രതികരിച്ചത്.
ക്ഷേത്രം അധികൃതരില്‍ നിന്നും എല്ലാ വകുപ്പുകളില്‍ നിന്നും അനുമതി വാങ്ങിയാണ് കാലടി മണപ്പുറത്ത് സെറ്റ് ഇട്ടതെന്ന് നിര്‍മാതാവ് അറിയിച്ചു. 45 ലക്ഷം രൂപയോളം മുടക്കിയാണ് ഇവര്‍ സെറ്റ് നിര്‍മിച്ചത്. വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്ററിന്റെ ബാനറില്‍ സോഫിയ പോളാണ് മിന്നല്‍ മുരളിയുടെ നിര്‍മാണം. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയില്‍ സൂപ്പര്‍ ഹീറോ കഥാപാത്രമായാണ് ടൊവീനോ എത്തുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ നേരത്തെ വയനാട്ടില്‍ പൂര്‍ത്തിയായിരുന്നു. ആലുവ മണപ്പുറത്ത് രണ്ടാംഘട്ട ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.